സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് യു.ഐ.ഡി നമ്പറില്ല
ഒക്ടോ. അഞ്ചിനകം യു.ഐ.ഡി ലഭ്യമാക്കിയില്ലെങ്കില്‍ നടപടി
മലപ്പുറം: എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍-യു.ഐ.ഡി) ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി പാളി. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഒരോ സ്‌കൂളിലെയും കുട്ടികളുടെ എണ്ണം സംബന്ധിച്ച് യു.ഐ.ഡി അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്ന ഗവണ്‍മെന്റ് സെക്രട്ടറിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇനിയും യു.ഐ.ഡി ലഭ്യമായില്ലെന്ന കണക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും എല്ലാ വിദ്യാര്‍ഥികള്‍ക്കും യു.ഐ.ഡി ലഭ്യമായിരുന്നില്ല. ഇതു പരിഹരിക്കാനായി ഐ.ടി അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ എല്ലാ വിദ്യാഭ്യാസ ഉപജില്ലാ തലത്തിലും യു.ഐ.ഡി. എന്റോള്‍മെന്റിനുള്ള പ്രത്യേക ക്യാപും സംഘടിപ്പിച്ചിരുന്നു.
ഓരോ ക്ലാസിലേയും എല്ലാ വിദ്യാര്‍ഥികളുടേയും യു.ഐ.ഡി. എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണം അതത് ക്ലാസ് ടീച്ചര്‍മാര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അത് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തുകയും വേണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ അവരവരുടെ അധികാര പരിധിയിലുള്ള എല്ലാ സ്‌കൂളിലേയും വിദ്യാര്‍ഥികള്‍ക്ക് നമ്പര്‍ ലഭ്യമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് ക്യാംപ് സംഘടിപ്പിച്ചെങ്കിലും പദ്ധതി വിജയിച്ചില്ലെന്നാണ് കണക്കു വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,043 വിദ്യാര്‍ഥികള്‍ക്കാണ് ഇനിയും യു.ഐ.ഡി ലഭ്യമാവാത്തത്. പ്രഥമാധ്യാപകരുടെയും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ് ഇതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പറഞ്ഞു. 2016-17 വര്‍ഷത്തെ അധ്യാപകരുടെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ റിട്ട് ഹരജികള്‍ പരിശോധിച്ച ഹൈക്കോടതി, രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും യു.ഐ.ഡി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ വിദ്യാര്‍ഥികളുടെയും യു.ഐ.ഡി നമ്പറോ യു.ഐ.ഡി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ ലഭിക്കുന്ന ഇ.ഐ.ഡി നമ്പറോ ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം രേഖപ്പെടുത്തണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ശെേരവീീഹ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ 2016 എന്ന ലിങ്കില്‍ സമ്പൂര്‍ണ യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ മുഴുവന്‍ സ്‌കൂളുകളും രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ഹൈക്കോടതി നിര്‍ദേശം പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്നും വീഴ്ചകള്‍ ഉണ്ടായാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."