സ്കൂട്ടര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടം: പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
കഠിനംകുളം: പതിനേഴുകാരന് ഓടിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കടത്തിണ്ണയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കരിച്ചാറ അഞ്ചേക്കര്‍ പുത്തന്‍ വീട്ടില്‍ സുകുമാരന്‍ (65) മരിച്ചു.
ഒപ്പം പരുക്കേറ്റ കരിച്ചാറ തോപ്പില്‍വീട്ടില്‍ സുരേഷ്കുമാറിന്റെ ഭാര്യ പ്രസന്ന (50), കരിച്ചാറ പള്ളിക്ക് സമീപം റോസ് കോട്ടേജില്‍ താമസിക്കുന്ന നൗഷാദ് (65) എന്നിവര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പ്രസന്ന അപകടനില തരണം ചെയ്തിട്ടില്ല.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കരിച്ചാറ പള്ളിക്ക് സമീപത്തെ സലീമിന്റെ കടയ്ക്ക് മുന്നിലായിരുന്നു അപകടം. കരിച്ചാറ അപ്പോളാ കോളനി സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. കണിയാപുരത്ത് നിന്ന് അമിതവേഗതയില്‍ വന്ന സ്കൂട്ടര്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രസന്നയെയും സ്ഥലത്തുണ്ടായിരുന്ന നൗഷാദിനെയും ഇടിച്ച് വീഴ്ത്തിയ ശേഷം കടവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന സുകുമാരന്റെ ദേഹത്തിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കടയ്ക്ക് മുന്നിലെ മതില് ഭിത്തിയും തകര്‍ന്നു.
സ്കൂട്ടര്‍ യാത്രകാരനായ യുവാവിന് നിസ്സാരപരുക്കേയുള്ളു. സുകുമാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചൂരല്പണിക്കാരന്നാണ്. രത്നമ്മയാണ് ഭാര്യ, മക്കള്‍: ബിജു, ബിനു, ഷിബു, ഷിജി. മരുമക്കള്‍: ശോഭ, സൗമ്യ, സന്ധ്യ, സുമി സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."