കരയുന്ന കാവേരി
സംസ്‌കാരങ്ങളെ വാരിപ്പുണര്‍ന്ന് ചിരിച്ചുതുള്ളി കുതിച്ചൊഴുകിയിരുന്ന കാവേരി. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളില്‍ ഒന്നായിരുന്നു ഇവള്‍. ചിലപ്പോള്‍ നിറഞ്ഞും ചിലപ്പോള്‍ മെലിഞ്ഞും ഒരു കുറുമ്പുകാരിയെപ്പോലെ ചരിത്രത്തിനു മുന്‍പേ പാഞ്ഞവള്‍.
ഇന്നവള്‍ക്ക് കണ്ണീര്‍ പോലും വറ്റിയിരിക്കുന്നു. എന്നിട്ടും അവസാന ശ്വാസം നിലയ്ക്കാറാവുമ്പോഴും കഴുത്തില്‍ കുത്തിപ്പിടിക്കുന്നവനും അങ്ങകലെ മഞ്ഞുമൂടിയ മലനിരകളില്‍ നിന്ന് കുടിനീരു പകരുന്നു.
സമ്പുഷ്ടിയും സമൃദ്ധിയും കൊണ്ട് ജീവജലം നല്‍കി എത്രയെത്ര തലമുറകളെയാണവള്‍ നട്ടു വളര്‍ത്തിയത്. എന്നിട്ടും കുടിനീരു നല്‍കിയവരും കൂടെപ്പിറപ്പിനെപ്പോലെ കൂടെ നില്‍ക്കേണ്ടവരും തിരിഞ്ഞു കുത്തുന്നു. ഒഴുകിപ്പരന്ന തീരവും അധിവസിച്ച മനുഷ്യരും വാളെടുക്കുന്നു. ആദ്യഭാഗത്തെ തീരങ്ങളിലുള്ളവര്‍ ആരംഭത്തിലെ ആര്‍ത്തിമൂത്താണ് കൂടുതല്‍ ജലസമൃദ്ധി ഉപയോഗിച്ചത്. അതോടെ പ്രദേശങ്ങളില്‍ ജലം കിട്ടാക്കനിയായി. ദുരിതങ്ങള്‍ പിന്നാലെ വന്നു. പരാതിയും പരിഭവങ്ങളുമായി. വാദങ്ങളും മറുവാദങ്ങളും ഉണ്ടായി. ആ കഥകള്‍ക്ക് ഏറെ പഴക്കമുണ്ട്. രണ്ടു സംസ്ഥാനങ്ങളാണ് ഇരുവശത്തു നിന്ന് ഇപ്പോഴും ഗോഗോ വിളിക്കുന്നത്. മരണശയ്യയിലുള്ള കാവേരിയും കേള്‍ക്കുന്നുണ്ടാവില്ലേ ഈ പോര്‍വിളികള്‍.?
കാവേരി പീഠഭൂമി ഫലഭൂയിഷ്ടമാക്കിയിരുന്ന കുളങ്ങളെയും തടാകങ്ങളെയും പരിപോഷിപ്പിച്ചിരുന്നത് കാവേരിയായിരുന്നു. എന്നാല്‍ വികസനത്തിന്റെ പേരില്‍ അവയൊക്കെ നികത്തപ്പെട്ടു. കാവേരിയെ ദുഷ്ടലാക്കോടെ മനുഷ്യന്‍ നോക്കിക്കണ്ടു. പോഷകനദിയായ നൊയ്യല്‍ പോലും മലിനജലവാഹിനിയായ നീരുറവയായി. നാഗരിക വല്‍ക്കരണം സമ്പല്‍സമൃദ്ധമായ കാര്‍ഷിക ജീവിതത്തെ കടപുഴക്കി. തിരുപ്പൂരിലെ കിണറുകളെപ്പോലും നൊയ്യലിലെ ജലം മലീമസമാക്കി. ഭീകരമാണീ അനുഭവം. വിണ്ടുകീറിയ മണ്ണുമാത്രമായി കൃഷിയിടങ്ങള്‍. നൊയ്യല്‍ കാവേരിയില്‍ ചേരുന്ന നൊയ്യല്‍ ഗ്രാമത്തില്‍ ദുര്‍ഗന്ധം. ചത്തുപൊങ്ങുന്ന മീന്‍. നദിയുടെ മാറില്‍ തെളിയുന്ന മണല്‍.
