മാത്യു ഫ്ളോറിഡയ്ക്ക് അടുത്ത്; ഭീതിയില്‍ നഗരം
ഫ്ളോറിഡ: ഹെയ്തിയില്‍ സര്‍വനാശം വിതച്ച മാത്യു ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്ക് അടുത്തെത്തി. കാറ്റ് ബഹാമസിനു മുകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.
ഫ്ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളിന എന്നിവിടങ്ങളില്‍ നിന്ന് 20 ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു.
ചൊവ്വാഴ്ച ഹെയ്തിയിലും സമീപ രാഷ്ട്രങ്ങളായ ക്യൂബയിലും ഡൊമിനിക്കന്‍ റിപബ്ലിക്കിലും ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 136 പേരാണ് ഹെയ്തിയില്‍ മരിച്ചത്. നാലുപേര്‍ ഡൊമിനിക്കന്‍ റിപബ്ലിക്കിലും മരിച്ചു.
മണിക്കൂറില്‍ 230 കി.മീറ്റര്‍ വേഗതയിലാണു ഹെയ്തിയിലും ക്യൂബയിലും ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നഗരങ്ങളും റിസോര്‍ട്ടുകളും കാര്‍ഷിക ഭൂമികളും വ്യാപകമായി നാശത്തിനിരയായിട്ടുണ്ട്.
ഹെയ്തിയിലെ ഏഴു ലക്ഷത്തോളം ജനവാസമുള്ള സൂദ് മേഖലയില്‍ 80 ശതമാനം വീടുകളും പൂര്‍ണമായി നശിച്ചു. 11,000ത്തില്പരം ആളുകളെ അഭയാര്‍ഥി ക്യാംപുകളില്‍ താമസിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ക്യൂബയില്‍ കൂടുതല്‍ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, രാജ്യത്തെ ഗ്വണ്ടാനാമോയിലെ വിനോദ നഗരമായ ബറാക്കോയില് ദുരന്തം വ്യാപക നാശം വിതച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."