മഞ്ഞപ്പടയെ ലാറ വീഴ്ത്തി
കൊച്ചി: സ്വന്തം മണ്ണിലെ ആദ്യ പോരാട്ടത്തിലും ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നില്ല. സ്റ്റേഡിയം മഞ്ഞക്കടലാക്കി ഫുട്‌ബോള്‍ പ്രേമികള്‍ തങ്ങളുടെ കൂറ് പ്രഖ്യാപിച്ച പോരാട്ടത്തില്‍ ഒരു ഗോളിനു കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആദ്യ ജയം സ്വന്തമാക്കി. 53 ാം മിനുട്ടില്‍ സ്പാനിഷ് താരം ജാവി ലാറ തൊടുത്ത ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വീണത്. അത്‌ലറ്റിക്കോ ഡി. കൊല്‍ക്കത്തയ്ക്ക് എതിരായ ആദ്യ ഹോം പോരാട്ടത്തിനു ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത് അടിമുടി മാറ്റവുമായി. നോര്‍ത്ത്ഈസ്റ്റിനെതിരേ ഇറങ്ങിയ നിരയില്‍ ആറു മാറ്റങ്ങളുമായാണ് കൊമ്പന്‍മാര്‍ കളിച്ചത്. 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ കളത്തിലിറക്കിയത്.
ആദ്യ പോരാട്ടത്തിലെ ആദ്യ ഇലവനിലുണ്ടായിരുന്ന അഞ്ചു പേര്‍ മാത്രമാണ് ഇന്നലെ കളത്തിലിറങ്ങിയത്. ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്, പ്രതിരോധ നിരയിലെ കരുത്തന്‍ സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിങ്കാന്‍, മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍, മുന്നേറ്റനിരയില്‍ അന്റോണിയോ ജര്‍മെയ്ന്‍ എന്നിവര്‍. മാര്‍ക്വീ താരം ആരോണ്‍ ഹ്യുഗ്‌സ്, മുഹമ്മദ് റാഫി, കെവിന്‍സ് ബെല്‍ഫോര്‍ട്ട്, ഇഷ്ഫഖ് അഹമ്മദ്, ദിദിയര്‍ കാഡിയോ, വിനിത് റായ് എന്നിവരെ പുറത്തിരുത്തി.
പകരം പ്രതിക് ചൗധരി, മുഹമ്മദ് റഫീഖ്, ഫറൂഖ് ചൗധരി, ഡക്കന്‍സ് നാസന്‍, എല്‍ഹാദി നോയേ, ജോസു കുരിയാസ് എന്നിവര്‍ കളത്തിലെത്തി. അത്‌ലറ്റിക്കോ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. റോബര്‍ട്ട് ലാല്‍താമുനയും പ്രബിര്‍ ദാസും ആദ്യ ഇലവനില്‍ എത്തി. ഹെല്‍ഡര്‍ പോസ്റ്റിഗയും ഇയാന്‍ ഹ്യൂമും ബോര്‍ജ ഫെര്‍ണാണ്ടസും, സമീഗ് ദ്യുതിയും ആദ്യ ഇലവനില്‍ ഇറങ്ങിയതോടെ കടലാസില്‍ ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ കരുത്ത് അത്‌ലറ്റിക്കോയ്ക്കായിരുന്നു. 4-5-1 ശൈലിയിലാണ് പിരിശീലകന്‍ മൊളിനോ കൊല്‍ക്കത്തയെ അണിനിരത്തിയത്.
ഗോള്‍ പിറക്കാന്‍ മടിച്ച
ആദ്യ പകുതി
ഹ്യൂമേട്ടനെന്ന ഇയാന്‍ ഹ്യൂമിന്റെ കിക്കോടെയായിരുന്നു പോരാട്ടത്തിന്റെ തുടക്കം. അഞ്ചാം മിനുട്ടല്‍ അത്‌ലറ്റിക്കോയുടെ ആദ്യ അവസരം. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് വലതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ ഹ്യൂം ബോക്‌സിലേക്ക് പന്തു മറിച്ചു നല്‍കി. ഹ്യൂമിന്റെ ക്രോസ് പോസ്റ്റിഗ കണക്്ട് ചെയ്യാന്‍ ശ്രമിക്കും മുന്‍പേ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ക്ലിയര്‍ ചെയ്തു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. വലതു വിങ്ങില്‍ നിന്നു ലഭിച്ച ത്രോയ്ക്ക് ശേഷം ലഭിച്ച പാസ് ഹെയ്തി താരം ഡക്കന്‍ നാസന്‍ കൊല്‍ക്കത്തന്‍ വല ലക്ഷ്യമാക്കി മനോഹരമായി തൊടുത്തു.
