'കരുണ' വന്ധ്യംകരണ പദ്ധതിയില്‍ വളര്‍ത്തുനായ്ക്കളും
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന 'കരുണ' വന്ധ്യംകരണ പദ്ധതിയില്‍ (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം- എ.ബി.സി) തെരുവുനായ്ക്കള്‍ക്കൊപ്പം വളര്‍ത്തുനായ്ക്കള്‍ക്കും വന്ധ്യംകരണവും വാക്‌സിനേഷനും നല്‍കും. വളര്‍ത്തുനായ്ക്കളെ വന്ധ്യംകരിക്കാതിരിക്കണമെങ്കില്‍ ബ്രീഡിങ് ലൈസന്‍സ് എടുത്തിരിക്കണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.സി മോഹന്‍ദാസ് അറിയിച്ചു. ജില്ലയില്‍ എട്ടു കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഒരേസമയം വന്ധ്യംകരണം നടപ്പിലാക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.
ഒരു കേന്ദ്രത്തില്‍ ഒരുദിവസം പത്തു നായ്ക്കളെ വീതം അഞ്ചുമാസം കൊണ്ട് പതിനായിരം നായ്ക്കളെ വന്ധ്യംകരിക്കാനാണ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ സ്ഥാപനങ്ങളാണ് വന്ധ്യംകരണ കേന്ദ്രങ്ങളായി പഞ്ചായത്തുകളുടെ സഹായത്തോടെ രൂപപ്പെടുത്തുക. വന്ധ്യംകരിച്ച നായ്ക്കളെ ഇവിടെ മൂന്നുദിവസം പാര്‍പ്പിച്ച ശേഷം പിടികൂടിയ സ്ഥലത്ത് തുറന്നുവിടും. ഇവയെ തിരിച്ചറിയാനായി പിടികൂടുന്ന സമയത്ത് കഴുത്തില്‍ ടാഗ് കെട്ടി പിടികൂടിയ സ്ഥലം രേഖപ്പെടുത്തും. വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാനായി ചെവിയില്‍ അടയാളവുമിടും. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരേതര സംഘടനയെയാണ് (എന്‍.ജി.ഒ) ചുമതലപ്പെടുത്തുക. നായ്ക്കളെ പിടികൂടുന്നതും വന്ധ്യംകരിക്കുന്നതും പിന്നീട് ശുശ്രൂഷിക്കുന്നതും തിരികെവിടുന്നതും എന്‍.ജി.ഒയുടെ ചുമതലയിലാകും. വന്ധ്യംകരണ കേന്ദ്രത്തില്‍ സി.സി.ടി.വി സ്ഥാപിക്കും. വന്ധ്യംകരണത്തിനും വാക്‌നിനേഷനുമൊപ്പം വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കലും നിര്‍ബന്ധമാണ്. പ്രാരംഭത്തില്‍ മൊബൈല്‍ വന്ധ്യംകരണ യൂനിറ്റാണ് തീരുമാനിച്ചിരുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ എന്‍. പ്രശാന്ത്, ജില്ലാ മൃഗസരക്ഷണ ഓഫിസര്‍ ഡോ. യു.എസ് രാമചന്ദ്രന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."