കല്ലാച്ചി അക്രമം: സമാധാന യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
നാദാപുരം: യു.ഡി.എഫ് നേതാക്കള്‍ ബഹിഷ്കരിച്ചതിനാല്‍ ഇന്നലെ നാദാപുരത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗം തീരുമനാമാകാതെ പിരിഞ്ഞു. കല്ലാച്ചിയില്‍ മൂന്നുദിവസമായി തുടരുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് വടകര തഹസില്‍ദാര്‍ സമാധാന യോഗം വിളിച്ചുചേര്‍ത്തത്. അസ്ലം വധത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം പതിനാലിന് വിളിച്ചുചേര്‍ത്ത സമാധാന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും യോഗം ബഹിഷ്കരിച്ചു.
വടകരയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അസ്ലം വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും കുടുംബത്തിന്റെ തടഞ്ഞുവച്ച നഷ്ടപരിഹാരം നല്‍കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ തീരുമാനം ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് പിന്നീട് അക്രമ സംഭവങ്ങള്‍ക്ക് വഴിവച്ചത്. നാദാപുരം എം.എല്‍.എ ഇ.കെ വിജയന്, മുസ്ലിം ലീഗ് നേതാക്കളായ അഹ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, എം.പി സൂപ്പി, സി.വി.എം വാണിമേല്‍, സി.പി.എം നേതാക്കളായ വി.പി കുഞ്ഞികൃഷ്ണന്, പി.പി ചാത്തു, സി.എച്ച് മോഹനന്, കോണ്‍ഗ്രസ് നേതാക്കളായ എ. സജീവന്, ആവോലം രാധാകൃഷ്ണന്, കെ.എം രഘുനാഥ്, സി.പി.ഐയുടെ രവീന്ദ്രന് കപ്പള്ളി, ബി.ജെ.പിയുടെ കെ.ടി.കെ ചന്ദ്രന് എന്നിവര്‍ യോഗത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."