അത്യാവശ്യ ആംബുലന്‍സ് സര്‍വിസിലേക്കുള്ള 102 'പരിധി'ക്കപ്പുറത്താണ്
അങ്ങാടിപ്പുറം: അപകട സമയത്തു വിളിക്കാനുള്ള ആംബുലന്‍സ് സര്‍വിസിനുള്ള ടോള്‍ഫ്രീ നമ്പറായ 102 ചലനമറ്റ അവസ്ഥയിലായിട്ടു ദിവസങ്ങളോളമായി. അപകട ഘട്ടങ്ങളില്‍ പൊലിസും ഫയര്‍ഫോഴ്‌സും പൊതുജനങ്ങളും പലപ്പോഴും ആശ്രയിക്കുന്നത് 102നെയാണ്. എന്നാല്‍ കുറച്ചു ദിവസമായി ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വിളിക്കുമ്പോള്‍ ഈ നമ്പര്‍ നിലവിലില്ല എന്ന മറുപടിയാണു ലഭിക്കുന്നത്.
വട്ടപ്പാറ വളവിലും പാണമ്പ്ര അപകട മേഖലകളിലും കഴിഞ്ഞ വര്‍ഷം പെരിന്തല്‍മണ്ണ കട്ടുപ്പാറ നാട്യമംഗലത്തുമുണ്ടായ ബസ് അപകടങ്ങളിലും മിനിറ്റുകള്‍ക്കകം ആംബുലന്‍സുകളെ എത്തിക്കാന്‍ 102 നു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥകളാവുന്ന ജില്ലയില്‍ നമ്പര്‍ വിളിച്ചു കിട്ടാത്തത് ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇത്തരം സര്‍വിസുകളെ ആശ്രയിക്കുന്ന ജില്ലാ ട്രോമകെയര്‍, സേവിയേര്‍സ് പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെയും ഇതു സാരമായി ബാധിക്കുന്നു. വേഗത്തില്‍ ലഭ്യമാക്കേണ്ട ആംബുലന്‍സ് സര്‍വിസിന്റെ ടോള്‍ഫ്രീ നമ്പര്‍ എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."