പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം ഒക്ടോബര്‍ ആറിന്
കോഴിക്കോട്: കേരള പബ്ലിക് സര്‍വിസ് കമ്മിഷന് കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഒക്ടോബര്‍ ആറിനു വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 321 പേര്‍ക്കു ഒരുമിച്ച് പരീക്ഷയെഴുതാനുള്ള സൗകര്യവുമായി കെ.പി.എസ്.സിയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രമാണ് കോഴിക്കോട്ട് ആരംഭിക്കുന്നത്. മലബാര്‍ മേഖലയിലെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായാണ് കോഴിക്കോട് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. നിര്‍വഹണ ഏജന്‍സിയായ കെല് 2015 മേയ് 13നാണ് കേന്ദ്രത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവയാണ് മറ്റു ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍. ഉദ്ഘാടന ചടങ്ങില്‍ കെ.പി.എസ്.സി ചെയര്മാന് ഡോ. കെ.എസ് രാധാകൃഷ്ണന് അധ്യക്ഷനാകും. തൊഴില്‍-എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.കെ രാഘവന് എം.പി, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എസ്.സി അംഗങ്ങളായ ഡോ. എന്‍. സെല്‍വരാജ്, കെ. പ്രേമരാജന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."