പ്രവാസികള്‍ക്ക് പ്രിയപ്പെട്ട ഗള്‍ഫ് രാജ്യം ബഹ്‌റൈന്‍ എന്ന് വീണ്ടും സര്‍വ്വേ റിപ്പോര്‍ട്ട്
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് ബഹ്‌റൈന്‍ ആണെന്ന് വീണ്ടും എച്ച്.എസ്.ബി.സിയുടെ സര്‍വ്വേ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബഹ്‌റൈന് ഈ അംഗീകാരം ലഭിക്കുന്നതെന്ന് എച്ച്.എസ്.ബി.സി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ വടക്കന്‍ ആഫ്രിക്കയിലും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യം ബഹ്‌റൈന്‍ ആണെന്ന് എച്ച്.എസ്.ബി.സി എക്‌സ്പാറ്റ് ഹെഡ് ഡീന്‍ ബ്ലാക്ക്‌ബേണ്‍ വിശദീകരിച്ചു. ജീവിതാഭിലാഷങ്ങളുടെ സാക്ഷാത്കാരത്തിനും സാമ്പത്തിക നേട്ടമുണ്ടാക്കാനും പ്രവാസം അവസരമൊരുക്കിയെന്നാണ് പ്രവാസികള്‍ പൊതുവെ അഭിപ്രായപ്പെടുന്നതെന്നും അദ്ധേഹം വ്യക്തമാക്കി.
പ്രവാസികള്‍ക്ക് എളുപ്പം സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ ബഹ്‌റൈന് ഒന്നാം സ്ഥാനവും വസ്തു വാങ്ങാന്‍ സാധിക്കുന്നതില്‍ രണ്ടാം സ്ഥാനവും ജീവിത നിലവാരത്തില്‍ നാലാം സ്ഥാനവും സഹിഷ്ണുതയില്‍ ഏഴാം സ്ഥാനവുമാണ് സര്‍വെയില്‍ ലഭിച്ചിരിക്കുന്നതെന്നും സര്‍വേ ഫലത്തിലുണ്ട്.
മിഡില്‍ ഈസ്റ്റില്‍ ജോലിയും ജീവിതവും തമ്മിലുള്ള സംതുലനാവസ്ഥ പാലിക്കാന്‍ സാധിക്കുന്നുണ്ടെന്ന് 53 ശതമാനം പേര്‍ കരുതുന്നു. പോയ വര്‍ഷം ഈ അഭിപ്രായം രേഖപ്പെടുത്തിയത് 43 ശതമാനം പേരാണ്.
സര്‍വ്വേയില്‍ പങ്കെടുത്ത 42ശതമാനം രക്ഷിതാക്കളും പറയുന്നത്, തങ്ങളുടെ കുട്ടികള്‍ക്ക് സ്വന്തം നാടിനേക്കാള്‍ എളുപ്പത്തില്‍ ഇവിടെ സൗഹൃദമുണ്ടാക്കാന്‍ സാധിക്കുന്നുവെന്നാണ്. കുട്ടികളുടെ ജീവിത നിലവാരം നാടിനോളം മികച്ചതാണെന്ന് 78ശതമാനം രക്ഷിതാക്കളും കരുതുന്നു. നാടിനേക്കാള്‍ മെച്ചപ്പെട്ടതാണ് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ടെന്ന് എച്ച്.എസ്.ബി.സി അധികൃതര്‍ അറിയിച്ചു.
ബഹ്‌റൈനില്‍ നിന്ന് പണം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ടെന്ന് കരുതുന്നത് 59 ശതമാനം പേരാണ്. നാടിനേക്കാള്‍ പണം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ടെന്ന് 65 ശതമാനം പേരും കരുതുന്നു. മിഡില്‍ ഈസ്റ്റിലെ തൊഴില്‍ സാഹചര്യങ്ങള്‍ ഓരോ വര്‍ഷം കഴിയുമ്പോഴും മെച്ചപ്പെട്ടുവരികയാണെന്ന് അഭിപ്രായമുള്ളവരുണ്ട്. നാടിനേക്കാള്‍ തൊഴില്‍ സുരക്ഷിതത്വം ഇവിടെ ലഭിക്കുന്നുവെന്ന് പറഞ്ഞത് 36 ശതമാനം പേരാണ്. കഴിഞ്ഞ വര്‍ഷം 30 ശതമാനം പേരാണ് ഈ അഭിപ്രായം ഉന്നയിച്ചതെന്നും ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നുണ്ട്.
പുതിയ സംസ്‌കാരങ്ങളുമായുള്ള ഇടപഴകല്‍, പുതിയ ഭാഷകള്‍ പഠിക്കാനുള്ള അവസരം, വ്യക്തിത്വ വികാസം, ആത്മവിശ്വാസം എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ പുറം രാജ്യങ്ങളില്‍ വളരുന്നത് നല്ലതാണെന്ന അഭിപ്രായം നിരവധി രക്ഷിതാക്കള്‍ ആഗോള തലത്തില്‍ പങ്കുവെച്ചു.
'എക്‌സ്പാറ്റ് എക്‌സ്പ്‌ളോറര്‍ സര്‍വെ'യുടെ അന്താരാഷ്ട്ര റാങ്കിങില്‍ ബഹ്‌റൈന് പോയവര്‍ഷം നാലാം സ്ഥാനമുണ്ടായിരുന്നു. 45രാജ്യങ്ങളെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 26,871പ്രവാസികള്‍ പങ്കെടുത്തു. തൊഴില്‍, ധനസ്ഥിതി, ജീവിതനിലവാരം, കുട്ടികളുടെ കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും വിലയിരുത്തിയിട്ടുള്ളത്.
2010ല്‍ സര്‍ക്കാര്‍ ഔദ്യോഗിക മായി പുറത്തുവിട്ട സെന്‍സസ് പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് ബഹ്‌റൈനില്‍ സ്വദേശികളേക്കാള്‍ കൂടുതലുള്ളത് വിദേശികളാണ്. 2010 വരെ മാത്രമുള്ള കണക്കുകള്‍ പ്രകാരം 46 ശതമാനം സ്വദേശികളുള്ളപ്പോള്‍ വിദേശികളുടെ എണ്ണം 54 ശതമാനമായിരുന്നു.
ആകെയുള്ള 12,34,596 പേരില്‍ 6,66,172 വിദേശികളും 5,68,424 സ്വദേശികളുമാണ്. 2010 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ മാത്രമാണിത്.
100 വിദേശ സ്ത്രീകള്‍ക്ക് 260 വിദേശ പുരുഷന്മാരെന്ന നിലക്കാണ് രാജ്യത്ത് നിലവിലുള്ള്‌ള വിദേശ സ്ത്രീ പുരുഷ അനുപാതം. സ്വദേശികളിലെ സ്ത്രീ പുരുഷ അനുപാതം 100 102 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."