എന്ന് സ്വന്തം തപാല്‍
ഒക്‌ടോബര്‍ 9 ലോകമെങ്ങും തപാല്‍ദിനമായി ആചരിക്കുകയാണ്. ഫോണും ഇന്റര്‍നെറ്റുമൊക്കെ പ്രചാരം നേടുന്നതിന്റെ മുമ്പ് ആശയങ്ങള്‍ കൈമാറിയിരുന്നത് പ്രധാനമായും കത്തുകള്‍ മുഖേനയായിരുന്നു. ഹൃദയ വികാരത്തിന്റെ മഷി പുരണ്ട ഈ കത്തുകളുടെ ആഗോള കൈമാറ്റ ശൃഖലയാണ് തപാല്‍ വകുപ്പ്.
1874 ല്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ (UPU) സ്ഥാപിതമായതിന്റെ ഓര്‍മയ്ക്കാണ് ഈ ദിനം തപാല്‍ ദിനമായി ആചരിക്കുന്നത്. 1969 ല്‍ ജപ്പാനിലെ ടോക്യോവില്‍ ചേര്‍ന്ന രാജ്യാന്തര തപാല്‍ യൂണിയന്റെ സമ്മേളനത്തിലാണ് ആചരിക്കാന്‍ തീരുമാനമായത്. ആഗോളതലത്തില്‍ 189 രാഷ്ട്രങ്ങള്‍ യു പിയുക്ക് കീഴിലുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ തലസ്ഥാനമായ ബേണിലാണ് യൂണിയന്‍ സ്ഥാപിതമായത്.
പോസ്റ്റ് ബോക്‌സ്
17 ാം നൂറ്റാണ്ടില്‍ പാരീസിലാണ് ആദ്യമായി പോസ്റ്റ് ബോക്‌സ് നിലവില്‍ വന്നത്. ഫ്രാന്‍ഷ്വാ ഡി മെലായന്‍ എന്ന ഫ്രഞ്ചുകാരനാണ് ഈ എഴുത്തുപെട്ടി രൂപകല്‍പന ചെയ്തത്. നിറം പച്ചയായിരുന്നു. 1874 ല്‍ അത് ചുവപ്പാക്കി.
ബ്രിട്ടണിലും പോസ്റ്റ് ബോക്‌സിന്റെ നിറം ചുവപ്പ് തന്നെയായിരുന്നു. ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലും അവര്‍ ആ നിറം തന്നെ ഉപയോഗിച്ചു. അങ്ങിനെ നമ്മുടെ നാട്ടിലെ പോസ്റ്റ് ബോക്‌സും ചുവപ്പായി. എന്നാല്‍ നീല തപാല്‍ പെട്ടികളുമുണ്ട് നമ്മുടെ നാട്ടില്‍. തൊട്ടടുത്ത നഗരങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനാള്ള കത്തുകള്‍ ഇടുന്ന പെട്ടികള്‍ക്കായിരുന്നു ഈ നിറം കൊടുത്തിരുന്നത്. മുംബൈ, കൊല്‍കത്ത, ഡല്‍ഹി, ചെന്നൈ, ബംഗ്ലുരു, ഹൈദരാബാദ് എന്നിവടങ്ങളിലാണ് ഇവ ആദ്യം സ്ഥാപിച്ചത്.
ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലുമുണ്ടായിരുന്ന തപാല്‍പെട്ടികള്‍ക്ക് പച്ച നിറമായിരുന്നു. അഞ്ചല്‍പെട്ടികള്‍ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മനി, ഗ്രീസ്, സ്‌പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ പോസ്റ്റ് ബോക്‌സുകളുടെ നിറം മഞ്ഞയാണ്. വെള്ളയാണ് സിംങ്കപ്പൂരിലേത്.
തപാലിന്റെ തുടക്കം
ചരിത്രാതീത കാലം മുതല്‍ തന്നെ വാര്‍ത്താവിനിമയത്തിന് ഭരണസംവിധാനങ്ങള്‍ ഏറെ പ്രാധാന്യം കല്‍പിച്ചിരുന്നതു കാണാം. ലോകത്തെ ആദ്യത്തെ തപാല്‍ സമ്പ്രദായത്തിന് പ്രാചീന ഈജിപ്തില്‍ തുടക്കം കുറിച്ചതായി കരുതുന്നു. കളിമണ്ണ് കുഴച്ച് പലകപോലെയാക്കി അതില്‍ എഴുതും. ഇവ രാജഭടന്‍മാര്‍ മേല്‍വിലാസക്കാരനിലേക്ക് എത്തിക്കും.
