ഉള്ള്യേരി പഞ്ചായത്ത് ഭരണസമിതി യോഗം അലങ്കോലപ്പെട്ടു
നടുവണ്ണൂര്‍: ഉള്ള്യേരി പഞ്ചായത്ത് ഭരണ സമിതിയോഗം അലങ്കോലപ്പെട്ടു.
ഇന്നലെ രാവിലെ 11ന് തുടങ്ങിയ യോഗം ഭരണ സമിതി അംഗങ്ങള്‍ തന്നെ അലങ്കോലപ്പെടുത്തുകയായിരുന്നു. അംഗങ്ങള്‍ മിനുട്ട്സില്‍ ഒപ്പുവച്ച ശേഷം അജണ്ടയിലില്ലാത്ത വിഷയം ചര്ച്ചക്കിട്ടതാണ് പ്രശ്നത്തിന് തുടക്കം.
സി.പി.എമ്മില്‍നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മൂന്നാം വാര്‍ഡ് അംഗത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതിയില്‍ വ്യക്തിഹത്യ ചെയ്യുന്ന രൂപത്തില്‍ സംസാരിക്കുകയായിരുന്നു.
ഇത് യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യം ചെയ്തതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ വാക്കേറ്റം നടത്തുകയും ഇതിനെ തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ടതായി പ്രസിഡന്റ് അറിയിക്കുകയും ചെയ്തു.
ഭരണ സമിതിയില്‍ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനാല്‍ വന്‍ പൊലിസ് സന്നാഹം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഉണ്ടായിരുന്നു.
അകാരണമായി യോഗം നിര്‍ത്തിവച്ചത് പഞ്ചായത്ത് ഭരണ സമിതിയുടെ ഭരണപരാജയങ്ങള്‍ മറച്ചുവെക്കാനും വിവിധ പദ്ധതികളിലെ അഴിമതി മൂടിവെക്കാനുമാണെന്നും ഇതിന് പ്രസിഡന്റ് തന്നെ മുന്കൈയെടുക്കുകയായിരുന്നുവെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്തംഗങ്ങളായ സന്തോഷ് പുതുകൊമ്പുറം, സില്‍ജ ചമ്മങ്കര, ബിന്ദു കോറോത്ത്, സുജാത നമ്പൂതിരി, വസന്ത നാറാത്തിടത്തില്‍, അനിത, അനീഷ് എന്നിവര്‍ പഞ്ചായത്ത് പടിക്കല്‍ സമരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."