HOME
DETAILS
MAL
കിണറുകള്‍ നമ്മോട് സംസാരിക്കുന്നത്
backup
May 09 2016 | 22:05 PM
കിണര്‍ ഒരു സാംസ്‌കാരികചിഹ്നമാണ്. ഓരോ മലയാളിയെയും ശുചിത്വംപഠിപ്പിച്ചതു കിണറുകളാണ്. കിണറുകള്‍ ദേശത്തിന്റെ പെരുമയായിരുന്നു. വീടുവയ്ക്കുമ്പോള്‍ ആദ്യം സ്ഥാനംകാണുന്നതു കിണറിനുള്ള ഇടമായിരുന്നു. പൈപ്പുവെള്ളം വന്നിട്ട് ഏറിയാല്‍ 35 കൊല്ലമേ വരൂ. വലിയ നഗരങ്ങളില്‍ ചിലപ്പോള്‍ 10 കൊല്ലം കൂടി അധികരിച്ചെന്നിരിക്കും.
കിണറിന്റെ സാന്ത്വനം അനുഭവിച്ചുതന്നെ അറിയണം. കൊടുംവേനല്‍ക്കാലത്ത് അന്നത്തെ അദ്ധ്വാനം കഴിഞ്ഞ് ഇരുട്ടുള്ള രാത്രിയില്‍ കിണര്‍വെള്ളം തൊട്ടിയില്‍ കോരിയുള്ള സമൃദ്ധമായ കുളി. ഉള്ളുതണുക്കുന്ന ആ കുളിയുടെ സുഖം. കേരളത്തിലെവിടെയും കിണര്‍ സുലഭമായിരുന്നു.
കിണറില്ലാത്ത ദേശമില്ലെന്നുതന്നെ പറയാം. വറ്റാത്ത ജലസംഭരണികളായിരുന്നു അവ. പ്രകൃതി മനുഷ്യനു കനിഞ്ഞു നല്‍കിയ വരദാനം. എല്ലാ സമൂഹങ്ങളിലും കിണര്‍ കുഴിക്കുന്നതും അതില്‍ വെള്ളം കണ്ടെത്തുന്നതും ആഘോഷംതന്നെയായിരിക്കും. പ്രത്യേക ചടങ്ങുകളായിരുന്നു അവ.
സിന്ധുനദീതട സംസ്‌കാരംമുതല്‍തന്നെ കിണര്‍ വെള്ളമുപയോഗിച്ചിരുന്നു. ഇതിനു ധാരാളം തെളിവുകളുണ്ട്. മൗര്യവംശത്തിലെ അശോകചക്രവര്‍ത്തി തന്റെ രാജ്യത്തു കിണറുകള്‍ കുഴിക്കുന്നതിനുനിതാന്തജാഗ്രത പുലര്‍ത്തിയിരുന്നു. ഇന്ത്യയിലാകെ 300 ലക്ഷം കിണറുകളുള്ളതായാണ് ഏകദേശ കണക്ക്. ഇതില്‍ 60 ലക്ഷത്തോളം കേരളത്തിലാണ്. കിണറുകള്‍ നിശ്ശബ്ദമായി നമ്മോടു സംസാരിച്ചിരുന്നു. കുടുംബത്തിലെ ഒരംഗംതന്നെയായിരുന്നു കിണര്‍. അവ നമുക്കു ജലം ആവോളം തരുന്നു. കിണറിനെ നാം ശുചിയാക്കി സൂക്ഷിച്ചു.
ജാതിയുടെ ഉച്ചനീചത്വങ്ങള്‍ക്കെതിരേ പോരാടാന്‍ കിണര്‍ ഒരായുധമായി. താഴ്ന്ന ജാതിക്കാര്‍ പൊതുകിണറുകളില്‍നിന്നു വെള്ളം കോരുന്നതു വിലക്കിയിരുന്നകാലത്ത് അയിത്തോച്ചാടനത്തിനു കിണറും പങ്കുവഹിച്ചു. മനുഷ്യന്റെ ഏറ്റവുംവലിയ സമ്പത്തായിരുന്നു കിണര്‍. ഒരുകാലത്തു ഭൂമിയുടെ വിലനിശ്ചയിച്ചിരുന്നതുപോലും കിണറിലെ ജലസമൃദ്ധിയായിരുന്നു. നിര്‍മലമായ ജലം കിണറിന്റെ മാത്രം സ്വത്താണ്. വെള്ളമില്ലെങ്കില്‍ മനുഷ്യരില്ല. ജന്തുക്കളില്ല, മരങ്ങളില്ല, ഭൂമി തന്നെയില്ല. പണവും അധികാരവും സംസ്‌കാരവുമെല്ലാം പാഴ്‌വസ്തുക്കള്‍ മാത്രം.