ഏകദേശം 3400 വര്‍ഷം പഴക്കമുള്ള കളിമണ്‍ കത്തുകള്‍ പ്രാചീന ഈജിപ്തില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ബിസി ആയിരമാണ്ടില്‍ ചൈനയിലും ഇവിധ പോസ്റ്റല്‍ രീതി നടന്നതായി കാണാം.
സുലൈമാന്‍ നബി ഹുദ്ഹുദ് എന്ന മരംകൊത്തി പക്ഷിയെ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. കല്ലിലും ഇലയിലുമൊക്കെ സന്ദേശമെഴുതി കൊടുത്തുവിടുന്ന രീതി പണ്ട് ഇന്ത്യയിലും നിലവിലുണ്ടായിരുന്നു. കുന്നിന്‍ മുകളില്‍ തീയിട്ട് വളരെ ദൂരെയുള്ളവരെ അപകട സന്ദേശങ്ങള്‍ അറിയിച്ചിരുന്ന സമ്പ്രദായവുമുണ്ടായിരുന്നു.
പ്രത്യേകം തയാര്‍ ചെയ്യപ്പെട്ട വാഹനത്തില്‍ സന്ദേശ വാഹകരായ ദൂതന്‍മാരെ കൊണ്ടുപോകലായിരുന്നു 13 ാം നൂറ്റാണ്ടില്‍ റഷ്യയിലെ തപാല്‍ രീതി. ഇത് കാര്യേജ് എക്‌സ്പ്രസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ രീതിയിലുള്ള പോസ്റ്റല്‍ സമ്പ്രദായങ്ങളിലധികവും രാജാകന്‍മാരായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ സാധാരണക്കാരുടെ കത്തുകളും സന്ദേശങ്ങളും കൊണ്ടുപോകാന്‍ ആദ്യമായി സൗകര്യമൊരുക്കിയത് റോമന്‍ രാജാക്കന്‍മാരാണ്.
പേരു വന്ന വിധം
മറാഠി ഭാഷയിലെ ഠപ്പാല്‍ എന്ന പദത്തില്‍നിന്നാണ് തപാല്‍ എന്ന പേരു വന്നത്. കന്നഡയിലും തപാല്‍ എന്നു തന്നെയാണ്. സൂക്ഷിക്കുക എന്നര്‍ഥം വരുന്ന പൊസിറ്റസ് എന്ന ലാറ്റിന്‍ പദത്തില്‍നിന്ന് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കുമുണ്ടായി.
ഇന്ത്യന്‍ തപാല്‍
ലോകത്ത് തന്നെ ഏറ്റവും വലിയ തപാല്‍ സംവിധാനമുള്ളമുള്ള രാജ്യമാണ് ഇന്ത്യ. ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകള്‍ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. സൈനികര്‍ക്ക് വേണ്ടി പ്രത്യേക ആര്‍മി തപാല്‍ സംവിധാനവും ഇന്ത്യയിലുണ്ട്. വിമാനം വഴി തപാലുകള്‍ മേല്‍വിലാസക്കാരന് എത്തിച്ച് കൊടുക്കാമെന്ന് ലോകത്തിന് ആദ്യമായി കാണിച്ച് കൊടുത്ത രാജ്യം കൂടിയാണ് ഇന്ത്യ.
ബി.സി 322 ല്‍ ഡല്‍ഹി ഭരിച്ച ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലത്ത് പ്രാവുകള്‍ മുഖേനയായിരുന്നു സന്ദേശം കൈമാറിയിരുന്നത്. പിന്നീട് വന്ന സുല്‍ത്താന്‍മാര്‍ തപാല്‍ സംവിധാനത്തെ ഏറെ പരിഷ്‌കരിച്ചു. തുടര്‍ന്നുള്ള മുഗള്‍ ഭരണാധികാരികള്‍ കുതിരപ്പുറത്ത് രാജഭടന്‍മാരെ അയച്ചും കാളവണ്ടിയില്‍ തപാല്‍ ഉരുപ്പടികള്‍ എത്തിച്ചും തപാല്‍ മേഖല വികസിപ്പിച്ചു. ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യയിലെ കത്തിടപാട് കൂടുതല്‍ മെച്ചപ്പെട്ടു.
