കോണ്‍ഗ്രസ് ചേരി തിരിഞ്ഞ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു
മാള: പുത്തന്‍ചിറയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് ഗാന്ധിജയന്തി അനുസ്മരണം സംഘടിപ്പിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രാവിലെ ഓഫിസിന് മുന്നില്‍ ഉപവാസം തുടങ്ങി. പുഷ്പാര്‍ച്ചനക്ക് ശേഷം അനുസ്മരണ യോഗം നടത്തുന്നതിനിടയില്‍ മറ്റൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി ഓഫിസിനു മുന്നിലേക്ക് എത്തുകയായിരുന്നു. പൊലിസ് തടഞ്ഞതോടെ ഓഫിസിന്റെ മുന്നില്‍ ഇവര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം കഴിഞ്ഞ് പൊലിസ് ഇടപെട്ടാണ് പിരിച്ചുവിട്ടത്. പിരിഞ്ഞു പോയ പ്രവര്‍ത്തകരില്‍ ചിലര്‍ മണ്ഡലം പ്രസിഡന്റിന്റെ അടുത്തെത്തി തര്‍ക്കിച്ചപ്പോള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലിസ് ഇടപെട്ട് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പ്രകടനമായെത്തിയവരില്‍ ചിലരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കിയപ്പോള്‍ ഉന്തും തള്ളുമുണ്ടായി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സഖ്യത്തിലാണെന്ന് ആരോപിച്ചാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നത്.
കോണ്‍ഗ്രസ് നേതാക്കളായ ടി.പി പരമേശ്വരന്‍ നമ്പൂതിരി, മാനത്ത് രാജേന്ദ്രന്‍, കെ.എന്‍ സജീവന്‍, ജിജോ അരീക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം നേതൃത്വത്തിനെതിരേ സമരം നടത്തിയത്. മണ്ഡലം പ്രസിഡന്റ് വി.എ നദീറിന്റെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക പക്ഷത്തിന്റെ അനുസ്മരണ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി എ.എ അഷറഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഐ നജീബ്, ഇ.വി സജീവ്, വി.എസ് അരുണ്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."