ചരിത്രത്താളില്‍
പുരാണ കഥകളില്‍ നിന്നും വര്‍ത്തമാനകാലത്തേക്ക് വരുമ്പോള്‍ കാവേരിയെ നാം അറിയുന്നത് വൈവിധ്യ സംസ്‌കാരങ്ങളെ ഊട്ടിവളര്‍ത്തിയ പോറ്റമ്മയായാണ്. ഈ നദീതീരത്ത് രാജവംശങ്ങള്‍ പിറവിയെടുക്കുകയും കാവേരിയുടെ ഒഴുക്കിനനുസരിച്ച് സമുദ്രത്തിനുമപ്പുറത്ത് തങ്ങളുടെ കീര്‍ത്തി വിളംബരം ചെയ്യുകയും ചെയ്തു.
തമിഴ് ഇതിഹാസ കാവ്യങ്ങളായ മണിമേഖലൈയിലും ചിലപ്പതികാരത്തിലും കാവേരിയുടെ സൗന്ദര്യം വര്‍ണിക്കപ്പെട്ടു. ആഴ് വാറെന്ന വൈഷ്ണവ സന്യാസി സമൂഹത്തിലും ശൈവ സന്യാസികളായ നായന്‍മാരും ശ്ലോകങ്ങളില്‍ കാവേരിയെ വാഴ്ത്തി. തമിഴ് സംസ്‌കാരത്തിന്റെയും കന്നഡ സംസ്‌കാരത്തിന്റെയും തായ്‌വഴികളായി കാവേരി. സംഗീതവും സല്ലാപവും കവിതകളും നൃത്തശില്‍പങ്ങളും ആരാധനകളും വിജ്ഞാനവും കാവേരിയുടെ തീരത്ത് സമഞ്ജസമായി സമ്മേളിച്ചു.
കൂര്‍ഗിലെ ബ്രഹ്മഗിരി കുന്നിന്‍ നെറുകയില്‍ ഉത്ഭവിച്ച് മൈസൂരു പീഠഭൂമികള്‍ പിന്നിട്ട് തമിഴ് മലനിരകളില്‍ ജീവവായു പകര്‍ന്ന് അഖണ്ഡ കാവേരിയായി വിരാജിച്ച് അനുസ്യൂതം കൈവഴികളായി പരിണമിച്ച് ബംഗാള്‍ ഉള്‍ക്കടലിന്റെ മടിത്തട്ടിലേക്ക് ഊര്‍ന്നിറങ്ങുന്നു, അവള്‍, കാവേരി.
ബാക്കിപത്രം
പൗരാണിക സങ്കല്‍പങ്ങളെ തൂത്തെറിയുന്നതാണ് ഇന്ന് ഒഴുക്കില്‍ കാവേരി അനുഭവിക്കുന്നത്. കാവേരി സംസ്‌കാരത്തെ പരിപോഷിപ്പിച്ചെന്നു വിളിച്ചിരുന്നവര്‍ ഇന്ന് ക്യുസെക്‌സിലും മറ്റു അളവുകളിലും കാണുന്നു. സംസ്‌കാരങ്ങളെ സമ്മേളിപ്പിച്ചവള്‍ പൊരുതുന്ന സമൂഹത്തെക്കണ്ട് വേദനിക്കുന്നു. തനിക്കുവേണ്ടി പരസ്പരം വാളോങ്ങുന്നവര്‍ ഒരിക്കല്‍പോലും തന്റെ സംരക്ഷകരായിരുന്നില്ലെന്നും അങ്ങനെ ആകില്ലെന്നും തിരിച്ചറിയുന്നു.