1854 ല്‍ ഡല്‍ഹൗസി പ്രഭു കൊണ്ടുവന്ന ഇംപീരിയല്‍ തപാല്‍ നിയമമാണ് ആധുനിക ഇന്ത്യന്‍ തപാലിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ തപാല്‍ സംവിധാനത്തെ ഒരൊറ്റ ഡയറക്ടര്‍ ജനറലിനു കീഴിലാക്കുന്നതായിരുന്നു നിയമം. ഇതോടെ ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് സ്ഥാപിതമായി.
തപാല്‍ സ്റ്റാമ്പ്
ലോകത്ത് ആദ്യം തപാല്‍ സ്റ്റാമ്പ് ഇറക്കിയത് ബ്രിട്ടണ്‍ ആണ്. 1840 മെയ് 1 നായിരുന്നു. പെന്നി ബ്ലാക്ക് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. വിക്‌ടോറിയ രാജ്ഞിയുടെ മുഖചിത്രം ആലേഖനം ചെയ്യപ്പെട്ടതായിരുന്നു. സ്‌കോട്ടുലാന്‍ഡുകാരനായ സര്‍ റോളണ്ട് ഹില്‍ ആണ് സ്റ്റാമ്പ് തയ്യാറാക്കിയത്. അതോടെ അദ്ദേഹം തപാല്‍ സ്റ്റാമ്പുകളുടെ പിതാവായി അറിയപ്പെട്ടു. പിന്നീട് ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും തപാല്‍ സ്റ്റാമ്പ് ഇറക്കി.
1852 ജൂലൈ 1 ന് ഇന്ത്യയും സ്റ്റാമ്പ് പുറപ്പെടുവിച്ചു. ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യയിലായിരുന്നു ഇത്. സിന്ധ്ഡാക്ക് എന്നായിരുന്നു പേര്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുദ്രയായിരുന്ന അമ്പും വില്ലുമായിരുന്നു ചിത്രം. വൃത്താകൃതിയില്‍ ആയിരുന്നു ഈ സ്റ്റാമ്പ്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങിയത് 1947 നവംബര്‍ 21 ന് ആയിരുന്നു. പാറിപ്പറക്കുന്ന ദേശീയ പതാകയായിരുന്നു സ്റ്റാമ്പില്‍ മുദ്രണം ചെയ്തിരുന്നത്. സ്വാതന്ത്യത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കി.
സ്വന്തം ഫോട്ടോ മുദ്രണം ചെയ്ത സ്റ്റാമ്പുകള്‍ പുറത്തിറക്കാനുള്ള സൗകര്യം ഇന്നുണ്ട്. മൈ സ്റ്റാമ്പ് എന്നാണ് ഈ പദ്ധതിയുടെ പേര്.
പോസ്റ്റ് ഓഫീസ്
കത്തെഴുത്ത് നമ്മുടെ ജീവിതത്തില്‍നിന്ന് അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസിനെ നമുക്ക് ഒഴിവാക്കാനായിട്ടില്ല. അഡ്രസ്സില്‍ പി.ഒ എന്നത് പോസ്റ്റ് ഓഫീസ് ആണ്.
ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ തപാല്‍ സംവിധാനം ഉണ്ടായിരുന്നുവെങ്കിലും പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നില്ല. രാജാക്കന്‍മാര്‍ തമ്മിലുള്ള സന്ദേശ കൈമാറ്റങ്ങളായിരുന്നു അന്ന് അധികവും ഉണ്ടായിരുന്നത്. ബ്രിട്ടണില്‍ 1590 കളില്‍ സത്രങ്ങളെ പോസ്റ്റ് ഓഫീസുകളാക്കിയിരുന്നതായി കാണാം. ആയിരത്തി എണ്ണൂറുകളുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ വുഡ്‌സ്ട്രീറ്റില്‍ ഔദ്യോഗികമായി പോസ്റ്റ് ഓഫീസ് തുടങ്ങി.