പക്ഷേ പന്ത് പുറത്തേക്ക് പറന്നു. ഒന്‍പതാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സെഡ്രിക് ഹെങ്ബര്‍ട്ട് ഹ്യൂമിനെ ഫൗള്‍ ചെയ്തതിനു കൊല്‍ക്കത്തയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. ബോക്‌സിനു പുറത്തു നിന്നു ജാവിയര്‍ ലാറ തൊടുത്ത ഫ്രീ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പറന്നു. തൊട്ടു പിന്നാലെ കൊല്‍ക്കത്തന്‍ ഗോള്‍ മുഖത്തേക്ക് ബ്ലാസ്റ്റേഴ്‌സ് നിര ഇരമ്പിക്കയറി. പ്രിയപ്പെട്ട ജോസൂട്ടി എന്ന ജോസു കുരിയാസും ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മെയ്‌നും മുഹമ്മദ് റഫീഖും മൈതാനം നിറഞ്ഞു കളിച്ചതോടെ കൊല്‍ക്കത്തന്‍ പ്രതിരോധം ആടിയുലഞ്ഞു.
17ാം മിനുട്ടില്‍ അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയേറ്റു. അവരുടെ സൂപ്പര്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗ പരുക്കേറ്റ് കളത്തിനു പുറത്തേക്ക്്. പകരക്കാരനായി ജുവാന്‍ കാര്‍ലോസ് എത്തി. 19ാം മിനുട്ടില്‍ അത്‌ലറ്റിക്കോയ്ക്ക് സുവര്‍ണാവസരം. രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വെട്ടിച്ച് മുന്നേറിയ ലാറ നല്‍കിയ പാസ് ഒന്ന് തൊടേണ്ട കാര്യമേ കാര്‍ലോസിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ശക്തമായ ഇടപെടലില്‍ ഗോള്‍ ശ്രമം വിഫലമാക്കി. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ഇരു ഗോള്‍ മുഖത്തും ആക്രമണം ശക്തമായി.
എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. ആരോണ്‍ ഹ്യൂസിന് പകരക്കാരനായി പ്രതിരോധ നിരയില്‍ പന്തു തട്ടാനിറങ്ങിയ പ്രതിക് ചൗധരി മിന്നുന്ന പ്രകടനമാണ് നടത്തിയത്. 26ാം മിനുട്ടില്‍ ഗോളെന്ന് ഉറപ്പിച്ച അത്‌ലറ്റിക്കോ താരം സമീഗ് ദ്യുതിയുടെ തകര്‍പ്പന്‍ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി ഗ്രഹാം സ്റ്റാക് മനോഹരമായി കുത്തിയകറ്റി. 28ാം മിനുട്ടില്‍ ജര്‍മെയ്ന്‍ തിരിച്ചടിച്ചെങ്കിലും ഷോട്ട് നെറ്റിന്റെ പുറത്തു പതിച്ചു.
തൊട്ടു പിന്നാലെ അത്‌ലറ്റിക്കോക്ക് അനുകൂലമായി രണ്ട് കോര്‍ണര്‍. എന്നാല്‍ അവര്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 32ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിനു വീണ്ടും അവസരം. എന്നാല്‍, ഇത്തവണയും ജര്‍മെയ്‌ന് പിഴയ്ക്കുന്നതാണു കണ്ടത്. താരത്തിന്റെ ഇടംകാല്‍ ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേക്ക് പറന്നു. 42ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായ ആദ്യ കോര്‍ണര്‍.
അപകട ഭീഷണി ഉയര്‍ത്തിയെങ്കിലും അത്‌ലറ്റിക്കോ താരം ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒടുവില്‍ ഗോള്‍രഹിത സമനിലയുമായി ആദ്യ പകുതി അവസാനിച്ചു.
