കുരിക്കള്‍ നഗര്‍: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്
ഈരാറ്റുപേട്ട: കുരിക്കള്‍ നഗര്‍ നശിപ്പിച്ച് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതികളിലൊരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത പൊലിസ് നടപടി നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ.
പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഭരണകക്ഷിയിലെ ഉന്നതരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പൊലിസിന്റെ നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
കുരിക്കള്‍ നഗര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നഗരത്തില്‍ സംഘടിപ്പിച്ച വമ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടയുടെ ബൃഹത്തായ ഒരു ചരിത്രസ്മാരകമാണു പാതിരാത്രിയില്‍ തകര്‍ക്കപ്പെട്ടത്.
സംസ്‌കാരവും പൗരബോധവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ദുഷ്ട മനസുകള്‍ക്കേ ഈ കൊടുംപാതകം ചെയ്യാന്‍ സാധിക്കൂ.
സ്മാരകങ്ങള്‍ തകര്‍ത്ത് അതിനുപിന്നിലെ ചരിത്രത്തെയും രാഷ്ട്രീയത്തെയും ഇല്ലായ്മ ചെയ്യാമെന്നുള്ളത് ചിലരുടെ വ്യാമോഹമാണ്.
സപ്തകക്ഷി മന്ത്രിസഭയില്‍ തദ്ദേശഭരണവകുപ്പ് കൈകാര്യം ചെയ്ത അഹമ്മദ് കുരിക്കളുടെ നാമധേയത്തിലുള്ള സംസ്ഥാനത്തെ ശ്രദ്ധേയമായ ഒരു സ്മാരക മന്ദിരത്തെ തകര്‍ത്തിട്ട് വേണ്ട ഗൗരവത്തില്‍ പൊലിസ് കാണാത്തത് അത്ഭുതകരമാണ്.
പ്രതികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം അല്ലാത്ത പക്ഷം യു.ഡി.എഫിന്റെ സംസ്ഥാനനേതൃത്വം ഈ സമരത്തെ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകും- എം.എല്‍.എ പറഞ്ഞു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി.
ഈ സമരത്തില്‍ നിന്ന് യു.ഡി.എഫ് പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്നും കുരിക്കള്‍ നഗര്‍ യഥാസ്ഥാനത്ത് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വി പി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷരീഫ് , ജന ക്രെട്ടറി അസീസ് ബഡായില്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, അഡ്വ വി.എം മുഹമ്മദ് ഇല്യാസ്, നഗരസഭാ പ്രതിപക്ഷനേതാവ് വി.എം സിറാജ്, എം.പി സലിം, പി.എച്ച് നൗഷാദ്, വി.പി മജീദ്, നിസാര്‍ കുര്‍ബാനി, മാഹിന്‍ തലപ്പള്ളി, മന്‍സൂര്‍ വട്ടക്കയം, അഡ്വ. വി.പി നാസര്‍, എന്നിവര്‍ സംസാരിച്ചു. വി.എച്ച് നാസര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."