കുന്ദമംഗലം ഗവ. കോളജ് പ്രവൃത്തി ആരംഭിച്ചില്ല
കുന്ദമംഗലം: തറക്കല്ലിടല്‍ കര്‍മം കഴിഞ്ഞ് ഒന്‍പത് മാസം പൂര്‍ത്തിയായിട്ടും കുന്ദമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പണി ആരംഭിച്ചില്ല. കഴിഞ്ഞ ജനുവരി 31ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനാണ് കോളജിന് തറക്കല്ലിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ധൃതി പിടിച്ച് തറക്കല്ലിടല്‍ കര്‍മ്മം ഗംഭീരമായി നടത്തിയെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആര്‍.ഇ.സി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് ഇപ്പോള്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതിയ കോളജില്‍ ക്ലാസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയാണ് കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കെട്ടിടം നിര്‍മിക്കാന്‍ വേണ്ട പ്രാഥമിക നടപടികള്‍ പോലും ആരംഭിക്കാത്ത അവസ്ഥയില്‍ അടുത്ത അധ്യയന വര്‍ഷവും ഇവിടെ ക്ലാസ് ആരംഭിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
എല്‍.ഡി.എഫ് ഭരിക്കുന്ന ചാത്തമംഗലം പഞ്ചായത്തിന് തിടുക്കപ്പെട്ട് കോളജ് അനുവദിക്കുകയായിരുന്നു എന്നാണ് സ്ഥലം എ.എല്‍.എയ്‌ക്കെതിരേ യു.ഡി.എഫ് ആരോപിച്ചത്. മറ്റു മണ്ഡലങ്ങളിലെല്ലാം കോളജ് ആരംഭിച്ചപ്പോള്‍ കുന്ദമംഗലത്ത് കോളജ് ആരംഭിക്കാന്‍ വൈകിയതിനേതുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ സഹകരിക്കാത്തത് കൊണ്ടാണ് കോളജ് തുടങ്ങാന്‍ വൈകുന്നതെന്നായിരുന്നു എം.എല്‍.എയുടെ വാദം.
എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ വരികയും കുന്ദമംഗലം നിയോജകമണ്ഡലവും കോളജിനായി സ്ഥലം കണ്ടെത്തിയ ചാത്തമംഗലം പഞ്ചായത്തും എല്‍.ഡി.എഫ് തന്നെയാണ് ഭരിക്കുന്നത്. എന്നിട്ടും കോളജിന്റെ പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കാത്തത് എം.എല്‍.എയുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഗവ. കോളജുകള്‍ ഇല്ലാത്ത എല്ലാ നിയോജകമണ്ഡലങ്ങളിലും കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പ്രകാരം കുന്ദമംഗലത്തും ഗവ. കോളജ് അനുവദിക്കുകയായിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് കുന്ദമംഗലത്ത് കോളജ് ആരംഭിച്ചത്. കോളജ് അനുവദിച്ചിട്ടും ക്ലാസ് ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് അന്ന് എം.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരം നടത്തിയതിന് ശേഷമാണ് ആര്‍.ഇ.സി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക കെട്ടിടത്തില്‍ കോളജ് ആരംഭിച്ചത്.
ബി.കോം വിത്ത് ഫിനാന്‍സ്, ബി.എ ഡവലപ്പ്‌മെന്റ്, ഇക്കണോമിക്‌സ് വിത്ത് ഫണ്ടമെന്റല്‍സ് ഓഫ് ഫോറിന്‍ ട്രേഡ് ആന്‍ഡ് ബേസിക് ഇക്കണോമിക് മെത്തേഡ്‌സ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം ആന്‍ഡ് പബ്ലിക് റിലേഷന്‍ എന്നീ കോഴ്‌സുകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ആറ് അധ്യാപക തസ്തികയും പതിമൂന്ന് അനധ്യാപക തസ്തികയും ഇവിടെയുണ്ട്. കോളജിന്റെ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."