സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം പ്രധാനമന്ത്രി ആര്‍.എസ്.എസ് ഭടനായി മാറുന്നു: പിണറായി
കോഴിക്കോട്: ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പരം പഴിചാരി മുഖ്യധാരയില്‍ വരാന്‍ ശ്രമിക്കുകയാണെന്നും ദേശവിരുദ്ധ ശക്തികളായ ഇവര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ഭയപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്തുനടന്ന സി.ഐ.ടി.യു ജില്ലാ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മതത്തോടെയുള്ള ആക്രമണമാണ് നടക്കുന്നത്. ഈ വിഷയത്തില്‍ വായ തുറക്കാത്ത പ്രധാനമന്ത്രി ആര്‍.എസ്.എസ് ഭടനായി മാറുകയാണ്.
ആര്‍.എസ്.എസ് ഉള്ളതുകൊണ്ട് ഹിന്ദു മതമോ പോപുലര്‍ ഫ്രണ്ടുള്ളതുകൊണ്ട് ഇസ്‌ലാം മതമോ ഭീകരമാണെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതി മത ചിന്തകള്‍ക്കതീതമായാണ് നമ്മുടെനാട് നീങ്ങുന്നത്. വര്‍ഗീയ ശക്തികളുടെ വളര്‍ച്ച തടയാന്‍ സമൂഹത്തിന്റെ ശക്തമായ ഇടപെടലുണ്ടാകണം. അതില്‍ ക്രിയാത്മകമായി ഇടപെടാന്‍ തൊഴിലാളിവര്‍ഗത്തിനു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ വിഷയത്തില്‍ മാനേജ്‌മെന്റ്കളും യു.ഡി.എഫും തമ്മില്‍ ഒത്തുകളിക്കുകയാണ്. ഇതില്‍ എവിടെയാണ് എന്റെ ധാര്‍ഷ്ട്യമുള്ളതെന്നും പിണറായി ചോദിച്ചു.
മന്ത്രി ടി.പി. രാമകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരും പി.കെ. മുകുന്ദന്‍, ടി. ദാസന്‍, കെ. ദാസന്‍, പി. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവരും പൊതുസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."