ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ നഗരസഭ കൗണ്‍സിലര്‍: റവന്യൂമന്ത്രിക്ക് പരാതി നല്‍കി
വടക്കാഞ്ചേരി: തൃശൂര്‍ ലാന്റ് റവന്യു ഡെപ്യൂട്ടി കലക്ടര്‍ മോഹനനെതിരെ പരാതിയുമായി മുന്‍ വടക്കാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും, നഗരസഭ കൗണ്‍സിലറുമായ എസ്.എ.എ ആസാദ് രംഗത്ത്. കലക്‌ട്രേറ്റില്‍ ദേവസ്വം വെറുമ്പാട്ട ഭൂമികള്‍ ജന്മം ആക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കാത്തത് ഡെപ്യൂട്ടി കലക്ടറുടെ തുഗ്ലക് പരിഷ്‌കാരം മൂലമാണെന്നാണ് ആസാദിന്റെ ആരോപണം. ഇത് മൂലം ആയിരകണക്കിന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് കയ്യും കണക്കുമില്ല.
വെറുമ്പാട്ട ഭൂമി ഉടമകള്‍ക്ക് വായ്പകള്‍ പോലും ലഭിക്കാത്ത അവസ്ഥയും നിലനില്‍ക്കുകയാണ്. സംസ്ഥാനത്തെ ഒരു കലക്‌ട്രേറ്റിലും ഇത്തരമൊരു അവസ്ഥയില്ലെന്ന് ആസാദ് പറയുന്നു. ഡെപ്യൂട്ടി കലക്ടര്‍ ഗവണ്‍മെന്റ് ഉത്തരവ് പോലുമില്ലാതെ സ്വന്തം ഉത്തരവ് നടപ്പിലാക്കുകയാണെന്നും ആസാദ് കുറ്റപ്പെടുത്തി. അപേക്ഷകള്‍ വില്ലേജ് ഓഫിസില്‍ സമര്‍പ്പിക്കുമ്പോള്‍ 1964 മുതലുള്ള ആധാരങ്ങള്‍ വില്ലേജ് ഓഫിസര്‍ പരിശോധിച്ച് ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചതിന് ശേഷം ഡെപ്യൂട്ടി കലക്ടര്‍ പരിശോധിച്ചതിന് ശേഷം മാത്രമാണ് റസീറ്റ് നല്‍കുന്നത്. ഇത്തരം പ്രവര്‍ത്തി മൂലം വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്ന സ്ഥിതിയുണ്ട്. തൃശൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലും തലപ്പിള്ളി താലൂക്കിലും പതിനായിരകണക്കിന് പട്ടയ അപേക്ഷകള്‍ കെട്ടികിടക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആസാദ് ആവശ്യപ്പെട്ടു. പരാതിയുടെ കോപ്പി ചീഫ് സെക്രട്ടറിക്കും, ലാന്റ് റവന്യു കമ്മീഷണര്‍ക്കും, ജില്ലാ കലക്ടര്‍ക്കും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."