സിത്താര പര്‍വീനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
മലപ്പുറം: സ്‌കൂള്‍ ബസ് അപകടത്തില്‍ മരിച്ച കോട്ടപ്പടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി സിത്താര പര്‍വീനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലിയാണ് അവസാനമായി ഒരു നോക്കു കാണാന്‍ ഇന്നലെ ഇത്തിള്‍പറമ്പ് വട്ടപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാവിലെ 11.30ന് മയ്യിത്ത് വീട്ടിലെത്തിച്ചു. 12.30 ഓടെ കിഴക്കേത്തല ചെത്തുപാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വലിയങ്ങാടി ഫലാഹുല്‍ ഇസ്‌ലാം മദ്‌റസയിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ് മരിച്ച സിത്താര പര്‍വീന്‍. മരണത്തിനു തലേ ദിവസമാണ് അവസാനമായി മദ്‌റസയിലെത്തിയത്. ഇന്നലെ രാവിലെ മദ്‌റസയിലെത്തിയ അധ്യാപകരും വിദ്യാര്‍ഥികളും പ്രിയ കൂട്ടുകാരിക്കായി പ്രാര്‍ഥന നടത്തി പിരിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അപകടം നടന്നു മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ സിത്താര മരിച്ചിരുന്നു.
സ്‌കൂളില്‍ ക്ലാസ് പി.ടി.എയില്‍ പങ്കെടുക്കാനെത്തിയ ഉമ്മയോടൊപ്പം മടങ്ങാനൊരുങ്ങവേയാണ് അപ്രതീക്ഷിതമായി നാടിനെ നടുക്കിയ അപകടമുണ്ടായത്. വിദ്യാര്‍ഥികളും രക്ഷിതാക്കളുമുള്‍പ്പടെ നാല്‍പതോളം പേര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ പരുക്കേറ്റ സിത്താരയുടെ മാതാവ് ഷാനിബ രാത്രിയോടെ ആശുപത്രി വിട്ടിരുന്നു.
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി നിരവധി പ്രമുഖ വ്യക്തികള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായെത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, പി.ഉബൈദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍, ഡി.ഡി.ഇ പി.സഫറുല്ല, നഗരസഭാ അധ്യക്ഷ സി.എച്ച് ജമീല ടീച്ചര്‍ തുടങ്ങിയവരുള്‍പ്പടെ രാവിലെ വസതിയിലെത്തി. ജനാസ നിസ്‌കാരത്തിനു ഖാസിയും പൊട്ടച്ചിറ അന്‍വരിയ്യ കോളജ് പ്രിന്‍സിപ്പലുമായ ഇരുമ്പുഴി യൂസുഫ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."