പഞ്ചവാദ്യ പഠനകേന്ദ്രം; ഒരു ഗ്രാമത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു പി.കെ ബിജു എം.പി ഫണ്ടനുവദിച്ചു
കുന്നംകുളം: അവഗണനകളെ അതിജീവിച്ച വാദ്യകലാകാരന്‍ കല്ലുപുറം വടക്കൂട്ട് താമി ആശാന്റെ സ്മരണക്കായി കടവല്ലൂര്‍ ഗവ.സ്‌കൂളില്‍ പഞ്ചവാദ്യ പഠന കേന്ദ്രം നിര്‍മിക്കണമെന്ന ഒരു ഗ്രാമത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. ആശാന്റെ സ്മരണ നിലനിര്‍ത്തുന്നതിന് ഉചിതമായ സ്മാരകം കടവല്ലൂരില്‍ വേണമെന്ന് വാദ്യകലാ സ്‌നേഹികളും, നാട്ടുകാരും ഏറെ ആഗ്രഹിച്ചിരുന്നു. കടവല്ലൂരിന്റെ പഞ്ചവാദ്യപ്പെരുമ പ്രശസ്തിയുടെ നിറവിലേക്കുയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താമി ആശാന്റെ കഠിനാധ്വാനത്തിനും, ആത്മാര്‍ഥതക്കും അര്‍ഹിച്ച അംഗീകാരം കൂടിയായിരിക്കും അദ്ദേഹത്തിന്റെ സ്മരണക്കായി നിര്‍മിക്കുന്ന പഞ്ചവാദ്യ പഠന കേന്ദ്രം.
ദളിത് വിഭാഗത്തില്‍ നിന്നും വന്ന മികച്ച വാദ്യ കലാകാരന്‍ എന്നതിലുപരി സമൂഹത്തിലെ യാഥാസ്തിക വിഭാഗത്തില്‍ നിന്നും ഉയര്‍ന്നിരുന്ന എതിര്‍പ്പുകളും, അദൃശ്യ വിലക്കുകളും സ്വന്തം കഴിവും, ആത്മവിശ്വാസവും കൊണ്ട് മറികടന്ന വ്യക്തിത്വത്തിനുടമ കൂടിയാണ് താമിയാശാന്‍. സ്‌കൂള്‍ വിദ്യാഭ്യാസം മുതലേ വാദ്യപഠനം തുടങ്ങിയ അദ്ദേഹം 1982ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. താമി ആശാന്റെ നേതൃത്വത്തില്‍ 1999 ലാണ് കടവല്ലൂര്‍ ഗവ.ഹൈസ്‌കൂളില്‍
പഞ്ചവാദ്യ സംഘം രൂപം കൊളളുന്നത്. അതേ വര്‍ഷം തന്നെ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ന്നുളള നാല് വര്‍ഷവും ജേതാക്കളാവുകയും ചെയ്തു. കഠിന പരിശ്രമത്തിലൂടെ പകര്‍ന്ന് കിട്ടിയ അറിവുകള്‍ ലളിത രുപേണെ പുതു തലമുറക്ക്
കൈമാറുന്നതിലെ താമി ആശാന്റെ വൈദഗ്ധ്യമാണ് കടവല്ലൂര്‍ സ്‌കൂളിലെ പഞ്ചവാദ്യസംഘത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചതെന്ന വസ്തുത ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്. വാദ്യകലാ രംഗത്തെ നിരവധി പുരസ്‌കാരങ്ങളും താമി ആശാനെ തേടിയെത്തിയിട്ടുണ്ട്. വാദ്യകലാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനോടൊപ്പം ജനപ്രതിനിധിയെന്ന നിലയില്‍ കടവല്ലൂര്‍ ഗ്രാമപഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1940ല്‍ ചേന്ദന്റേയും, നീലയുടേയും മകനായി ജനിച്ച താമി ആശാന്‍ കഴിഞ്ഞ ജൂലൈ മാസത്തിലാണ് മരണമടഞ്ഞത്.
താമി ആശാന്റെ സ്മരണക്കായുളള പഞ്ചവാദ്യ പഠന കേന്ദ്രത്തിന്റെ നിര്‍മാണത്തിനാവശ്യമായ പത്ത് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതിനകം അനുവദിച്ചതായും, കത്ത് ആസൂത്രണ വകുപ്പധികൃതര്‍ക്ക് കൈമാറിയതായും പി.കെ ബിജു.എം.പി അറിയിച്ചു. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വാദ്യ പരിശീലനത്തിനും, പഠനത്തിനും കൂടുതല്‍ സൗകര്യം കടവല്ലൂര്‍ സ്‌കൂളില്‍ ലഭ്യമാകും.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ഗുജറാത്തിലും, ആന്ധ്രയിലും സവര്‍ണ വിഭാഗങ്ങളും, വര്‍ഗീയ-സാമൂഹ്യ വിരുദ്ധ ശക്തികളും കൂട്ടുചേര്‍ന്ന് ഭരണകൂടത്തിന്റെ പിന്തുണയോടെ ദളിതരെ ഒന്നടങ്കം ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന പുതിയ കാലഘട്ടത്തില്‍ അതേ വിഭാഗത്തില്‍ നിന്നുളള കലാകാരന് സ്മാരകം നിര്‍മിച്ച് മാതൃകയാവുകയാണ് കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."