മുക്കത്ത് ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; ആറുപേര്‍ക്ക് പരുക്ക്
മുക്കം: മുക്കം ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഫാന്റസി ബസ് ജീവനക്കാരും ബനാറസ് ബസ് ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ പരുക്കേറ്റ ബനാറസ് ബസ് ജീവനക്കാരായ ഷഫീഖ്, ഷംസുദ്ധീന്‍, ഇര്‍ഷാദ് എന്നിവരെ കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ ഷഫീഖിന്റെ പരുക്ക് സാരമുള്ളതാണ്. കൈക്കേറ്റ പരുക്കില്‍ ഞരമ്പ് മുറിഞ്ഞുപോയിട്ടുണ്ട്. ഫാന്റസി തൊഴിലാളികളായ സുഭാഷ്, സബിന്‍, ഗോപിഷ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെയാണ് സംഘര്‍ഷത്തിന് തുടക്കം. സമയവുമായി ബന്ധപ്പെട്ട് നാളുകളായി ബനാറസ്, ഫാന്റസി ബസ്സുകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്.
ചെറുവാടി -മുക്കം-കോഴിക്കോട് റൂട്ടിലോടുന്ന ഫാന്റസി ബസ് രാവിലത്തെ ട്രിപ്പ് കട്ട് ചെയ്ത് കുന്ദമംഗലം മുതലാണ് സര്‍വീസ് നടത്താറുള്ളത്. ഇതിന് ഒരു മിനുട്ട് പിറകില്‍ ഓടുന്ന ബനാറസ് ബസ്സുമായി കുന്ദമംഗലം മുതല്‍ കോഴിക്കോട് വരെ വാക്കുതര്‍ക്കം പതിവാണ്. അതിനിടെ ഈ സംഭവവുമായി ബന്ധപ്പെട്ട് ബനാറസ് ജീവനക്കാര്‍ക്ക് കുന്ദമംഗലത്ത് വച്ച് ബുധാനാഴ്ച മര്‍ദ്ദനമേറ്റിരുന്നു. വ്യാഴാഴ്ച രാവിലെ മുക്കം ബസ്റ്റാന്റില്‍ വച്ചും മര്‍ദ്ദനമേറ്റതായി തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെ ഇതുമായി ബന്ധപ്പെട്ട് വീണ്ടും മുക്കം ബസ് സ്റ്റാന്റില്‍ വച്ച് വാക്കുതര്‍ക്കമുണ്ടാവുകയും ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് ആറു പേര്‍ക്ക് പരുക്കേറ്റത്.
മുക്കത്ത് അടിക്കടി ബസ് ജീവനക്കാര്‍ തമ്മിലുണ്ടാവുന്ന കയ്യാങ്കളിക്കും അസഭ്യവര്‍ഷത്തിനുമെതിരേ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇതിന് അടിയന്തര നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് ആവശ്യപെട്ടു.
ബസ്റ്റാന്റില്‍ പൊലിസ് എയ്ഡ് പോസ്റ്റ് ഉണ്ടങ്കിലും ഇവിടെ മിക്ക സമയത്തും പൊലിസുകാരുണ്ടാവാറില്ല. രണ്ട് മാസം മുന്‍പ് ഇവിടെ സമയപ്രശ്‌നത്തിന്റെ പേരില്‍ ഒരു ബസ് മറ്റൊരു ബസ്സില്‍ ഇടിച്ചു നിര്‍ത്തിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു. നിറയെ യാത്രക്കാരുമായെത്തിയ ബസ്സിനെ ഇടിച്ച ബസ് ഡ്രൈവറെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."