കാലടി സനല്‍ വധം: അക്രമി സംഘത്തെ സഹായിച്ച അഞ്ച് പേര് പിടിയില്‍
കാലടി: പട്ടാപ്പകല്‍ റോഡിലിട്ട് യുവാവിനെ വാഹനമിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പൊലിസ് പിടിയിലായി. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. ചന്ദ്രപ്പുര സ്വദേശി വേലായുധന് മകന് ശരത് (22), കൂവപ്പടി ലക്ഷ്മിഭവന്‍ വീട്ടില്‍ വിജയന് പിള്ള മകന് അജി വി. നായര്‍ (22), മൂക്കന്നൂര്‍ ആഴകം സ്വദേശി കളരിക്കല്‍ വീട്ടില്‍ സുധാകരന് മകന് സുജിത് (23), ചേലാമറ്റം ഒക്കല്‍ കാരിക്കാട് വീട്ടില്‍ സുരേന്ദ്രന് മകന് ശ്രീജിത്ത് (24), പ്രായപൂര്‍ത്തിയാവാത്ത പതിനേഴ് വയസുള്ള വിദ്യാര്ഥിയുമാണു പൊലിസ് പിടിയിലായത്.
ഇവരല്ലാവരും തന്നെ കാലടി ശ്രീശങ്കരാ കോളജ് വിദ്യാര്‍ഥികളാണ്. തിങ്കളാഴ്ച രാവിലെയാണ് കൈപ്പട്ടൂര്‍ ഇഞ്ചക്ക ദേവസിക്കുട്ടി മകന് സനലിലിനെ അക്രമികള്‍ കാറിടിച്ച് വീഴ്തി വടിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ഉപയോഗിച്ച കാറും ആയുധങ്ങളും ഒളിപ്പിച്ചത് അജി വി. നായര്‍ ആണ്. അക്രമി സംഘം സഞ്ചരിച്ചിരുന്ന മഹീന്ദ്ര ലോഗണ്‍ കാര്‍ കൊലപാതകത്തിനുശേഷം മലയാറ്റൂരില്‍ നിന്ന് കോടനാട് വഴി കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്റെ മകള്‍ ശോഭയുടെ വീട്ടില്‍ കൊണ്ടുവന്നിടുകയായിരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപ്രതികള്‍ ഇനിയും പിടിയിലാവാനുണ്ട്. ഇപ്പോള്‍ പിടിയിലായവര്‍ കൊലപാതകത്തിനു മുമ്പ് സനലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് അക്രമികള്‍ക് വിവരം നല്കിയവരും കൊലപാതകത്തിനു ശേഷംഅക്രമികള്കു രക്ഷപ്പെടാന്‍ സഹായം നല്കിയവരുമാണ്.
കൊലപാതകത്തിനു മുമ്പുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരെ സഹായിച്ചവരെ കുറിച്ച് പൊലിസിനു വിവരം ലഭിച്ചത്. കൊലയില്‍ നേരിട്ട് പങ്കെടുത്തവര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഭാഗത്തെ വനത്തില്‍ ഉണ്ടന്ന സൂചന പ്രകാരം നാല് സംഘങ്ങളായി പൊലിസ് തിരച്ചില്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ പിടിയിലായവരെ നാളെ കോടതിയില്‍ ഹാജരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."