സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ കണ്ണീര്‍വാതക പ്രയോഗം
എത്യോപ്യയില്‍ തിക്കും തിരക്കും:നിരവധി മരണം
അഡിസ് അബാബ: എത്യോപ്യയില്‍ ഗോത്രവിഭാഗത്തിന്റെ പ്രതിഷേധത്തിനിടെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചു. ഗോത്രവിഭാഗമായ ഓറോമോ വിഭാഗത്തിന്റെ പ്രതിഷേധത്തിനിടെയാണ് സംഭവം. തലസ്ഥാനമായ അഡിസ് അബാബയുടെ തെക്കന്‍ പ്രദേശമായ ബിഷോഫ്തുവിലാണ് തിക്കും തിരക്കുമുണ്ടായത്. 20 ലേറെ പേരുടെ മൃതദേഹങ്ങള്‍ കണ്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 50 പേര്‍ മരിച്ചതായി പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ പ്രതിപക്ഷ വിഭാഗമായ ഓറോമിയ ഫെഡറലിസ്റ്റ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സന്‍ മെറേര ഗുഡിന പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന വിഭാഗമാണിത്. ഓറോമോ ആക്ടിവിസ്റ്റ് ജവാര്‍ മുഹമ്മദിന്റെ പ്രസ്താവനയില്‍ 300 പേര്‍ കൊല്ലപ്പെട്ടതായാണ് പറയുന്നത്.
50 ലേറെ പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്രപേര്‍ മരിച്ചെന്നോ പരുക്കേറ്റെന്നോ സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് ഓഫിസ് അറിയിച്ചിട്ടില്ല. ദുരന്തത്തിനിടയാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അറിയിപ്പില്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചതിനെ തുടര്‍ന്നാണ് തിക്കും തിരക്കുമുണ്ടായത്.
തലസ്ഥാനത്ത് നിന്ന് 40 കി.മി അകലെയാണ് ബിഷോഫ്തു ടൗണ്‍. 20 ലക്ഷം പേര്‍ വാര്‍ഷിക ഉത്സവദിനത്തിന്റെ ഭാഗമായ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രാജ്യത്തെ ഏറ്റവും അതീവജാഗ്രതാ മേഖലയാണിത്. മേഖലയില്‍ മാസങ്ങള്‍ക്ക് മുമ്പ് നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുകയും പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഒറോമോ വിഭാഗത്തിന് സര്‍ക്കാറില്‍ നിന്ന് കടുത്ത അവഗണനയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വിഭാഗം നടത്തുന്ന പ്രതിഷേധത്തിനിടെ 500 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത്. എത്യോപ്യയിലെ ഏറ്റവും വലിയ ഗോത്രവിഭാഗമാണ് ഓറോമോ വിഭാഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."