ഇന്ത്യയില്‍ ആദ്യമായി പോസ്റ്റ് ഓഫീസ് തുറന്നത് ബ്രിട്ടീഷുകാരാണ്. 1764 ല്‍ കൊല്‍ക്കത്തയിലാണത്. ഇന്ത്യക്കാര്‍ക്കിവിടെ പ്രവേശനമുണ്ടായിരുന്നില്ല. 1774 ല്‍ വാറന്‍ ഹേസ്റ്റിംഗ്‌സ് ഇത് എല്ലാവര്‍ക്കുമായി തുറന്ന് കൊടുത്തു.
ഇന്ത്യ സ്വാതന്ത്യം നേടുമ്പോള്‍ 23,344 പോസ്റ്റ് ഓഫീസുകള്‍ ഉണ്ടായിരുന്നു. ഇന്നിത് ഒന്നര ലക്ഷത്തിലധികം വരും. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് നമ്മുടെ രാജ്യത്താണ്. ഹിമാചല്‍ പ്രദേശിലെ ഹിക്കീമിലാണത്. സമുദ്ര നിരപ്പില്‍ നിന്നും 4,440 മീറ്റര്‍ ഉയരത്തിലാണ്. ഏറ്റവും തണുപ്പേറിയ പ്രദേശമായ അന്റാര്‍ട്ടിക്കയിലും ഇന്ത്യക്ക് പോസ്റ്റ് ഓഫീസ് ഉണ്ട്.
പിന്‍കോഡ്
ഇന്ത്യയിലെ തപാല്‍ ഓഫീസുകളെ വര്‍ഗീകരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് കൊണ്ടുവന്ന ആറക്ക നമ്പര്‍ കോഡാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍കോഡ് (PIN). 1972 ഓഗസ്ത് 15 നാണ് ഈ സംവിധാനം നിലവില്‍ വന്നത്.
ആറക്ക നമ്പറില്‍ ആദ്യത്തെ അക്കം സര്‍ക്കിളിനേയും അടുത്ത രണ്ട് അക്കങ്ങള്‍ ഉപ മേഖലയേയും (ജില്ല) അവസാന മൂന്നക്കങ്ങള്‍ കത്ത് എത്തിച്ചേരേണ്ട സ്ഥലത്തെ പോസ്റ്റ് ഓഫീസിനേയും സൂചിപ്പിക്കുന്നു.
ബ്രിട്ടണില്‍ ഇത് പോസ്റ്റ് കോഡ് എന്നാണ് അറിയപ്പെടുന്നത്. അക്കങ്ങളും അക്ഷരങ്ങളുമടങ്ങിയതാണത്. അമേരിക്കയില്‍ ഇതിന് സിപ് കോഡ് എന്ന് പറയുന്നു. സോണ്‍ ഇപ്രൂവ്‌മെന്റ് പ്ലാന്‍ എന്നാണിതിന്റെ പൂര്‍ണ രൂപം. ഇത് അഞ്ചക്ക സംഖ്യയാണ്.
പോസ്റ്റ്മാന്‍
ലോകത്തുണ്ടായിട്ടുള്ള സന്ദേശ വാഹകരുടെ വിശേഷങ്ങള്‍ കൗതുകകരവും അത്ഭുതകരവുമാണ്. പ്രാവ്, തത്ത, മൈന, നായ, പൂച്ച, കുതിര, കാള, ഒട്ടകം തുടങ്ങി പിഞ്ചുകുട്ടികള്‍ വരെ ഒരു കാലത്ത് പോസ്റ്റ് മാന്‍മാര്‍ ആയിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനമായ ഒറീസ്സയില്‍ 2002 വരെ പ്രാവുകളെ സന്ദേശ വാഹകരായി ഉപയോഗിച്ചിരുന്നു.
ഇംഗ്ലണ്ടിലെ പോസ്റ്റ്മാസ്റ്റര്‍ ജനറലായിരുന്ന ഹെന്റി ഫോസറ്റ് ആണ് ഈ സന്ദേശ വാഹകര്‍ക്ക് പോസ്റ്റ്മാന്‍ എന്ന് പേരിട്ടത്. എന്നാല്‍ നമുക്ക് ഇവര്‍ ശിപായികള്‍ ആണ്. ബ്രിട്ടീഷ് ഭരണ കാലത്ത് ഓഫീസ് തൊഴിലാളികള്‍ (പ്യൂണ്‍) ശിപായികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കത്തുകളും സന്ദേശങ്ങളും കൈമാറിയിരുന്നത് ഇവര്‍ മുഖേനയായിരുന്നു. അങ്ങനെയായിരിക്കണം ശിപായി എന്ന് പേര് വന്നത്.