മറിച്ച്, തന്റെ രക്തം ഊറ്റിയെടുക്കാനായിരുന്നു മക്കള്‍ ശ്രമിച്ചിരുന്നതെന്നും കാവേരി അറിയുന്നു. ഊട്ടിവളര്‍ത്തിയ മക്കള്‍ തന്നെ അമ്മയുടെ മാറിടം പിളര്‍ത്തി മണല്‍ കോരി. ദ്രോഹിക്കാവുന്നതിലപ്പുറം മലീമസവും അശുദ്ധവുമാക്കി. സ്വാതന്ത്ര്യത്തെ ഒഴുക്കോളം ചിറകെട്ടി തടഞ്ഞു. ഇന്നു ഗതകാല സ്മരണകളുടെ ബാക്കിപത്രമായിരിക്കുന്നു.
തീരങ്ങളെ മലീമസമാക്കി വിരാജിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ അവഗണിച്ച് തീര്‍ഥാടക പുണ്യമായി കൂര്‍ഗിലെ തലക്കാവേരിയില്‍ നിന്നും പുറപ്പെടുന്ന കാവേരി ഇന്ന് പണ്ടത്തെ കമണ്ഡലുവിലെ കാവേരിയെപ്പോലെ മെലിഞ്ഞിരിക്കുന്നു. ഒരു ചെറു അരുവിയായി മലമുകളില്‍ ഉത്ഭവിച്ച് സോമനാഥപുര, ഭാഗമണ്ഡല, ശ്രീരംഗപട്ടണം എന്നിവിടങ്ങള്‍ പിന്നിട്ട് ശിവസമുദ്രത്തിലെത്തുന്നു. അവിടെനിന്നാണ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നത്.
നര്‍മദയിലേതുപോലെ കാവേരി പരിക്രമ ഈ നദിയില്‍ ഇല്ല. എന്നാല്‍ തമിഴ് സാഹിത്യകാരന്‍മാരായ ജാനകിരാമനും ചിറ്റിയും 1960ല്‍ അത്തരത്തില്‍ ഒരു പരിക്രമ സംഘടിപ്പിച്ചു. നദിയുടെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന അനശ്വര കാവേരിയെന്ന കൃതി പ്രസിദ്ധമാണ്.
കാവേരിയിലെ ഏറ്റവും പുരാതനമായ അണക്കെട്ട് ട്രിച്ചിയിലെ കല്ലനായി ആണ്. രണ്ടാം നൂറ്റാണ്ടില്‍ ചോളമണ്ഡലം സാമ്രാജ്യം ഭരിച്ചിരുന്ന കരികാല ചോളയാണ് ഇത് നിര്‍മിച്ചത്. ചോള സാമ്രാജ്യം വളര്‍ന്നത് ഈ നദീതീരത്താണ്. ഒന്‍പതാം നൂറ്റാണ്ടില്‍ രാജരാജ ചോളനും രാജേന്ദ്ര ചോളനും അതിന്റെ കീര്‍ത്തി വാനോളം ഉയര്‍ത്തി. സമ്പുഷ്ടിയും ഐശ്വര്യവും കാവേരി നല്‍കുമെന്ന് തിരിച്ചറിഞ്ഞ് നദിയെ അവര്‍ സംരക്ഷിച്ചു. കൈവഴികളിലൂടെ കൃഷിയിടങ്ങളില്‍ എത്തിച്ചു. അങ്ങനെ ചിദംബരവും തഞ്ചാവൂരും ശ്രീരംഗവും ദരശൂരവും ഗംഗൈകണ്ട ചോളപുരവും കുംഭകോണവും തിരുവാരൂരും ഒക്കെ ചരിത്രത്തില്‍ ഇടം നേടി.
