തുറമുഖ തൊഴിലാളികളുടെ കൂലിവര്‍ധന; തര്‍ക്കത്തിനു പരിഹാരമായി
ഇന്നുമുതല്‍ ചരക്കുനീക്കം ആരംഭിക്കും
ഫറോക്ക്: ബേപ്പൂര്‍ തുറമുഖത്തെ തൊഴിലാളികളുടെ കൂലിവര്‍ധന തര്‍ക്കത്തിനു പരിഹാരമായി. നിലവിലെ കൂലി നിരക്കില്‍ 15ശതമാനം വര്‍ധിപ്പിച്ചാണ് പ്രശ്‌നപരിഹാരമായത്. കോഴിക്കോട് ജോയന്റ് ലേബര്‍ കമ്മിഷണര്‍ സുനില്‍ കുമാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ തുറമുഖത്തെ ചരക്കുനീക്കത്തിനുള്ള അനിശ്ചിതാവസ്ഥക്കു വിരാമമായി. ഇന്നുരാവിലെ മുതല്‍ തുറമുഖത്ത് കയറ്റിറക്ക് ആരംഭിക്കും.
തൊഴിലാളി സംഘടനാ പ്രതിനിധികള്‍,
വെസല്‍ ഏജന്റുമാരുടെ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനപ്രകാരം തുറമുഖത്തെ നിലവിലെ തൊഴില്‍ സ്വഭാവത്തെകുറിച്ചു പഠിക്കുന്നതിനായി ജില്ലാ ലേബര്‍ ഓഫിസര്‍ ചെയര്‍മാനായി ഏഴംഗ സമിതി രൂപീകരിച്ചു.
നവംബര്‍ 16നകം സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുറമുഖത്തെ കൂലി നിരക്ക് നിശ്ചയിച്ചതില്‍ അശാസ്ത്രീയതയുണ്ടെന്ന വെസല്‍ ഏജന്റുമാരുടെ ആക്ഷേപത്തെതുടര്‍ന്നാണ് വിഷയം പഠിക്കാന്‍ സമിതിയെ നിശ്ചയിച്ചത്.
തുറമുഖത്തെ തൊഴിലാളികളുടെ കൂലിനിരക്ക് രണ്ടുവര്‍ഷം കൂടുമ്പോഴാണ് പുതുക്കി നിശ്ചയിക്കുക. നിലവിലെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിച്ചിരുന്നു.
കൂലി വര്‍ധനവ് ആവശ്യപ്പെട്ടു പതിവുപോലെ തൊഴിലാളി സംഘടനകള്‍ നേരത്തേതന്നെ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വെസല്‍ ഏജന്റുമാര്‍ തടസവാദം ഉന്നയിച്ചതിനെതുടര്‍ന്നു പോര്‍ട്ട് ഓഫിസറും ജില്ലാ ലേബര്‍ ഓഫിസറും നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍, ബേപ്പൂര്‍ പോര്‍ട്ട് സീനിയര്‍ കണ്‍സര്‍വേറ്റര്‍ ഗിരീഷ്, തൊഴിലാളി സംഘടന പ്രതിനിധികളായ യു. പോക്കര്‍, എം.ഐ. മുഹമ്മദ്, പി. കൃഷ്ണന്‍, കെ.സിദ്ദാര്‍ഥന്‍, എ.ഇ. മാത്യു, വെസല്‍ ഏജന്റമാരുടെ പ്രതിനിധികളായ മുകുന്ദന്‍, മുഹമ്മദ്, റഫീഖ്, എം. മെഹ്‌റൂഫ്, ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ സെക്രട്ടറി എം.വി. ആസാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."