ഇന്നു കിണറുകള്‍ നഷ്ടപ്പെടലിന്റെ വക്കിലാണ്. കിണറുകളിലെ നീരുറവകള്‍ വറ്റിപ്പോയിരിക്കുന്നു. കൊടുംവരള്‍ച്ചയില്‍ സംസ്ഥാനത്തെ 42 ലക്ഷത്തോളം കിണറുകളില്‍ ജലംവറ്റിയതായാണു ഭൂജലവകുപ്പിന്റെ കണക്ക്. കേരളത്തിലെ മൊത്തം കിണറുകളുടെ 70 ശതമനത്തോളം വരുമിത്. ഭൂഗര്‍ഭജലം താഴുന്നതിനുസരിച്ചു കിണറുകളിലെ ജലവും താഴുന്നു. ഇവിടത്തെ 40 ലക്ഷത്തിനുമേല്‍ കുടുംബങ്ങള്‍ ഇപ്പോള്‍ കുടിവെള്ളത്തിനായി നട്ടംതിരിയുകയാണ്.
കേരളത്തിലെ കിണറുകളിലെ ജലം രൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണ്. ഉപയോഗ്യമായ കിണര്‍ ജലം കേരളത്തിലില്ലെന്നാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 1991 ല്‍ കേരള വാട്ടര്‍ അതോറിറ്റിയും പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി സംസ്ഥാനവ്യാപകമായി നടത്തിയ സര്‍വേയില്‍ തുറന്നകിണറുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നു കണ്ടെത്തുകയുണ്ടായി. 1994 ല്‍ ഗവേഷകനായ ഡോ രാധാകൃഷ്ണന്‍ പുല്ലുവിള പഞ്ചായത്തില്‍ നടത്തിയ സര്‍വേയില്‍ എല്ലാ കിണറുകളിലെയും വെള്ളത്തില്‍ കോളിഫോം കൗണ്ട് (മനുഷ്യമലത്തില്‍ കാണുന്ന ബാക്ടീരിയയുടെ സൂചകം) ക്രമാതീതമാണെന്നു കണ്ടു. കുടിവെള്ളത്തില്‍ കൗണ്ട് പൂജ്യമായിരിക്കണം. പുല്ലുവിള പഞ്ചായത്തിലെ കിണറുകളിലെ സ്ഥിതിതന്നെയാണ് കേരളത്തിലെ മറ്റു കിണറുകളിലും കാണുന്നത്.
കേരളത്തില്‍ രൂപപ്പെട്ടുവരുന്ന പല പുതിയ രോഗങ്ങളുടെയും മൂലകാരണം അശുദ്ധമാക്കപ്പെട്ട കിണറുകളാണ്. ഈ ദിശയിലേയ്ക്കുള്ള അന്വേഷണം ആരോഗ്യമേഖലയില്‍ നടന്നിട്ടില്ലെന്നുവേണം കരുതാന്‍. രോഗംവരുമ്പോള്‍ ചികിത്സിക്കുന്നു. വീണ്ടും രോഗം വരുന്നു. രോഗത്തിന്റെ മൂലകാരണം ആരും അന്വേഷിച്ചു ചെല്ലുന്നില്ല. നമുക്കു കുടിവെള്ളംതന്നു സംരക്ഷിച്ചിരുന്ന കിണറുകള്‍ ഇന്നു നമ്മുടെ അന്തകരായി മാറിയ ദയനീയാവസ്ഥയാണിപ്പോള്‍. ഇതിനു പരിഹാരമുണ്ടാക്കിയേ തീരൂ.
മഴയെ കിണറിലാക്കാം അഥവാ കിണറിനെ വീണ്ടെടുക്കാം
കിണറിനെ നമുക്കു വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഡിസംബര്‍ കഴിയുന്നതോടെ വറ്റിത്തുടങ്ങുന്ന കിണര്‍ എന്നോ വംശനാശം സംഭവിച്ച മൃഗത്തിന്റെ ഫോസില്‍പോലെയാണ്. റീച്ചാര്‍ജിങ്ങിലൂടെ കിണറുകള്‍ക്കു ജീവന്‍ വയ്പ്പിക്കാം. സംസ്ഥാനത്തു ഭൂഗര്‍ഭ ജലനിരപ്പു വന്‍തോതില്‍ താഴ്ന്നസാഹചര്യത്തില്‍ വരാനിരിക്കുന്ന മഴയുടെ ഓരോ തുള്ളിയും കിണറിലേയ്ക്കിറങ്ങണമെന്നാണു സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പു വിദഗ്ധര്‍ പറയുന്നത്. കെട്ടിടങ്ങളുടെ മുകളില്‍ പെയ്തുവീഴുന്ന മഴത്തുള്ളികള്‍ കിണറിനു സമീപത്തായി കുട്ടിക്കിണര്‍ ഉണ്ടാക്കി അതിലെത്തിച്ചു ഭൂമിക്കടിയിലൂടെ ശുദ്ധീകരിച്ചു കിണറ്റിലെത്തിക്കുന്നതാണു കിണര്‍ റീച്ചാര്‍ജിങിന്റെ ഒരു രീതി. മഴവെള്ളം ഒരു ടാങ്കില്‍ എത്തിച്ച് അരിച്ചശേഷം നേരിട്ടു