പ്രസവ വാര്‍ഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍: പ്രതിഷേധം ശക്തമാകുന്നു
കുന്നംകുളം: നിര്‍മാണം പൂര്‍ത്തിയായിട്ടും കുന്നംകുളം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെതിരേ രോഗികളുടെ പ്രതിഷേധം ശക്തമാവുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച പ്രസവ വാര്‍ഡില്‍ രോഗികളെ പ്രവേശിപ്പിക്കാത്ത ആശുപത്രി അധികൃതരുടെ നടപടിയില്‍ മന്ത്രിയടക്കമുളള അധികാരികള്‍ ഇടപെടണമെന്ന് രോഗികള്‍. ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പുതിയ പ്രസവ വാര്‍ഡ് വേണമെന്ന ആവശ്യം ജനകീയമായതോടെയാണ് 2011 ല്‍ ആശുപത്രിയില്‍ പുതിയ പ്രസവ വാര്‍ഡിന്റെ നിര്‍മാണം ആരംഭിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നത്. 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ നിര്‍മിതിയാണ് പ്രസവ വാര്‍ഡിന്റെ നിര്‍മാണം ആരംഭിച്ചത്. തുടര്‍ന്ന് പത്തു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി 2011 ല്‍ തന്നെ നിര്‍മാണം ആരംഭിച്ചെങ്കിലും കെട്ടിട നിര്‍മാണത്തിന് തടസമായി നിന്നിരുന്ന മരം മുറിച്ചു മാറ്റേണ്ടതായി വന്നു. മരം മുറിക്കാന്‍ അനുമതി ലഭിക്കാതെ വന്നപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മാണം പുനരാരംഭിക്കാനിരിക്കെ, എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്യാന്‍ നിര്‍മിതി ആവശ്യപ്പെട്ടു. എന്നാല്‍ എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്യാന്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ തീര്‍പ്പാകും മുന്‍പ് അതു ശരിയാക്കാമെന്ന നഗരസഭയുടെ ഉറപ്പില്‍ 2011 ലെ എസ്റ്റിമേറ്റ് പ്രകാരം തന്നെ 2014 ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.
നിലവില്‍ കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തികളും പൂര്‍ത്തിയായിരിക്കുകയാണ്. വൈദ്യുതീകരണവും, നിലത്ത് ടൈല്‍ വിരിക്കുന്നതിന്റെയും വാതിലുകള്‍ സ്ഥാപിക്കുന്നതിന്റെയും പ്രവര്‍ത്തികളാണ് ബാക്കി നില്‍ക്കുന്നത്. പ്രവര്‍ത്തി 95 ശതമാനം പിന്നിട്ടപ്പോള്‍ നിര്‍മാണമേറ്റെടുത്ത നിര്‍മിതിക്ക് നല്‍കിയത് 38 ലക്ഷം രൂപയാണ്. പുതുക്കിയ എസ്റ്റിമേറ്റനുസ രിച്ച് ഇനിയും 50 ലക്ഷത്തില്‍ കൂടുതല്‍ നല്‍കണം. എന്നാല്‍ ബാക്കി തുക നല്‍കാനോ, 2014 ല്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റ് അംഗീകരിക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. പണം ലഭിക്കാതെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവില്ലെന്ന നിലപാടിലാണ് നിര്‍മിതിയും.
കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിര കണക്കിന് രോഗികളുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രി. പ്രസവം കഴിഞ്ഞ സ്ത്രീകളും കൂടെ നില്‍ക്കുന്നവരുമുള്‍പ്പെടെയുള്ളവര്‍ കഷ്ടിച്ചാണ് ഈ കെട്ടിടത്തില്‍ കഴിയുന്നത്. പ്രസവം നിര്‍ത്താനെത്തുന്ന സ്ത്രീകളെയും ഇവിടെ തന്നെയാണ് പ്രവേശിപ്പിക്കുന്നത്. രോഗികള്‍ ഇത്രയും ദുരിതമനുഭവിക്കുമ്പാഴാണ് അധികൃതരുടെ അലംഭാവം മൂലം പുതിയ കെട്ടിടം തുറന്നു കൊടുക്കാതെ രോഗികളെ വലക്കുന്നത്. നാമമാത്രമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനിരിക്കെ പരസ്പരം പ്രത്യാരോപണങ്ങള്‍ നടത്താതെനിര്‍മാണം പൂര്‍ത്തീകരിച്ച് പ്രസവ വാര്‍ഡ് തുറന്നു കൊടുത്ത് രോഗികളെ സംരക്ഷിക്കണമെന്നും ജീവകാരുണ്യ പ്രവര്‍ത്തകനായ സോമന്‍ പിളള ആവശ്യപെട്ടു. സംഭവം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."