വെള്ളേരിയില്‍ അപകടം പതിവാകുന്നു
അരീക്കോട്: കൊണ്ടോട്ടി അരീക്കോട് സംസ്ഥാന പാതയില്‍ കടുങ്ങല്ലൂര്‍ മുതല്‍ ചെമ്രക്കാട്ടുര്‍ വരെയുള്ള മൂന്ന് കിലോമീറ്ററിനുള്ളില്‍ വാഹനാപകടം പതിവാകുന്നു. വാഹനങ്ങളുടെ മല്‍സരയോട്ടവും റോഡ് നിര്‍മാണം പൂര്‍ത്തികരിച്ചപ്പോള്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാത്തതുമാണ് അപകടം തുടര്‍ക്കഥയാവാന്‍ കാരണം.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ മുപ്പതോളം വാഹനാപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ശരാശരി ദിനം പ്രതി ഒരു വാഹനമെങ്കിലും അപകടത്തില്‍പെടുന്നുണ്ട്. വെള്ളേരി അങ്ങാടിയിലും കടുങ്ങല്ലൂര്‍ പാലം പരിസരത്തുമാണ് ഏറെയും അപകടം നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സ്‌കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ മുണ്ടംപറമ്പ് അല്‍ അന്‍സാറിലെ നാലാം തരം വിദ്യാര്‍ഥി അന്‍സിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. നാലുദിവസം മുന്‍പ് പാലത്തിന് ചുങ്കം പിരിക്കാന്‍ സ്ഥാപിച്ചിരുന്ന ടോള്‍ ബൂത്തിന്റെ അവശിഷ്ടത്തിനടുത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. അന്ന് തന്നെ കടുങ്ങല്ലൂര്‍ അങ്ങാടിയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് 75 വയസ് പ്രായമായ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംസ്ഥാന പാതയായിട്ട് പോലും ആവശ്യമായ ദിശാബോര്‍ഡുകള്‍ ഇല്ലാത്തതും അമിതവേഗതയും തന്നെയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കടുങ്ങല്ലൂര്‍ പാലം നിര്‍മാണത്തിലെ അശാസ്ത്രീയതയും അപകടത്തിന് വഴിവെക്കുന്നുണ്ട്. പെരുമ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും സംസ്ഥാന പാതയിലെ വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നതും വര്‍ധിച്ച് വരികയാണ്. വെള്ളേരി അങ്ങാടിയില്‍ നിന്ന് വല്ലയില്‍ ഭാഗത്തേക്കുള്ള റോഡിലും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. വാഹനങ്ങളുടെ മല്‍സരയോട്ടം നിയന്ത്രിക്കുകയും റോഡില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പാലത്തിനു സമീപത്തെ ടോള്‍ബൂത്ത് അവശിഷ്ടം നീക്കം ചെയ്യുകയും ചെയ്താല്‍ ഒരു പരിധി വരെ ഈ പ്രദേശത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."