കിണറിലെത്തിച്ചും റീച്ചാര്‍ജിങ് സാധ്യമാക്കാം. വളരെഎളുപ്പത്തിലുള്ള മറ്റൊരു രീതി കിണറുകള്‍ക്കു ചുറ്റും അല്‍പം ഇടവിട്ടു കൊച്ചു മഴക്കുഴികളെടുത്ത് മഴവെള്ളം കിണറുകളിലെത്തിക്കുന്നതാണ്. വറ്റിപ്പോയ കിണറുകള്‍ വീണ്ടും ഊറിത്തുടങ്ങും. ഈ രീതി തുടര്‍ന്നാല്‍ വര്‍ഷത്തില്‍ ഏഴുമാസത്തോളം മഴ കിട്ടുന്ന കേരളത്തില്‍ കിണറുകള്‍ വറ്റിപ്പോകില്ല. കിണര്‍ജലത്തിന്റെ മലിനീകരണത്തിനും ഒരു പരിധിവരെ ശാപമോക്ഷം കിട്ടും. പൂര്‍ണമായും ജലം നിര്‍മലീകരിക്കണമെങ്കില്‍ ഇന്നത്തെ അശാസ്ത്രീയമായ കിണര്‍ നിര്‍മാണരീതി മാറണം. അടുത്തടുത്തു കിണര്‍ കുഴിക്കുന്നതും സെപ്റ്റിക് ടാങ്കുകള്‍ക്കടുത്തു കിണറിനായി കുഴിയെടുക്കുന്നതും ഒഴിവാക്കണം. കിണറുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേകനിയമനിര്‍മാണം വേണ്ടിവരും. ഒരു വീടിന് ഒരു കിണറെന്ന സങ്കല്‍പം മാറ്റിയാലേ മലിനീകരണം തടയാനാകൂ. ഒരു ദേശത്ത് ജനസംഖ്യയുടെ തോതനുസരിച്ച് പൊതുകിണറുകള്‍ വ്യാപിപ്പിക്കുകയെന്നതാണു ഭൗമശാസ്ത്രജ്ഞര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. മാത്രമല്ല, കിണറുകളെല്ലാം സ്വകാര്യസ്വത്തില്‍നിന്നു മാറ്റി പൊതുസ്വത്താക്കുക. അതിലെ ജലം ആര്‍ക്കുമുപയോഗിക്കാമെന്ന സ്ഥിതിവന്നാല്‍ കിണറിന്റെ വര്‍ദ്ധനവു കുറയ്ക്കാന്‍ കഴിയും. കേരളത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കാനും പാരിസ്ഥിതികനിലനില്‍പ്പിന്നും ഇത് അത്യന്താപേക്ഷിതമാണ്.കിണറുകളും പരിസ്ഥിതി ആഘാതവും
ഇന്ത്യയുടെ ആകെ ഭൂപ്രദേശത്തിന്റെ പത്തു ശതമാനം മാത്രമാണു കേരളം. എന്നാല്‍, ഇന്ത്യയിലെ ആകെ കിണറുകളുടെ എണ്ണത്തിന്റെ 20 ശതമാനം ഈ കൊച്ചു സംസ്ഥാനത്തിലാണ്. ഇതു തീര്‍ത്തും അപകടകരവും ഭൂമിയില്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതുമാണെന്നു കേരള മലിനീകരണനിയന്ത്രണ ബോര്‍ഡും ജല അതോറിറ്റിയും സംയുക്തമായി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ നിലനില്‍പ്പിനെത്തന്നെ ആശങ്കപ്പെടുത്തുന്നതാണിത്. ചതുരശ്രകിലോമീറ്ററില്‍ 150 ലധികം കിണറുകള്‍ കേരളത്തിലുണ്ടെന്നതു ഞെട്ടിക്കുന്ന കണക്കാണ്. ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ഇത്രയധികം കുഴികള്‍ ഭൂമിയുടെ തുലനാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നു ഭയപെടേണ്ടിയിരിക്കുന്നതായി ഇതു സംബന്ധിച്ചു പഠിച്ച ശാസ്ത്രസംഘം അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 1991 ലാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവന്നതെങ്കിലും അതില്‍ പറയുന്നതു സത്യമാണെന്നുവിളിച്ചോതിക്കൊണ്ട് 2000 മുതല്‍ പല സ്ഥലങ്ങളിലും കിണറുകളിലെ ജലം തിളച്ചുപൊങ്ങുകയും ചില സ്ഥലങ്ങളില്‍ കിണറുകള്‍ ഇടിഞ്ഞുതാഴുന്ന പ്രതിഭാസമുണ്ടാവുകയും ചെയ്തുവെന്നോര്‍ക്കണം.Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."