ലോക ബാങ്ക് സഹായം നഷ്ടമായെന്ന വാര്‍ത്ത ശരിയല്ല
മലപ്പുറം: നഗരസഭക്ക് ലോക് ബാങ്ക് സഹായം നഷ്ടമായി എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല കൗണ്‍സില്‍ മുമ്പാകെ അറിയിച്ചു. ഡി.സി.ബി (ഡിമാന്റ് കലക്ഷന്‍ ബുക്ക്) അടക്കം സഹായത്തിന് അപേക്ഷിക്കേണ്ട ചില രേഖകളുടെ കുറവാണ് ഫണ്ട് അനുമതി ലഭിക്കുന്നതിന് തടസമായത്.
ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടി ആരംഭിച്ചിട്ടുണ്ട്. 2008ല്‍ ഇടതു സര്‍ക്കാര്‍ ഭരണകാലത്തെ ചട്ടവിരുദ്ധമായ നികുതി വര്‍ധനവു മൂലം അനുഭവപ്പെട്ട തടസങ്ങളാണ് നഗരസഭ ഇന്നും അനുഭവിക്കുന്നത്. എന്നാല്‍ ഡി.സി.ബി നല്‍കാതെയാണ് കഴിഞ്ഞ കാലങ്ങളില്‍ നഗരസഭക്ക് ഫണ്ട് പാസായിരുന്നത്. സംസ്ഥാനത്തെ വിവിധ നഗരസഭകളുടെ ഫണ്ടും ഇത്തരത്തില്‍ തടഞ്ഞുവെച്ചിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് ഫണ്ട് ലഭ്യമാകുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
കോട്ടക്കുന്ന് ചില്‍ഡ്രന്‍സ് പാര്‍ക്കിലെ വൈദ്യുതി കണക്ഷന്‍ താല്‍കാലികമായി വിച്ഛേദിക്കില്ല. വൈദ്യുതി ചാര്‍ജ് അടക്കാത്തത് മൂലം കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. കുടിശ്ശികയുള്ള ചാര്‍ജ് അടച്ചതിനെ തുടര്‍ന്നാണ് സെക്രട്ടറിയുടെ നിര്‍ദേശം. വര്‍ഷം തോറും ഭീമമായ സംഖ്യയാണ് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നഗരസഭ ഈടാക്കുന്നത്. പ്രവര്‍ത്തന ക്ഷമമല്ലാത്ത പാര്‍ക്കിന് വൈദ്യുതി ചാര്‍ജ് അടക്കുന്നതിന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തടസവാദം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."