നിതീഷ് കടാര കൊലക്കേസ്: പ്രതികള്‍ക്ക് സുപ്രിംകോടതി 25 വര്‍ഷം തടവ് വിധിച്ചു
ന്യൂഡല്‍ഹി: നിതീഷ് കടാര വധക്കേസില്‍ ഉത്തര്‍പ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഡി.പി യാദവിന്റെ മകന്‍ വികാസ് യാദവിനും അടുത്ത ബന്ധു വിശാല്‍ യാദവിനും സുപ്രിംകോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. കേസിലെ കൂട്ടുപ്രതിയായ സുഖ്‌ദേവ് പെഹല്‍വാന് 20 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
ജസ്റ്റിസ് ദീപക് മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണു ശിക്ഷ വിധിച്ചത്. നേരത്തെ പ്രതികള്‍ക്ക് 25 വര്‍ഷത്തെ തടവിനു വിധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ പ്രതികള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണു കോടതി ശിക്ഷ വിധിച്ചത്. നിതീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പ്രതികള്‍ക്ക് 25 വര്‍ഷം തടവും തെളിവുകള്‍ നശിപ്പിച്ചതിന് അഞ്ചുവര്‍ഷത്തെ അധികതടവും ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. യാദവുമാര്‍ക്ക് ഇരു ശിക്ഷാകാലയളവും ഒന്നിച്ച് 25 വര്‍ഷം കൊണ്ട് അനുഭവിച്ചാല്‍ മതിയെന്ന് സുപ്രിംകോടതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി 25 വര്‍ഷം തടവിനു വിധിച്ച പെഹല്‍വാന്റെ ശിക്ഷ സുപ്രിംകോടതി 20 വര്‍ഷമാക്കി കുറക്കുകയും ചെയ്തു.
2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എം.ബി.എ വിദ്യാര്‍ഥിയും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ മകനുമായ നിതീഷ് കടാരക്ക് വികാസ് യാദവിന്റെ സഹോദരി ഭാരതിയുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിക്കാനാണു പ്രതികള്‍ കൃത്യം ചെയ്തത്. ഭാരതിയുമൊത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ നിതീഷിനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നു.
കേസ് അസാധാരണ സംഭവമായി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി സംഭവം ദുരഭിമാനക്കൊലയാണെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."