കൊച്ചി- കോഴിക്കോട് റൂട്ടില്‍ യാത്രാക്കപ്പല്‍ സര്‍വിസ് വരുന്നു
തിരുവനന്തപുരം: കൊച്ചി- കോഴിക്കോട് റൂട്ടില്‍ യാത്രാക്കപ്പല്‍ സര്‍വിസ് അടുത്തു തന്നെ തുടങ്ങുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നിയമസഭയില്‍ തുറമുഖ വകുപ്പിനുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതിനായി യു.എസില്‍ നിന്ന് ഹൈഡ്രോഫോയില്‍ എത്തിയിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചാല്‍ സര്‍വിസ് ഉടന്‍ തന്നെ ആരംഭിക്കും. അഴീക്കല്‍- ലക്ഷദ്വീപ്, കൊല്ലം- ലക്ഷദ്വീപ് സര്‍വിസുകളും പരിഗണനയിലുണ്ട്. ബേപ്പൂര്‍- ലക്ഷദ്വീപ് കപ്പല്‍ സര്‍വിസ് ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. അതിനു വേണ്ട സഹായം കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. വല്ലാര്‍പാടത്തു നിന്നുള്ള വരുമാനം ഈ സര്‍ക്കാര്‍ വന്ന ശേഷം 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കേരള മാരിടൈം ബോര്‍ഡ് രൂപീകരണത്തിന് നിയമസഭ ബില്‍ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയൊരു ബില്‍ കൂടി സഭ പാസാക്കണം. കൊച്ചി തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കും.
ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. നിര്‍ജീവമായ തുറമുഖങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമാക്കും. ഇവിടങ്ങളിലെല്ലാം മണല്‍ മാഫിയ പ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. മണല്‍ മാഫിയാ സംഘങ്ങള്‍ വ്യാജമായി സൃഷ്ടിച്ച സൊസൈറ്റികളുടെ പ്രവര്‍ത്തനം തടയുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."