പുറ്റിങ്ങല്‍ അപകടം ഒന്നേമുക്കാല്‍ കോടി അനുവദിച്ചു
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്കും, ജില്ലയിലെ വിവിധ ആശുപത്രികള്‍ക്കും നല്‍കുന്നതിനായി ഒന്നേമുക്കാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
സാരമായി പരുക്കേറ്റതും, നിസാര പരുക്കേറ്റതും രണ്ടായി തിരിച്ചാണു പട്ടിക തയാറാക്കിയിരിക്കുന്നത്. സാരമായി പരുക്കേറ്റ ഇരുപതുപേരുടെയും നിസാര പരുക്കേറ്റ അഞ്ചുപേരുടേയും ലിസ്റ്റ് അന്തിമ പട്ടികയായി കൊല്ലം താലൂക്കോഫിസില്‍ എത്തിയിട്ടുണ്ട്. സാരമായി പരുക്കേറ്റവര്‍ക്കു രണ്ടു ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്കു അമ്പതിനായിരം രൂപയുമാണു വകയിരുത്തിയിട്ടുള്ളത്.പരുക്കേറ്റവരുടെ അവസാന പട്ടികയില്‍ നേരത്തെ മുപ്പത്തിഅഞ്ചു പേരുണ്ടായിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ ഇരുപത്തിഅഞ്ച് ആയി നിജപ്പെടുത്തുകയായിരുന്നു.ജില്ലയിലെ ഒന്‍പതാശുപത്രികള്‍ക്കായി 1.32 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ആദ്യം വിവിധ ഘട്ടങ്ങളിലായി കൊല്ലം താലൂക്ക് പരിധിയില്‍ പരുക്കേറ്റ 262 പേര്‍ക്കുള്ള ധനസഹായം നേരത്തെ വിതരണം ചെയ്തിരുന്നു. വിവിധ ആശുപത്രികളില്‍ നിന്നും ചികിത്സ സംബന്ധിച്ച രേഖകള്‍ എത്താന്‍ വൈകിയതും നഷ്ടപരിഹാരത്തിനു അര്‍ഹതപ്പെട്ടവര്‍ യഥാസമയം രേഖകളെത്തിക്കുന്നതില്‍ കാലതാമസം വരുത്തിയതുമാണു താമസത്തിനു ഇടയാക്കിയതെന്നു ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആശുപത്രികള്‍ ആദ്യഘട്ടത്തില്‍ നല്‍കിയ ചികിത്സ സംബന്ധിച്ച ബില്ലുകള്‍ കൂടുതല്‍ വ്യക്തതയ്ക്കും വിശദീകരണത്തിനുമായി മടക്കിയതു പിന്നീട് തിരിച്ചെത്തിക്കുന്നതിലും കാലതാമസമുണ്ടായി. ഇതിനിടെ രണ്ടു ആശുപത്രികള്‍ പ്രതിഷേധ സൂചകമായി പുതുക്കിയ ബില്ലുകള്‍ നല്‍കുന്നതിനു വിമുഖതയും പ്രകടിപ്പിച്ചു.
അതേസമയം തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ക്കുള്ള കുടിശ്ശിക വിതരണം എങ്ങുമെത്തിയിട്ടില്ല. ദുരന്ത സമയത്തു അടിയന്തിര സഹായമായി നല്‍കിയ അയ്യായിരം രൂപയൊഴിച്ചുള്ള തുകയാണു ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."