സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുത്: ജില്ലാ കലക്ടര്‍
മലപ്പുറം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പ്രധാനാധ്യാപകനും മാനേജ്‌മെന്റിനുമെതിരേ നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ അറിയിച്ചു. ജില്ലയിലെ പല സ്‌കൂളികളിലും കാലപ്പഴക്കം ചെന്നതും സാങ്കേതിക തകരാറുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ഇത് നിരന്തരം അപകടം ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാഹനങ്ങള്‍ നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.
സ്‌കൂള്‍ വാഹനങ്ങള്‍ക്കു വേണ്ട നിബന്ധനകളും സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. കുറ്റമറ്റരീതിയില്‍ എല്ലാവിധ സാങ്കേതിക പരിശോധനക്കും വിധേയമാക്കിയ ശേഷമേ വാഹനങ്ങള്‍ ഉപയോഗിക്കാവൂ. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഡിസാസ്റ്റ്മാനേജ്‌മെന്റ് ആക്റ്റ് 2005 വകുപ്പ് 30 ഉപ വകുപ്പ് (5), വകുപ്പ് 33 എന്നിവ പ്രകാരം ജില്ലയില്‍ ഓടിക്കുന്നത് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാകലക്ടര്‍ നിരോധിച്ചു. ഇതു ലംഘിക്കുന്ന ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, മാനേജര്‍ തുടങ്ങയവര്‍ക്കെതിരേയാണ് നടപടിയുണ്ടാവുക. ഇവര്‍ക്കെതിരേ ഡിസാസ്റ്റ് മാനേജ്‌മെന്റ് ആക്റ്റ് 2005 വകുപ്പ് 51(ബി) പ്രകാരം നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."