'തോന്നലുകള്‍; അതല്ലേ എല്ലാം..!!'
തോന്നിയതു തോന്നുമ്പോലെ പറയുന്നതിനു തോന്ന്യവാസമെന്നാണു പൊതുവേ പറയാറ്. എന്നാല്‍, കേരരാജ്യം ഭരിച്ചുവാഴുന്ന മുഖ്യന്റെ തോന്നലുകളെ പ്രോട്ടോക്കള്‍ പ്രകാരം അങ്ങനെ പറഞ്ഞുകൂടാ.
തനിക്കു തോന്നിയതു മാത്രമേ അദ്ദേഹം പറയുന്നുള്ളൂ. മറ്റുള്ളവര്‍ക്കു തോന്നുന്നത് എന്തായാലും പറയാനും കഴിയില്ല. അവരവര്‍ക്കു തോന്നിയതുപോലെ പറയുന്നതില്‍ മിടുക്കന്മാര്‍ വേറെയുമുണ്ട്. അവരെ ജയരാജനെന്നോ സുധാകരനെന്നോ പേരിട്ടും വിളിക്കാം.
നിയമസഭയാണെന്ന് അറിഞ്ഞുകൊണ്ടാണു കേരമുഖ്യന്‍ തോന്നിയതു പറയുന്നതെന്ന വ്യത്യാസം കൂടിയുണ്ട്. കഴിഞ്ഞ നിയമസഭയില്‍ ശിവതാണ്ഡവം ഉള്‍പ്പെടെയുള്ള തനി തോന്ന്യവാസം കാട്ടിയവരുടെ നേതാവുകൂടിയാണദ്ദേഹം. അതിന്റെ പെരുമ ഏതായാലും നിലനിര്‍ത്തണം. അതിനാണ് അല്‍പ്പം തോന്നലുകള്‍ തോന്നിയപോലെ പറയുന്നത്.
തനിക്കുനേരേ കരിങ്കൊടി വീശിയതു വാടകക്കാരാണെന്ന തോന്നലാണു മുഖ്യനെ വേണ്ടാത്തതു തോന്നിയപോലെ പറയിച്ചത്. ചെന്നിത്തലയുടെ പാര്‍ട്ടിയിലെ യൂത്തുപാര്‍ട്ടിക്കാര്‍ അല്‍പ്പം ഭേദപ്പെട്ടവരെന്ന ചെറിയൊരു തോന്നലുള്ളയാളായിരുന്നു അദ്ദേഹം. എന്നാല്‍, വാസ്തവമതാണോ.
മൂന്നു പയ്യന്മാര്‍ വന്നു കരിങ്കൊടി വീശേണ്ട ഗതികേട് യൂത്തന്മാര്‍ക്കുണ്ടോ. സംഗതി മോശമായിപ്പോയെന്നും അതിനു പിന്നില്‍ ചാനലുകാരാണെന്നുമാണു ഒരു തോന്നല്‍. ചാനലുകാര്‍ വെറും 'ചേന'കളാണെന്ന അഭിപ്രായവും പണ്ടേയുള്ളയാളാണ്. തൊട്ടാല്‍ ചൊറിയും. തന്നെ പണ്ട് എന്തോരം ചൊറിഞ്ഞതാണ്. മറക്കാന്‍ കഴിയുമോ...?
ചോര കാട്ടാന്‍ ചുവന്ന മഷികുപ്പി കൊടുത്തുവിട്ടവരും ഈ ചാനലുകാര്‍ തന്നെ. കണ്ണൂരില്‍ പോസ്റ്റര്‍ പതിപ്പിച്ചു പടമെടുത്തു ചൊറിഞ്ഞ പാരമ്പര്യമുള്ളവരാണ്. പോസ്റ്റര്‍ പതിച്ചതിനു തെളിവില്ലെന്ന കോടതിയുടെ കണ്ടെത്തലുണ്ടെങ്കിലും വാസ്തവം വാസ്തവമല്ലാതാകില്ലെന്ന തോന്നലും അദ്ദേഹത്തിനുണ്ട്. അതാണു രണ്ടാമത്തെ വലിയ തോന്നല്‍.
ഇതേ വാസ്തവം ലാവ്‌ലിന്‍ കോടതിയില്‍ ഉണ്ടെന്ന തോന്നല്‍ എന്തായാലും ഇല്ലതാനും. സ്വാശ്രയമുതലാളിമാര്‍ തലവരി വാങ്ങുന്നുവെന്ന തോന്നല്‍ ഇല്ലാത്തതിനാലാണു ഫീസ് കൂട്ടികൊടുത്തത്. ആദ്യം ഒരു ഇടപെടല്‍. പിന്നെ കോടതി വിധി. തുടര്‍ന്നു മുന്‍കൂട്ടി നിശ്ചയിച്ചപോലെ കാര്യങ്ങള്‍... ഇതൊക്കെ സ്ഥിരം നടക്കാറുള്ളതാണെന്ന തോന്നല്‍ ഇല്ലാത്തതിനാലാണു ചെന്നിത്തലയനും പാര്‍ട്ടിക്കാരും കണ്ണീര്‍വാതകം ശ്വസിച്ചു തോന്നിയയിടത്തേയ്ക്ക് ഓടുന്നത്.
