ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍
കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പിടിച്ചെടുക്കാന്‍ നിലവിലുളള ഭരണസമിതി നീക്കം നടത്തുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍ കൗണ്‍സിലില്‍ ആരോപിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ മറികടന്ന് അവകാശം സ്ഥാപിക്കാനാണ് ഭരണസമിതിയുടെ ശ്രമം. പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയുടെ അനുമതി തേടിയപ്പോഴാണ് കളളക്കളികള്‍ പുറത്തുവന്നത്. 1987 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌റ്റേഡിയം നികുതി നല്‍കാതെയാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്.
നിലവിലുളള നീന്തല്‍ക്കുളം പൊളിച്ച് 35 കോടി രൂപയുടെ പുതിയ കുളം നിര്‍മ്മിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഒന്നര കോടി രൂപയുടെ നികുതി കുടിശിക അടച്ച് നഗരസഭയുടെ അനുമതി തേടാന്‍ നീക്കങ്ങള്‍ നടത്തി. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 50 ലക്ഷം രൂപ ഇളവു ചെയ്തു. അവശേഷിക്കുന്ന തുക നാലു ഗഡുക്കളായി അടയ്ക്കുന്നതിന് സാവകാശം നല്‍കി. ഇതനുസരിച്ച് 25 ലക്ഷം രൂപ കൂടി ഭരണസമിതി പിന്നീട് അടച്ചു. സ്റ്റേഡിയം സ്വകാര്യ ക്‌ളബ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചന്ദ്രന്‍ ആരോപിച്ചു.
മൂന്നര ലക്ഷം രൂപയാണ് ആജീവനാന്ത അംഗത്വ ഫീസ്. ഇതോടെ സാധാരണക്കാരും യഥാര്‍ത്ഥ കായികപ്രേമികളും പുറത്തായി. സ്വകാര്യ സ്‌പോര്‍ട്‌സ് കമ്പനിയായ ലീ നിംഗുമായി ഭരണസമിതിക്ക് കരാറുണ്ട്. ഈ കമ്പനിയുമായി ബന്ധമില്ലാത്ത ടീമുകള്‍ക്കും ഇവിടെ മത്‌സരം നടത്താന്‍ അനുമതിയില്ല. ബാറ്റ്മിന്റണ്‍ അസോസിയേഷന്റെ ടൂര്‍ണമെന്റു പോലും ഗ്രൗണ്ടിന് പുറത്തായി.
രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം സൊസൈറ്റിയുടെ പേരില്‍ കെട്ടിട നമ്പറോ ഉടമസ്ഥാവകാശമോ നല്‍കുവാന്‍ പാടില്ലെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നഗരസഭ സെക്രട്ടറിയെ അറിയിച്ചതായി ചന്ദ്രന്‍ പറഞ്ഞു. അതേസമയം കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് കൗണ്‍സിലിനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."