തപാല്‍ കേരളത്തില്‍
ഇന്ത്യയില്‍ ആധുനിക രീതിയില്‍ തപാല്‍ സംവിധാനം വരുന്നതിന്റെ എത്രയോ കാലം മുമ്പ് തന്നെ കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ ശാസ്ത്രീയമായ തപാല്‍ സംവിധാനം ഉണ്ടായിരുന്നു. അഞ്ചല്‍ തപാല്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അതിന് മുമ്പ്, സന്ദേശ വാഹക എന്ന പേരില്‍ രാമ വര്‍മ മഹാരാജാവിന്റെ കാലത്ത് ചാരന്‍മാര്‍ മുഖേന സന്ദേശം കൈമാറിയിരുന്നു. കേണ്‍ മണ്‍ട്രോ ഇതിനെ പരിഷ്‌കരിച്ച് അഞ്ചല്‍ തപാല്‍ എന്ന് പേരിട്ടു.
സന്ദേശ വാഹകന്‍, ദൈവദൂതന്‍ എന്നര്‍ത്ഥം വരുന്ന ആഞെലസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് അഞ്ചല്‍ രൂപം കൊണ്ടത്. ഇതിലെ സന്ദേശ വാഹകര്‍ അഞ്ചല്‍കാരന്‍, അഞ്ചലോട്ടക്കാരന്‍, അഞ്ചല്‍ പിള്ള, അഞ്ചല്‍ ശിപായി എന്നൊക്കെ വിളിച്ചു.
അഞ്ചല്‍ പെട്ടിയില്‍ നിക്ഷേപിക്കുന്ന കത്തുതള്‍ അഞ്ചലാപ്പീസില്‍ എത്തിച്ച് തരം തിരിച്ചതിന്ന് ശേഷം അഞ്ചലോട്ടക്കാരനെ ഏല്‍പിക്കും. വഴിയില്‍ നിശ്ചിത ദൂരത്തിലായി അഞ്ചലോട്ടക്കാര്‍ നില്‍ക്കും. ഒരാള്‍ ഒരു നിശ്ചിത ദൂരം സന്ദേശം കോണ്ട് ഓടി അടുത്തയാള്‍ക്ക് കൈമാറും. അവസാനം മേല്‍വിലാസക്കാരനിലെത്തും. ഇങ്ങനെയാണ് അഞ്ചല്‍ തപാല്‍ സംവിധാനം.
അഞ്ചലോട്ടക്കാരന് സമൂഹത്തില്‍ ഏറെ സ്ഥാനവും മാനവുമുണ്ടായിരുന്നു. കാക്കി നിക്കറും ഉടുപ്പും തലയില്‍ ചുവന്ന കരയുള്ള കാപ്പി തൊപ്പിയും, കയ്യില്‍ കുന്തം പോലൊരു വടി, അരയില്‍ മണികെട്ടിയ അരപ്പട്ട, തോളില്‍ കത്തുകള്‍ നിറച്ച തുകല്‍ സഞ്ചി. ഇതായിരുന്നു അഞ്ചല്‍കാരന്റെ വേഷം.
വടി ഉയര്‍ത്തിപ്പിടിച്ച് വഴിയുടെ നടുവിലൂടെ അയാള്‍ ഓടും. അപ്പോള്‍ അരപ്പട്ടയിലെ മണി ഉറക്കെ കിലുങ്ങും. അതു കേട്ട് ആളുകള്‍ വഴി മാറിക്കൊടുക്കണം. അതാണ് നിയമം.
അഞ്ച് അടിയോളം ഉയരമുള്ള പച്ച നിറത്തില്‍ ഉരുക്കു കൊണ്ടുണ്ടാക്കിയ പെട്ടികളാണ് അഞ്ചല്‍ പെട്ടികള്‍. മുകളില്‍ തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ടാവും. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതോടെ ഈ അഞ്ചല്‍ തപാല്‍ ഇന്ത്യന്‍ തപാല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ലയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."