വേട്ടയാടിപ്പിടിച്ച കുറുക്കന് തോലുമായി തമിഴ്നാട് സ്വദേശി പിടിയില്‍
കുമളി: വേട്ടയാടിപ്പിടിച്ച കുറുക്കന്റെ തോലുകളുമായി തമിഴ്നാട് സ്വദേശി വനപാലകരുടെ പിടിയിലായി. തമിഴ്നാട് തേനി ജില്ലയിലെ ഊഞ്ചാം പെട്ടി തെന്നല്‍ നഗറില്‍ നരി കുറവ് കോളനിയില്‍ വിജയകുമാര്‍ (43) ആണു പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ചെറുതും വലുതുമായ കുറുക്കന്റെ 14 തോലുകളാണു വനപാലകര്‍ കണ്ടെടുത്തത്.
പച്ചക്കറി നിറച്ച രണ്ടു ചാക്കുകള്ക്കുള്ളിലാക്കിയാണു തോലുകളുമായി വിജയകുമാര്‍ തമിഴ്നാട് ബസില്‍ സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
തമിഴ്നാട് വനമേഖലയില്‍ നിന്നും കുരുക്കിട്ട് പിടിച്ച കുറുക്കന്മാരുടെ തോലുകളാണിവയെന്ന് വിജയകുമാര്‍ മൊഴി നല്കി. പൂജകളും മറ്റും നടത്തുന്നതിന് വില്‍പ്പന നടത്താനാണ് തോലുകള്‍ കൊണ്ടുവന്നതെന്നും കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്നും വനപാലകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."