പ്ലാസ്റ്റിക് രഹിത വയനാട്; പൊതുജനങ്ങള്‍ സഹകരിക്കണം: ജില്ലാ വികസന സമിതി
വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലെ സൗരോര്‍ജ്ജ വൈദ്യുത വേലിയുടെ അറ്റകുറ്റപണികള്‍ നടത്തും
കല്‍പ്പറ്റ: പ്ലാസ്റ്റിക് രഹിത വയനാടിനായി ജില്ലയിലെ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം വേണമെന്ന് ജില്ലാ വികസമസമിതി യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണനത്തില്‍ മാതൃകപരമായ തീരുമാനമാണ് പ്ലാസ്റ്റിക് കവറുകളുടെ നിരോധനം. കൃഷിയിടങ്ങളെയും മണ്ണിനെയും ഒരു പോലെ മലിനമാക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണിസഞ്ചികളും മറ്റും ഉപയോഗിക്കാന്‍ ഏവരും തയ്യാറാകണം. സമൂഹത്തില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടുണ്ട്. ബോധവത്കരണം കൂടി വ്യാപിപ്പിച്ചാല്‍ ശേഷിക്കുന്ന വിഭാഗവും ഈ യജ്ഞത്തില്‍ പങ്കാളിയാവുമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ പറഞ്ഞു.
ഒരു കാലത്ത് സന്തുലിതമായ ആവാസ വ്യവസ്ഥ നിലനിന്നിരുന്ന നാടായിരുന്നു വയനാട്. ഇപ്പോള്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മണ്ണിലേക്ക് അടിയുന്നത്. ഇനിയും ഇതിന് മാറ്റമുണ്ടായില്ലെങ്കില്‍ വരും കാല വയനാടിന് ഇതൊരു കനത്ത വെല്ലവിളിയാകുമെന്നും യോഗം വിലയിരുത്തി. ആശിക്കും ഭൂമി ആദിവാസി പദ്ധതി കുറ്റമറ്റരീതിയില്‍ തടസ്സമില്ലാതെ നടപ്പാക്കണമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ ആവശ്യപ്പെട്ടു. വിവാദങ്ങളുടെ പേരില്‍ പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്താന്‍ പാടില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. ജില്ലയിലെ അരിവാള്‍ രോഗികള്‍ക്കായി ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.ടി.പി പ്രൊജക്ട് ഓഫിസര്‍ യോഗത്തെ അറിയിച്ചു.
46 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള അവസാനഘട്ട അനുമതിക്കായി കാത്തിരിക്കുകയാണ്. ആദിവാസികള്‍ക്കായി ഭൂമി വാങ്ങാന്‍ ഫണ്ടനുവദിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തതിനെതിരേ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. ഭൂമി തെരഞ്ഞെടുപ്പിലും ഇടപാടുകളിലും ജനകീയ കമ്മറ്റികളുടെ സുതാര്യമായ ഇടപെടലുകള്‍ ഉണ്ടാകണം. ഒട്ടേറെ ഗ്രാമങ്ങളുടെ ആശ്രയമായ ചേകാടി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എടുക്കണമെന്നും ആവശ്യമുയര്‍ന്നു.
സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് ഇനിയും നിര്‍മാണം നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും ഒ.ആര്‍.കേളു എം.എല്‍.എ പറഞ്ഞു. കബനീതീരം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയും അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആസ്പത്രിയുടെ കുടിവെള്ള പ്രശ്‌നം പരിഹാരവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പനമരം സബ് രജിസ്ട്രാര്‍ ഓഫിസ് നിര്‍മാണത്തിന് സ്ഥലം ലഭ്യമാകാത്തതാണ് തടസ്സം.ചെറുകാട്ടൂരില്‍ സ്ഥലം നല്‍കാന്‍ വ്യക്തികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇവിടെ ഓഫീസ് നിര്‍മാണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.
മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ വരള്‍ച്ച തടയുന്നതിനായുള്ള പദ്ധതികളും യോഗത്തില്‍ വിശദീകരിച്ചു. ജില്ലയിലെ പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനമില്ലാത്ത നാടായി പ്രഖ്യാപിക്കുന്നതിനുള്ള ഓപ്പണ്‍ ഡെഫിക്കേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വികസന സമിതിയില്‍ അവലോകനം ചെയ്തു. ജില്ലയില്‍ 6300ഓളം കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. നാല് പഞ്ചായത്തുകള്‍ ഇതിനകം സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പഞ്ചായത്തുകളായി പ്രഖ്യാപനം നടത്തി. മറ്റുള്ളവയെല്ലാം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. എണ്‍പത് ശതമാനത്തോളം ലക്ഷ്യം കൈവരിക്കാന്‍ ഇതിനകം സാധിച്ചു. കൈയ്യേറ്റ ഭൂമിയിലെ ആദിവാസികളും കക്കൂസിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇവ പൂര്‍ത്തിയാക്കാന്‍ വനംവകുപ്പിന്റെ സഹകരണം കൂടി വേണമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു. പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ പഞ്ചായത്തുകളിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആശവര്‍ക്കര്‍മാര്‍ , സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം സഹകരണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനായി 11,876 അപേക്ഷകള്‍ ലഭിച്ചതായി കെ.എസ്.ഇ.ബി യോഗത്തെ അറിയിച്ചു. പതിനൊന്നര കോടി രൂപയോളം ഇതിനായി വേണ്ടിവരുമെന്ന് എസ്റ്റിമേറ്റ് തയാറാക്കി. മാനന്തവാടി മണ്ഡലത്തില്‍ മാത്രം 2826 അപേക്ഷകരാണുള്ളത്. പദ്ധതി പൂര്‍ത്തീകരണത്തിനായി എണ്‍പത് ശതമാനത്തോളം ഫണ്ട് ഇനിയും കണ്ടെത്തണം. വയറിങ്ങ് നടത്താത്ത വീടുകളാണ് കൂടുതലുള്ളത്. ഇതിനായി ഫണ്ട് സ്വരൂപിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതി വേണമെന്നും അഭിപ്രായമുയര്‍ന്നു. പഞ്ചായത്തുകള്‍ ഗുണഭോക്തൃ ലിസ്റ്റ് ഉടന്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. വന്യമൃഗ ശല്യം തടയുന്നതിനായുള്ള വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ വൈദ്യുത വേലിയുടെ അറ്റകുറ്റപണികള്‍ നടത്താന്‍ വനംവകുപ്പിന്റെ സഹകരണം തേടി. നെല്‍കൃഷി ഏറ്റെടുത്ത ആദിവാസി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിനെകുറിച്ചും നെല്ല് സംഭരണത്തിന്റെ തുക കാലതാമസം കൂാടതെ വിതരണം ചെയ്യുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ക്ഷീര കര്‍ഷകര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ എം.വി.മോഹന്‍ദാസ്, അബ്ദുള്‍ റഷീദ് എന്നിവരെ ജില്ലാ വികസന സമിതി യോഗത്തില്‍ ആദരിച്ചു. സ്ഥംലം മാറിപോകുന്ന ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എസ്.എച്ച്. സനല്‍കുമാറിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, , സബ്കലക്ടര്‍ വി. സാംബശിവറാവു, എ.ഡി.എം കെ.എം രാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ്.എച്ച് സനല്‍കുമാര്‍ , വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."