ലഹരിമരുന്ന് വ്യാപകമാകുന്നത് തടയാന്‍ എക്സൈസും ഡ്രഗ്സ് കണ്ട്രോള് വിഭാഗവും കൈകോര്‍ക്കുന്നു
മഞ്ചേരി: ജില്ലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് സജീവമാകുന്ന ലഹരിമരുന്ന് വില്പന തടയുന്നതിനായി ജില്ലാ ഡ്രഗ്സ് കണ്ട്രോള് വിഭാഗവും എക്സൈസ് വകുപ്പും കൈകോര്‍ക്കുന്നു. വിവിധ കേന്ദ്രങ്ങളിലായി ലഹരിയുടേയും അമിതഉത്തേജനം നല്കുന്ന മരുന്നുകളുടേയും വില്പന സജീവമായ സാഹചര്യത്തിലാണ് ശക്തമായ നടപടിക്കു തീരുമാനമായിരിക്കുന്നത്.
രണ്ടുവകുപ്പുകളുടേയും യോജിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഫലവത്താകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ പുതിയനീക്കം. സ്കൂളുകളിലും കോളജുകളിലും ലഹരി മരുന്നുകളുടെ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഡ്രഗ്സ് ആന്‍ഡ് കണ്ട്രോള് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് ഇത്തരം മരുന്നുകള്‍ ഒഴുകുന്നത്. മെഡിക്കല്‍ ഷോപ്പുകളിലേക്ക് ഈ മരുന്നുകള്‍ എത്തിക്കുന്ന പ്രധാനകണ്ണികളെ കണ്ടത്തുന്നതിനും വിദ്യാര്‍ഥികളിലേക്ക് വ്യാപിക്കുന്നത് തടയാനുമാണ് ആദ്യഘട്ടത്തില്‍ ശ്രമം നടക്കുക .വിദ്യാര്‍ഥികളില്‍ ഇത്തരം മരുന്നുകളുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്നും വിവിധതരം ലഹരി മരുന്നുകളുമായി ഏഴംഗ വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. അതേസമയം, ജില്ലാ ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് പ്രധാന പ്രശ്നമായിരിക്കുകയാണ്.
ലഹരിമരുന്നുകളുടെ കടന്നുകയറ്റം തടയുന്നതിനു കൂടുതല്‍ നടപടികള്‍ കൈകൊള്ളാന്‍ മതിയായ ജീവനക്കാരില്ലന്നു വകുപ്പ് കണ്ട്രോളര് ബെന്നിമാത്യു പറഞ്ഞു. ജില്ലയിലെ രണ്ടായിരത്തി അഞ്ഞൂറോളം മെഡിക്കല്‍ ഷോപ്പുകളിലെ പരിശോധനക്ക് ആകെ മൂന്ന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമേയുള്ളൂ.
ഒരു താലൂക്കിന് ഒരു ഡ്രഗ്സ് ഇന്‍സ്പെക്ടറെയെങ്കിലും വേണം. ഈ ആവശ്യം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ലഹരിയും അമിത ഉത്തേജനവും നല്കുന്ന മരുന്നുകളുടെ വ്യാപനം തടയാന്‍ വരുദിവസങ്ങളില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവാനാണ് അധികൃതരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."