സിറിയ: റഷ്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യു.എന്‍
ജനീവ/ദമസ്‌കസ്: സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ ലംഘിച്ചതിനെ തുടര്‍ന്ന് കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക. ഇതിനു പിന്നാലെ റഷ്യയുടെ വ്യോമാക്രമണത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈക്കമ്മിഷണറും രംഗത്തെത്തി. അലെപ്പോയില്‍ റഷ്യന്‍ സൈന്യം മാരകായുധങ്ങളുപയോഗിച്ച് ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും തകര്‍ക്കുന്നതിനെയാണ് യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് ഹുസൈന്‍ അപലപിച്ചത്.
മറ്റൊരാള്‍ക്കുവേണ്ടി ഏകപക്ഷീയമായി ആക്രമണം നടത്തുന്നത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയോ മാരകമായി പരുക്കേല്‍ക്കുകയോ ചെയ്യാനിടയാക്കിയ വ്യോമാക്രമണം സിറിയയില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്നു. വിമതരില്‍ നിന്നും അലപ്പോ പ്രദേശം തിരിച്ചു പിടിക്കാനെന്ന പേരില്‍ സിറിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് റഷ്യ വ്യോമാക്രമണം നടത്തിയത്.
തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ ആശുപത്രികള്‍ ഉള്‍പ്പടെയുള്ളവ തകര്‍ന്നിട്ടുണ്ട്. അലപ്പോയിലെ കാര്യങ്ങളില്‍ ധീരമായ ചില തീരുമാനങ്ങളും എടുക്കേണ്ടതായുണ്ട്. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് നടപടിയെ വീറ്റോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയിലെ സംഭവവികാസങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ അന്താരാഷ്ട്ര ക്രമിനല്‍ കോടതിയില്‍ യു.എന്‍ തയാറാകണമെന്നും സെയ്ദ് ആവശ്യപ്പെട്ടു.
മനുഷ്യത്വപരമായ എല്ലാ നിയമങ്ങളും ലംഘിച്ചുള്ള ആക്രമണമാണ് സിറിയയില്‍ സര്‍ക്കാറും അവരെ സഹായിക്കാനായി എത്തിയ റഷ്യയും നടത്തുന്നത്. പ്രത്യേക സുരക്ഷയ്‌ക്കെന്ന പേരിലാണ് ആക്രമണം നടത്തുന്നതെങ്കിലും മെഡിക്കല്‍ യൂനിറ്റുകള്‍, ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നവര്‍, ജനസേചന സംവിധാനങ്ങള്‍ എന്നിവയെല്ലാം ആക്രമണത്തില്‍ ലക്ഷ്യം വയ്ക്കുകയാണ്.
കഴിഞ്ഞ സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ കിഴക്കന്‍ അലപ്പോയില്‍ സിറിയന്‍ സേനയും റഷ്യയും നടത്തിയ ആക്രമണത്തില്‍ 106 കുട്ടികള്‍ ഉള്‍പ്പടെ 342 പേര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫദേല ചെയ്ബ് പറഞ്ഞു. ആക്രമണത്തില്‍ 261 കുട്ടികള്‍ ഉള്‍പ്പടെ 1129 പേര്‍ക്ക് മാരകമായി പരുക്കേറ്റതായും പറയുന്നു.
ഇന്നലെ അലപ്പോയില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."