വിദ്യാര്‍ഥികള്‍ക്ക് സാഹിത്യ സദ്യയൊരുക്കാന്‍ വിദ്യാരംഗം
മങ്കട: വിദ്യാര്‍ഥികള്‍ക്ക് സാഹിത്യസദ്യയൊരുക്കാന്‍ വിവിധ കര്‍മപദ്ധതികളുമായി വിദ്യാരംഗം കലാ സാഹിത്യവേദി. മങ്കട ഉപജില്ലാ വിദ്യാരംഗം നേതൃസംഗമം മങ്കട ചേരിയം ബി.ആര്‍.സിയില്‍ എ.ഇ.ഒ കെ.എസ് ഷാജന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ പി ഹരിദാസന്‍, ഉപജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, ബിന്ദു വെങ്ങാട്, കെ.വി നന്ദകുമാര്‍, കെ.കെ മുഹമ്മദ് അന്‍വര്‍, സബിന്‍ കോട്ടപ്പറമ്പ് സംസാരിച്ചു.
എല്‍.പി സ്‌കൂളുകളില്‍ ചിത്രരചന, സാഹിത്യം, അഭിനയം എന്നിവയില്‍ സ്‌കൂള്‍തല ശില്‍പശാലകള്‍ 30നു മുമ്പ് പൂര്‍ത്തിയാക്കും. മികവു പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് പഞ്ചായത്തുതലത്തില്‍ പരിശീലനം നല്‍കും. നവംബര്‍ ഒന്‍പതിനു പുഴക്കാട്ടിരി പഞ്ചായത്തു ശില്‍പശാല പനങ്ങാങ്ങര എ.എല്‍.പി സ്‌കൂളിലും നവംബര്‍ 12 ന് മക്കരപ്പറമ്പ് ശില്‍പശാല പുണര്‍പ്പ വി.എം.എച്ച്.എം.യു.പി സ്‌കൂളിലും, മങ്കട പഞ്ചായത്ത് ശില്‍പശാല കടന്നമണ്ണ എ.യു.പി എസിലും, കുറുവ പഞ്ചായത്ത് ശില്‍പശാല ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പിയിലും, കൂട്ടിലങ്ങാടി പഞ്ചായത്ത് ശില്‍പശാല കൂട്ടിലങ്ങാടി ഗവ. യു.പിയിലും, അങ്ങാടിപ്പുറം പഞ്ചായത്ത് ശില്‍പശാല തരകന്‍ എച്ച്.എസ്.എസിലും, മൂര്‍ക്കനാട് പഞ്ചായത്ത് ശില്‍പശാല വെങ്ങാട് എ.യു.പിയിലും നടക്കും.
യു.പി, ഹൈസ്‌കൂള്‍തല പരിശീലനത്തില്‍ മികവു തെളിയിക്കുന്നവര്‍ക്കായി നവംബര്‍ ആദ്യ വാരം ഉപജില്ലാ തലത്തില്‍ ക്യാംപ് നടക്കും. തുടര്‍ന്നു ജില്ലാ സംസ്ഥാന ക്യാമ്പുകളുമുണ്ടാകും.
യു.പി വിഭാഗത്തിനു ചിത്ര രചന, കഥാ രചന, കവിതാ രചന, നാടന്‍പാട്ട്, കാവ്യാലപനം, അഭിനയം എന്നിവയിലും ഹൈസ്‌കൂള്‍ വിഭാഗത്തിനു അഭിനയം, ചിത്രരചന, പുസ്തകാസ്വാദനക്കുറിപ്പ്, കഥാരചന, കവിതാരചന, കാവ്യാലപനം, നാടന്‍ പാട്ട് എന്നിവയിലുമാണ് ക്യാംപുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."