ഹീറോയായി ജാവി ലാറ
ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. കൊല്‍ക്കത്തന്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറിയ മഞ്ഞപ്പടയ്ക്ക് മുന്നില്‍ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. തൊട്ടു പിന്നാലെ കൊല്‍ക്കത്ത തിരിച്ചടിച്ചു. 50ാം മിനുട്ടില്‍ കൊല്‍ക്കത്തന്‍ താരം ദ്യുതിയുടെ ക്രോസിന് ജുവാന്‍ കാര്‍ലോസ് ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
53ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് പ്രേമികളെ ഞെട്ടിച്ച് അത്‌ലറ്റിക്കോ ഗോള്‍ നേടി. ജുവാന്‍ കാര്‍ലോസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തു നിന്നു ജാവി ലാറ പായിച്ച തകര്‍പ്പന്‍ ഷോട്ട് സന്ദേശ് ജിങ്കാന്റെ കാലുകളില്‍ തട്ടി ദിശ മാറി വലയില്‍ കയറിയപ്പോള്‍ ഗോളി ഗ്രഹാം സ്റ്റാകിനു കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളു. ഗോള്‍ വഴങ്ങിയതിന്റെ നിരാശയില്‍ നിന്നു ഉണര്‍ന്ന ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിക്ക് കോപ്പുകൂട്ടി. കൊല്‍ക്കത്തയും മികച്ച നീക്കങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ വിറപ്പിച്ചു. 58ാം മിനുട്ടില്‍ കൊല്‍ക്കത്തക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ മുതലാക്കാനായില്ല.
65ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാകിനെ പിന്‍വലിച്ച് സന്ദീപ് നന്ദിയെ കോപ്പല്‍ കളത്തിലിറക്കി. മൂന്നു മിനുട്ടിനു ശേഷം ഫാറൂഖ് ചൗധരിയെ തിരിച്ചുവിളിച്ച് ഹെയ്തി സ്‌ട്രൈക്കര്‍ കെവിന്‍ ബെല്‍ഫോര്‍ട്ടിനെയും കളത്തിലിറക്കി മുന്നേറ്റത്തിന് മൂര്‍ച്ചക്കൂട്ടി. എന്നാല്‍ കൊല്‍ക്കത്തന്‍ പ്രതിരോധം ഉറച്ചു നിന്നതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ ഫലം കണ്ടില്ല. 73ാം മിനുട്ടില്‍ ഡക്കന്‍സ് നാസനെ തിരിച്ചുവിളിച്ച് ന്യൂകാസില്‍ യുനൈറ്റഡ് മുന്‍ താരവും ഇന്ത്യന്‍ വംശജനായ മൈക്കല്‍ ചോപ്രയെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. തൊട്ടുപിന്നാലെ ബെല്‍ഫോര്‍ട്ടും ജര്‍മെയ്‌നും മനോഹരമായ നീക്കം നടത്തി. ബെല്‍ഫോര്‍ട്ട് പോസ്റ്റിനു മുന്നിലേക്ക് നല്‍കിയ ക്രോസ് കണക്ട് ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കായില്ല.
പ്രത്യാക്രമണം നടത്തിയ കൊല്‍ക്കത്തന്‍ താരം പായിച്ച ലോങ് ഷോട്ട് മാനംമുട്ടെ പറന്നു പോയി. 76ാം മിനുട്ടില്‍ റഫറി ആദ്യമായി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ഹ്യൂമിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റഫീഖിന് ബുക്കിങ്ങ്. 79ാം മിനുട്ടില്‍ കൊല്‍ക്കത്ത സമീഗ് ദ്യുതിയെ പിന്‍വലിച്ച് ലാല്‍റിന്‍ക റാള്‍റ്റയെ ഇറക്കി. അവസാന മിനുട്ടുകളില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം സമനില ഗോള്‍ തേടി അത്‌ലറ്റിക്കോ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറിയെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ അഞ്ച് മിനുട്ട് ഇഞ്ച്വറി ടൈമും പിന്നിട്ട് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് പ്രേമികള്‍ക്ക് നിരാശ മാത്രം ബാക്കി. ഞായറാഴ്ച ഡല്‍ഹി ഡൈനാമോസിനെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."