സത്യഗ്രഹം കിടന്നതുകൊണ്ടൊന്നും കാര്യമില്ല. ഒറ്റ കണ്ണീര്‍വാതകത്തില്‍ ആദര്‍ശധീരനെവരെ കരയിപ്പിച്ചാണു യൂത്തുനേതാക്കളുടെ സമരം അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിനു മുന്‍പില്‍ കിടന്നു ചാകേണ്ടെന്നു കരുതി ചെയ്തതാണ്. ഇതൊരു അഡ്ജസ്റ്റ്‌മെന്റ് ആണെന്നുമാത്രം ആര്‍ക്കും തോന്നരുത്.
നിയമസഭയിലെ സത്യഗ്രഹക്കാര്‍ വയറു വിശക്കുമ്പോള്‍ പൊയ്‌ക്കൊള്ളും. എന്തൊക്കെയായാലും സാശ്രയക്കാരോടു തോന്നിയതൊന്നും ഇനി മാറ്റാമെന്നു കരുതേണ്ട. അതൊരു വലിയ തോന്നലില്‍ നിന്നും തീരുമാനിച്ചതാണ്. ഒന്നൊന്നര തോന്നല്‍..!
പ്രതിപക്ഷക്കാരുടെ തോന്നല്‍ മറ്റൊന്നാണ്. നിയമസഭയില്‍ സ്പീക്കറദ്ദേഹത്തെ കണ്ണിറുക്കി കാണിച്ചാണത്രെ കേരമുഖ്യന്‍ സഭ നടത്തിക്കൊണ്ടു പോകുന്നത്. ദോഷം പറഞ്ഞുകൂടാ. സ്പീക്കറേമാന്റെ ശരീരഭാഷ കണ്ടാല്‍ ആര്‍ക്കുമതു തോന്നിപ്പോവും. ചെന്നിത്തലമാര്‍ എത്ര ആക്ഷേപിച്ചാലും വിനീതവിധേയനും ശ്രീരാമനും ശ്രീകൃഷ്ണനും കുടികൊള്ളുന്ന കുലീനനുമായ സ്പീക്കറോട് ആര്‍ക്കും സ്്‌നേഹമേ തോന്നൂ.
പ്രതിപക്ഷക്കാര്‍ ഭരിച്ച നിയമസഭയില്‍ ഇതായിരുന്നോ സ്ഥിതി. ശക്തന്മാരുടെ വിളയാട്ടമായിരുന്നില്ലേ. സ്വന്തക്കാര്‍ക്കുപോലും ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. അതുവച്ചു നേക്കിയാല്‍ ഇപ്പോള്‍ ശാന്തം പാവം..! പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സ്പീക്കറെ പേടിക്കേണ്ട. കണ്ണിറുക്കി പേടിപ്പിക്കുന്ന ഒരാളെമാത്രം പേടിച്ചാല്‍ മതി.
കണ്ണൂര്‍ സുധാകരന്‍ പറഞ്ഞതുപോലെ മാധ്യമക്കാര്‍ക്കുമുണ്ട് ഈ പേടി. ആനയെയും ആനപ്പിണ്ടത്തെയും പേടിക്കുന്നതുപോലെ. നേരിട്ടു ചോദ്യം ചോദിക്കാനുള്ള മടി അഥവാ പേടി. ഈ പേടിയാണു പല തോന്നലുകളുടെയും ഉത്ഭവസ്ഥാനം. പണ്ട് ഉമ്മച്ചനെ തലങ്ങും വിലങ്ങും പേടിപ്പിച്ചതിനുള്ള ശിക്ഷയാണിതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റംപറയരുത്. എല്ലാം ഒരുതരം തോന്നല്‍..!!!
വാലറ്റം: നിയമസഭയുടെ മൂലയില്‍ ഒരു ശ്രീരാമ, ശ്രീകൃഷ്ണഭക്തനുണ്ട്. നേമമെന്ന നാട്ടുരാജ്യത്തുനിന്നു രാജകൊട്ടരത്തില്‍ എത്തിയതാണദ്ദേഹം. ചോദ്യവും ഉത്തരവുമില്ലാതെ യാതൊരുവിധ തോന്നലുകളുമില്ലാതെ ഒറ്റയിരുപ്പ്. രാജസഭ മൊത്തം ശത്രുപക്ഷക്കാര്‍. വിദ്വാനു മൗനമാണു ഭൂഷണം......പാവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."