സര്‍വകലാശാലയില്‍ കൂട്ട ലീവെടുത്ത് സമരം
തേഞ്ഞിപ്പലം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരേ സര്‍വകലാശാല-കോളജ് അധ്യാപകര്‍ കൂട്ടമായി കാഷ്വല്‍ ലീവെടുത്തു സമരം നടത്തി. ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് യൂനിവേഴ്സിറ്റി ആന്‍ഡ് കോളജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഴ്സിന്റെ ആഹ്വാന പ്രകാരമായിരുന്നു സമരം.
യു.ജി.സി ശമ്പള പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, എ.പി.ഐ സമ്പ്രദായം ഒഴിവാക്കുക, വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കുക, നിര്‍വചിക്കപ്പെട്ട പെന്ഷന് പദ്ധതി എല്ലാവര്ക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. അസോസിയേഷന് ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സിന്റെയും എ.കെ.പി.സി.ടി.എയുടെയും സംയുക്താഭിമുഖ്യത്തില്‍ സര്‍വകലാശാല കാംപസില്‍ പ്രകടനവും ധര്‍ണയും നടത്തി.
ഡോ. കെ.എന്‍ ഗണേഷന് ഉദ്ഘാടനം ചെയ്തു. ഡോ. ഡി.കെ ബാബു അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. സി.സി ബാബു, ഡോ. സി. അബ്ദുല്‍ മജീദ്, വിനോദ് നീക്കാംപുറത്ത്, ഡോ. സുശീലകുമാരി, ഡോ. ബി.എസ് ഹരികുമാരന്‍ തമ്പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."