സ്‌നേഹസ്പര്‍ശം പദ്ധതി; വിഭവസമാഹരണം നവംബറില്‍
വൃക്കരോഗികള്‍ക്ക് കൈത്താങ്ങായ പദ്ധതിക്കായി എല്ലാ വീടുകളിലുമെത്തി ധനം സമാഹരിക്കും
കോഴിക്കോട്: കിഡ്‌നി രോഗികളെ സഹായിക്കാനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ജനകീയ വിഭവസമാഹരണം നവംബര്‍ 13ന് നടക്കും. എല്ലാ വീടുകളിലുമെത്തി ധനശേഖരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും വിഭവസമാഹരണ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്ക് പഞ്ചായത്തുകളിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍നിന്നും മെമ്പറടക്കം അഞ്ചുപേരെവീതം ഉള്‍പ്പെടുത്തിക്കൊണ്ട് ശില്‍പശാല ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
വാര്‍ഡ്തല വിഭവ സമാഹരണ കമ്മിറ്റികള്‍ വാര്‍ഡ് മെമ്പര്‍ കൗണ്‍സിലര്‍ ചെയര്‍മാനായി രൂപീകരിക്കും. വാര്‍ഡുകളിലെ അയല്‍സഭകളിലും കമ്മിറ്റികള്‍ രൂപീകരിച്ചശേഷം 50 വീടുകള്‍ക്ക് ഒരു സ്‌ക്വാഡിന് രൂപം നല്‍കും. ഈ സ്‌ക്വാഡുകളാണ് വീടുകയറി വിഭവസമാഹരണം നടത്തുക.
ഗ്രാമപഞ്ചായത്ത് വാര്‍ഡ് കുറഞ്ഞത് ഒരുലക്ഷം രൂപയും മുന്‍സിപ്പാലിറ്റി വാര്‍ഡ് കുറഞ്ഞത് രണ്ടുലക്ഷം രൂപയും കോര്‍പ്പറേഷന്‍ വാര്‍ഡ് മൂന്നുലക്ഷം രൂപയുമാണ് സ്വരൂപിക്കേണ്ടത്. മൂന്നുഘട്ടമായിട്ടാണ് സ്‌ക്വാഡുകള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തേണ്ടത്. ആദ്യഘട്ടമായി നവംബര്‍ ആറിന് വീടുകളിലെത്തി വിഭവ സമാഹരണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പത്രിക നല്‍കണം.
നവംബര്‍ ഒന്‍പതിന് വീടുകളിലെത്തി വീട്ടുകാരുടെ വിഹിതമായി 250 രൂപയെങ്കിലും നല്‍കേണ്ടതിന് ധാരണയുണ്ടാക്കണം. നവംബര്‍ 10,11 തിയതികളില്‍ വാര്‍ഡ്തല വിളംബര ജാഥകള്‍ നടത്തും. തുടര്‍ന്നാണ് നവംബര്‍ 13ന് വീടുകളിലെത്തി വിഭവസമാഹരണം നടത്തേണ്ടത്. വീടുകളില്‍നിന്ന് ലഭിക്കുന്ന സഹായധനത്തിന് കൃത്യമായി റസീറ്റ് എഴുതി നല്‍കും.
സമാഹരിക്കുന്ന തുകയും റസീറ്റ് ബുക്കുകളും വാര്‍ഡ് മെമ്പര്‍ കൗണ്‍സിലര്‍മാര്‍ കണ്‍വീനറെ തിരികെ ഏല്‍പ്പിക്കണം. പഞ്ചായത്ത് കണ്‍വീനര്‍ തുക തിട്ടപ്പെടുത്തി സ്‌നേഹസ്പര്‍ശത്തിന്റെ എരഞ്ഞിപ്പാലത്തുള്ള എസ്.ബി.ടിയിലെ അക്കൗണ്ടിലേക്ക് വകയിരുത്തുന്നതോടെ പദ്ധതിയുടെ വിഭവസമാഹരണം പൂര്‍ത്തിയാകും. പദ്ധതിയുടെ ഭാഗമായി ഇതുവരെ അഞ്ചുകോടിയിലധികം തുക സമാഹരിച്ച് രോഗികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍ മാത്രം 168 രോഗികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഹീമോ ഡയാലിസിസിനായി രോഗിക്ക് മാസം 2,500 രൂപ വീതവും പെരിട്ടോണിയല്‍ ഡയാലിസിസിന് മൂവായിരം രൂപയും കിഡ്‌നി മാറ്റിവച്ചവര്‍ക്കുള്ള മരുന്നിന് മൂവായിരം രൂപയുമാണ് നിലവില്‍ നല്‍കിവരുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സ്‌നേഹസ്പര്‍ശം കണ്‍വീനര്‍ കാനത്തില്‍ ജമീല, ജോ. കണ്‍വീനര്‍ ഡോ. വി. ഇദിരീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പാര്‍ഥസാരഥി, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.ജി. ജോര്‍ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, സുജാത മനക്കല്‍, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, റിട്ട. എസ്.പി ടി.എം. അബൂബക്കര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."