അരിമ്പൂരിനെ മാലിന്യ മുക്തമാക്കാന്‍ ഗ്രാമസഭ തീരുമാനം
അരിമ്പൂര്‍: വിവിധ മേഖലകളിലുള്ള ജനങ്ങളെയും ഉള്‍പ്പെടുത്തി അരിമ്പൂരിനെ മാലിന്യ മുക്തമാക്കാന്‍ ഇന്നലെ നടത്തിയ സ്‌പെഷ്യല്‍ ഗ്രാമസഭ തീരുമാനിച്ചു. ഇതിനാവശ്യമായ കര്‍മ പദ്ധതികള്‍ക്കും രൂപം നല്‍കി. ഇതിന്റെ ഭാഗമായി ബുധനാഴ്ച പഞ്ചായത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ വിവിധ പ്രദേശങ്ങളില്‍ തെരുവിലിറങ്ങി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങി സമഗ്ര മേഖലകളിലുള്ളവര്‍ ഒരേ മനസോടെ അണിനിരക്കണമെന്ന് ഗ്രാമസഭ അഭ്യര്‍ഥിച്ചു.
അരിമ്പൂര്‍ ഗവ.യു.പി സ്‌കൂളില്‍ നടന്ന സ്‌പെഷ്യല്‍ ഗ്രാമസഭ പഞ്ചായത്ത് പ്രസിസന്റ് സുജാത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.സി സതീഷ് അധ്യക്ഷനായി. കെ.വി ഷാജു, സുബിത സന്തോഷ്, പ്രസീത് ശുഭസദാനന്ദന്‍, ശില്‍പ്പ, ജയശ്രീ രവി, എം. അംബിക, ശാരദ ഗിരിജന്‍, പഞ്ചായത്ത് സെക്രട്ടറി വി. അംബിക എന്നിവര്‍ സംസാരിച്ചു.
രാവിലെ നേരത്തെ ജോലിക്കു പോകുന്നവരും നേരം വൈകി ജോലി കഴിഞ്ഞെത്തുന്നവരും അവരവരുടെ സമയവും സൗകര്യവും ക്രമീകരിച്ച് കുറച്ചു സമയമെങ്കിലും ബുധനാഴ്ചയിലെ ശുചിത്വ പ്രക്രിയയുടെ ഭാഗമാകണമെന്ന് ഗ്രാമസഭയില്‍ മുഖ്യാതിഥിയായ കവി സി.രാവുണ്ണി അഭ്യര്‍ഥിച്ചു. ഗ്രാമസഭക്ക് ശേഷം ഗവ.യു.പി സ്‌കൂളിലെ മഴവെള്ള സംഭരണിക്കു ചുറ്റുമുള്ള പൊന്തക്കാട്ടുകള്‍ വെട്ടി വൃത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."