ചികിത്സ കിട്ടാതെ മൃഗശാലയിലെ ഹിമാലയന്‍ കരടി ചത്തു എ.എസ്. അജയ്ദേവ്
തിരുവനന്തപുരം: മൃഗശാലയിലെ ഹിമാലയന്‍ കരടി ഭവാനിയും ചികിത്സ കിട്ടാതെ ചത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കരടി ചത്തത്.
കൃത്യമായി ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കരടി മരണാസന്ന നിലയിലാണെന്ന് സെപ്റ്റംബര്‍ എട്ടിന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുറന്ന കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കരടിയെ വാര്‍ത്തയെ തുടര്‍ന്ന് അന്നു തന്നെ മൃഗശാലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഏകദേശം 18 വയസ്സോളം പ്രായമുള്ള കരടിക്ക് പ്രായാധിക്യമാണെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഹിമാലയന്‍ കരടികളുടെ ആയുര്‍ ദൈര്‍ഘ്യം 40 വര്‍ഷമാണ്. മൃഗശാലയിലെ കരടി ഇനിയും 32 വര്‍ഷം ഉണ്ടാകേണ്ടതാണ്. കരടിക്കു ചികിത്സ ലഭ്യമാക്കുന്നതില്‍ അധികൃതര്‍ കടുത്ത അനാസ്ഥ കാണിച്ചതായി കീപ്പര്‍മാര്‍ പറയുന്നു. കരടിക്ക് എന്തസുഖമാണെന്ന് കണ്ടെത്താനോ, ചികിത്സ നല്‍കാനോ മൃഗശാലാ ഡോക്ടര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. തുറന്ന കൂട്ടില്‍ കഴിയുന്ന കരടി സന്ദര്‍ശകര്‍ക്കു മുന്നില്‍വെച്ച് ചത്തു പോയാല്‍, അത് അധികൃതര്‍ക്ക് ദോഷം ചെയ്യുമെന്നു കണ്ടാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കരടിക്ക് മരുന്നുകള്‍ നല്‍കിയിരുന്നില്ലെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. മൃഗശാലയില്‍ ആകെ ഒരു ഹിമാലയന്‍ കരടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതുപോലെ നിരവധി മൃഗങ്ങള്‍ ഇവിടെ ചികിത്സ ലഭിക്കാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ടെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."