കന്നി 20 പെരുന്നാള്‍: കോതമംഗലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കോതമംഗലം: ചെറിയ പള്ളിയില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലത്ത് പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്നു പ്രധാന പെരുന്നാള്‍ ദിനമായ രണ്ടിന് പകല്‍ രണ്ടു മണി മുതല്‍ ഹൈറേഞ്ച് ഭാഗത്തു നിന്നും വരുന്ന തീര്‍ഥാടകരുടെ വാഹനങ്ങളും, സര്‍വീസ് ബസുകളും ശോഭന സ്‌കൂളിന്റെ മുന്‍വശത്ത് നിര്‍ത്തി ആളെ ഇറക്കിയ ശേഷം എ.എം റോഡിന്റെ വടക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് പൊലിസ് അറിയിച്ചു.
ശോഭന സ്‌കൂള്‍ മുതല്‍ റോഡിന് ഇരുവശവും ഒരു തരത്തിലുള്ള വാഹനങ്ങളും പാര്‍ക്കു ചെയ്യുവാന്‍ അനുവദിക്കുന്നതല്ല. ചേലാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മലയിന്‍കീഴ് കവലയില്‍ ആളെ ഇറക്കിയ ശേഷം ബൈപാസിന്റെ തെക്ക് ഭാഗത്തും പെരുമ്പാവൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ തങ്കളം ബസ് സ്റ്റാന്റില്‍ ആളെ ഇറക്കിവിട്ടതിനു ശേഷം ബൈപാസ് റോഡിന്റെ തെക്കുവശത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്.
മുവാറ്റുപുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ എം.എ കോളജ് ജങ്ഷനില്‍ ആളെ ഇറക്കിവിട്ട് എം.എ കോളജ് ഗ്രൗണ്ടിലും വാരപ്പെട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ ആളെ ഇറക്കിയ ശേഷം ഈ റോഡില്‍ തന്നെ പാര്‍ക്കു ചെയ്യുകയും വേണം. രണ്ടിനു പകല്‍ 12 മണി മുതല്‍ രാത്രി രണ്ടുവരെ പി.ഒ ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍വരെ എല്ലാ വിധവാഹനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്.
കോതമംഗലത്തു കൂടി കടന്നു പോകുന്ന ദീര്‍ഘദൂര ബസുകളും ഗുഡ്‌സ് വാഹനങ്ങളും ബൈപാസ് റോഡ് വഴി മാത്രം കടന്നു പോകണം. പെരുന്നാള്‍ ദിനങ്ങളില്‍ പള്ളിയിലും നഗരത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണവും ഏര്‍പ്പെടുത്തുമെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്.
നഗരത്തിലും പള്ളി പരിസരങ്ങളിലും ഭിക്ഷാടനവും നിരോധിച്ചിട്ടുണ്ട്.വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും ഉടമകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും പൊലിസ് സ്റ്റേഷനില്‍ നല്‍കണമെന്നും, മോഷണം പിടിച്ചുപറി തുടങ്ങിയ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നു സംശയം തോന്നിയാല്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കുവാനും കോതമംഗലം പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഫോണ്‍ നമ്പരുകള്‍ 94979 87125, 94979 80473. മോഷണം പിടിച്ചുപറി മുതലായ കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആളുകള്‍ ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റുവസ്തുക്കളും ലോക്കറില്‍ സൂക്ഷിക്കുകയും വീട് അടച്ച് പോകുന്നവര്‍ ലൈറ്റ് തെളിച്ചിടുവാനും വാതിലുകളും ജനലുകളും അടച്ചു എന്ന് ഉറപ്പ് വരുത്താനും ശ്രദ്ധിക്കണമെന്നും സി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."