യു.പി, ഹൈസ്‌കൂളുകള്‍ ഇല്ല; അതിര്‍ത്തി ഗ്രാമങ്ങളില്‍ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തുന്നു
കാസര്‍കോട്: കര്‍ണാടകയോട് ചേര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രൈമറി പഠനത്തിനു ശേഷം വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തുന്നു. മലയാളം, കന്നഡ മീഡിയം പഠിപ്പിക്കുന്ന യു.പി, ഹൈസ്‌കൂളുകള്‍ ഇല്ലാത്തതിനാലാണ് മിക്ക വിദ്യാര്‍ഥികളും തുടര്‍ പഠനം അവസാനിപ്പിക്കുന്നത്.
മീഞ്ച, വോര്‍ക്കാടി, ബദിയടുക്ക, മഞ്ചേശ്വരം, ദേലംപാടി തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികളാണ് പഠനം മതിയാക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും പഞ്ചായത്തു ഭരണസമിതികള്‍ നിരന്തരമായി സര്‍ക്കാരിലേക്ക് അയക്കുന്ന അപേക്ഷകളില്‍ ഇക്കാര്യം വ്യക്തമാവുന്നുണ്ട്.
ഉന്നത കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി കര്‍ണാടകത്തിലും സ്വകാര്യ സ്‌കൂളുകളിലും പഠനം തുടരുമ്പോഴാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തുന്ന അവസ്ഥയുള്ളത്.
രണ്ടാഴ്ച മുമ്പ് വോര്‍ക്കാടി പഞ്ചായത്ത് വിദ്യാഭ്യാസ മന്ത്രിക്കയച്ച നിവേദനത്തിലുംഇക്കാര്യം സൂചിപ്പിക്കുന്നു. ഒരു എല്‍.പി സ്‌കൂള്‍ മാത്രമുള്ള പഞ്ചായത്തില്‍ അടിയന്തരമായി യു.പി സ്‌കൂളും ഹൈസ്‌കൂളും അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ പഞ്ചായത്തിന്റെ അവസ്ഥ തന്നെയാണ് മറ്റു അതിര്‍ത്തി ഗ്രാമങ്ങളിലെയും അവസ്ഥ. പലയിടത്തും എല്‍.പി, യു.പി സ്‌കൂളുകളിലെ പഠനം പൂര്‍ത്തിയായാല്‍ തൊട്ടടുത്ത പഞ്ചായത്തുകളിലെ ഹൈസ്‌കൂളുകളെയോ സ്വകാര്യ സ്‌കൂളുകളെയോ ആശ്രയിക്കേണ്ടി വരുന്നു.
ഭാരിച്ച ഫീസുള്ളതിനാല്‍ പലരും സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കുന്നില്ല. ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ പിന്നീട് പഠനം നടത്തുന്നില്ല. തുടര്‍ പഠനം സാധ്യമാക്കുന്നതിന് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു പദ്ധതിയും രൂപപ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."