പാഠ്യപദ്ധതി മതേതരമല്ലെന്ന പരാതിയില്‍ പീസ് സ്‌കൂളിനെതിരേ പൊലിസ് കേസെടുത്തു
കൊച്ചി: സ്‌കൂള്‍ പാഠ്യപദ്ധതി മതേതര വിരുദ്ധമാണെന്ന പരാതിയില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.ബി.എസ്.ഇ അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്‌കൂളിന്റെ പാഠ്യപദ്ധതിയില്‍ മതനിരപേക്ഷതയ്ക്ക് എതിരായ വിഷയങ്ങളുണ്ടെന്നും ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിനും ഡയറക്ടര്‍മാര്‍ക്കുമെതിരേയാണ് കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പിച്ചത്.
മതസ്പര്‍ധ വളര്‍ത്തുന്നതിന് ചുമത്തുന്ന കുറ്റത്തിനുള്ള 153 (എ) വകുപ്പാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ ചുമത്തിയിരിക്കുന്നത്.
2009 ല്‍ ആരംഭിച്ച സ്‌കൂളിന് ഇപ്പോഴും സി.ബി.എസ്.ഇ അംഗീകാരം ലഭിച്ചിട്ടില്ലെന്നും നിലവിലുള്ള വിദ്യാഭ്യാസ നിയമത്തിന് വിരുദ്ധവും ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് സ്‌കൂളിന്റെ പ്രവര്‍ത്തനരീതിയെന്നും പൊലിസ് നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ വിദ്യാഭ്യാസ ഓഫിസര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളം നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല. ആക്ഷേപങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതേയുള്ളുവെന്നും ഇക്കാര്യത്തില്‍ അന്വേഷത്തിന് മുന്‍പ് നിഗമനങ്ങളില്‍ എത്താന്‍ കഴിയില്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയഞ്ഞു.
തീവ്രവാദ ബന്ധം ആരോപിച്ച് പിടിയിലായ ചിലര്‍ക്ക് പീസ് സ്‌കൂളുമായും അനുബന്ധ സംഘടനകളുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സ്‌കൂളിലെ പാഠ്യപദ്ധതിയെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ പൊലിസ് ഡി.ഇ.ഒ യോട് ആവശ്യപ്പെട്ടത്. ഐ.എസ് ബന്ധം ആരോപിക്കപ്പെടുന്ന മറിയം എന്ന മെറിന്‍ ജോസഫ് പീസ് സ്‌കൂളില്‍ അധ്യാപികയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
എന്നാല്‍ അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന് പീസ് സ്‌കൂള്‍ സ്ഥാപകന്‍ എം.എം അക്ബര്‍ പറഞ്ഞു. ഐ.എസ് ബന്ധം ആരോപിക്കുന്ന മെറിന്‍ പീസ് സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് എത്തിയിരുന്നെങ്കിലും സ്‌കൂളില്‍ ജോലിക്കെടുത്തിരുന്നില്ല. അതേസമയം, സ്‌കൂളില്‍ മറ്റു പാഠ്യ വിഷയങ്ങള്‍ക്കൊപ്പം മതവിഷയവും പഠിപ്പിക്കുന്നുണ്ടെന്ന് എം.എം അക്ബര്‍ പറഞ്ഞു. അത് മതനിരപേക്ഷതയ്ക്ക് എതിരല്ല.
സ്‌കൂളിലെ അന്‍പത് ശതമാനത്തില്‍ ഏറെയും അധ്യാപകര്‍ അമുസ്‌ലിംകളാണ്. വിവിധ സമുദായത്തില്‍ പെട്ട വിദ്യാര്‍ഥികളും സ്‌കൂളില്‍ പഠനം നടത്തുന്നുണ്ട്.
സ്‌കൂളിന് സി.ബി.എസ്.ഇ അംഗീകാരത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണെന്നും നിയമവിധേയമായ പ്രവര്‍ത്തനം മാത്രമാണ് തങ്ങള്‍ നടത്തുന്നുതെന്നും അല്ലാതെയുള്ള പ്രവര്‍ത്തനങ്ങളെ നിശിതമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."