എങ്ങനെയും ജയിക്കണം: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും
കൊച്ചി: എങ്ങനെ ജയിക്കാം. എങ്ങനെയും ജയിക്കണം. ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ രണ്ടാം ഹോം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ നേരിടാന്‍ ഇന്നു വൈകിട്ട് ഏഴിനു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു മതാനത്തെ പുല്‍ത്തകിടിയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെയും ടീ മാനേജ്‌മെന്റിന്റെയും ചങ്കിടിപ്പേറുകയാണ്. ഉദ്ഘാടന പോരാട്ടത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനോടും ആദ്യം ഹോം മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും തോറ്റതിന്റെ ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. കൊല്‍ക്കത്തയേക്കാള്‍ മികച്ച ടീമായി മാറിയ ഡല്‍ഹിയെ നേരിടുക അവസാന സ്ഥാനക്കാരായ മഞ്ഞപ്പടയ്ക്ക് കനത്ത വെല്ലുവിളി തന്നെയാണ്. ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാത്ത ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുന്നില്‍ ഇന്നു കൊമ്പന്‍മാര്‍ക്ക് ജയിച്ചേ മതിയാവൂ. അതിനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലായിരുന്നു പരിശീലകന്‍ സ്റ്റീവ് കോപ്പല്‍.
നോര്‍ത്ത് ഈസ്റ്റിനു മുന്നില്‍ പരാജയം നേരിട്ട ടീമിനെ മൊത്തത്തില്‍ അഴിച്ചു പണിതാണ് കോപ്പല്‍ അത്‌ലറ്റിക്കോയ്‌ക്കെതിരേ കളത്തിലിറക്കിയത്. ആറു മാറ്റങ്ങള്‍ വരുത്തിയിട്ടും കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 1-0 പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. വടക്കുകിഴക്കന്‍മാരെ നേരിട്ടതിനെക്കാള്‍ ബ്ലാസ്റ്റേഴ്‌സ് ടീം കളിക്കളത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തി എന്നതു മാത്രമാണ് ഏക നേട്ടം. എങ്കിലും മധ്യനിരയും മുന്നേറ്റ നിരയും തമ്മില്‍ രണ്ടു മത്സരങ്ങളിലും ഒത്തൊരുമയോടെ കളിക്കാനായിട്ടില്ല.
പന്ത് കൈവശം വെച്ചു കളിക്കുന്നതില്‍ ഏറെ മുന്നോട്ടു പോകാനായെങ്കിലും സ്‌കോര്‍ നേടുന്നതിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. കളി മെനയേണ്ട മധ്യനിരയുടെ ഇണക്കമില്ലായ്മയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന പോരായ്മ. നിലവിലെ കളി ശൈലിയുമായി ഏറെയൊന്നും മുന്നോട്ടു പോകാന്‍ ടീമനാകില്ലെന്നുറപ്പ്. അഴിച്ചു പണി നടത്തിയെങ്കിലും പ്രതിരോധം നാഥനില്ലാ കളരി തന്നെയാണ്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനായി കളിക്കാന്‍ മടങ്ങിയതോടെ പ്രതിരോധം പാളി. പ്രതിരോധത്തെ നയിക്കാന്‍ പ്ലേ മേക്കര്‍ ഹോസു കുരിയാസ് എത്തിയെങ്കിലും മറ്റു താരങ്ങളില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തത് തിരിച്ചടിയായി. ഒറ്റയാന്‍ പോരാട്ടത്തിലൂടെ വിങുകളിലൂടെ മികച്ച മുന്നേറ്റങ്ങള്‍ ഹോസു സൃഷ്്ടിക്കുന്നുണ്ടെങ്കിലും പിന്തുണ കിട്ടാത്തത് ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കുകയാണ്. മുന്നേറ്റ നിരയില്‍ അന്റോണിയോ ജര്‍മെയ്‌നും ഹെയ്തി താരം ഡക്കന്‍ നാസനും ആക്രണമത്തിന് ചുക്കാനേന്തുന്നുണ്ടെങ്കിലും ജര്‍മെയ്‌ന് കാര്യമായി തിളങ്ങാനായില്ല.
ഗ്രഹാം സ്റ്റാകിനെ പുറത്തിരുത്തി സന്ദീപ് നന്ദി ഗോള്‍ കീപ്പറായി ഇറങ്ങിയാല്‍ സ്‌ട്രൈക്കറുടെ റോളില്‍ ഹെയ്തി താരം ബെല്‍ഫോര്‍ട്ട് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ റിനോ ആന്റോയുടെയും മിഡ്ഫീല്‍ഡറായ സി.കെ വിനീതിന്റെയും അഭാവം ബ്ലാസ്റ്റേഴ്‌സിനെ കുഴക്കുന്നുണ്ട്. ഡല്‍ഹിക്കെതിരേയും കോപ്പല്‍ ആദ്യ ഇലവനെ അഴിച്ചു പണിയാനുള്ള ഒരുക്കത്തിലാണ്. എന്തു വിലകൊടുത്തും വിജയിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. ഒരു വിജയത്തില്‍ കുറഞ്ഞതൊന്നും തൃപ്തികമാകില്ലെന്നതു കോപ്പലിന്റെയും താരങ്ങളുടെയും സമ്മര്‍ദ്ദം ഏറ്റുകയാണ്. ആദ്യ സീസണില്‍ അഞ്ചാം മത്സരം മുതലാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചു തുടങ്ങിയതും ഫൈനല്‍ ബര്‍ത്ത് നേടിയതും. അത് ഇത്തവണയും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."