വിദേശ രാജ്യങ്ങളുമായി കച്ചവടത്തിന് ചോളന്‍മാര്‍ തുറമുഖം നിര്‍മിച്ചത് പൂംപുഹാര്‍ എന്നറിയപ്പെടുന്ന കാവേരിപൂം പട്ടണത്തിലായിരുന്നു. ചിലപ്പതികാരത്തില്‍ ഏറെ വര്‍ണിച്ചിട്ടുള്ള ഈ തുറമുഖം ഇന്ന് കടലെടുത്തിരിക്കുന്നു. കാവേരി കടലില്‍ പതിക്കുന്ന പല ഭാഗത്തും വര്‍ഷത്തിന്റെ ഭൂരിഭാഗം സമയത്തും നടന്നു കടക്കാവുന്നത്ര വെള്ളമായി മാറിയിരിക്കുന്നു.
ഹിന്ദു സംസ്‌കാരത്തിനൊപ്പം തമിഴ്‌നാട്ടില്‍ ക്രൈസ്തവ മതത്തിന്റെ ആദ്യകാല കേന്ദ്രമായ വേളാംകണ്ണി, ട്രിച്ചിയിലെ ദേവാലയങ്ങള്‍ എന്നിവയും നാഗൂറിലെ സൂഫി കേന്ദ്രവും തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. കാവേരി പീഠഭൂമി ജന്മം നല്‍കിയ സംഗീത ത്രയങ്ങള്‍ മാത്രംമതി യശസ് അറിയാന്‍. കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളായ തിരുവാരൂരിലെ ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രികളും കാവേരിയുടെ അനുഗ്രഹങ്ങളാണ്.
കാവേരിയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന് നദിക്കൊപ്പം ജീവിച്ച് ജീവന്‍ വെടിഞ്ഞ സംഗീത സമ്രാട്ടാണ് ത്യാഗരാജസ്വാമികള്‍. തിരുവയ്യാറിലായിരുന്നു ഇത്.
വസ്ത്രവ്യാപാരവും ഓട്, ചെമ്പ് എന്നിവകൊണ്ടുള്ള കരകൗശല ഉല്‍പന്ന നിര്‍മാണവും വീണ നിര്‍മാണവും ഇവിടെ തഴച്ചുവളര്‍ന്നു. ഇന്നും അതങ്ങനെ നിലനില്‍ക്കുന്നു.
എന്നാല്‍ ഇതിനെയൊക്കെ താലോലിച്ച കാവേരി ഇന്നു നരമാന്തുന്ന ഒരു മുത്തശ്ശി ആയിരിക്കുന്നു. അവള്‍ ഒരുപക്ഷേ അഗസ്ത്യന്റെ കമണ്ഡലുവിലേക്ക് മടങ്ങാനൊരുങ്ങുകയാവും.
പുരാണങ്ങളില്‍
ചാലുകള്‍പോലെ കഥകള്‍ ഒഴുകിയിരുന്ന കാലത്തിലേക്ക് തിരിച്ചുപോകാം. അന്നു ജീവിച്ചിരുന്ന ഒരു ഋഷി ഉണ്ടായിരുന്നു. കാവേര എന്നു പേര്. അദ്ദേഹത്തിന്റെ സുന്ദരിയായ മകളാണ് കാവേരിയെന്ന ലോപമുദ്ര. അവള്‍ അഗസ്ത്യ മുനിയെ പാണിഗ്രഹണം ചെയ്തു. അഗസ്ത്യ മുനി അവളെ തന്റെ കമണ്ഡലുവില്‍ സൂക്ഷിച്ചു. ഒരിക്കല്‍ ഈ സ്ഥലം പട്ടിണികൊണ്ടു പൊരിഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികളില്‍ ഒരാളായ ബ്രഹ്മാവ് ഒരു കാക്കയുടെ വേഷം ധരിച്ചെത്തി ഈ കമണ്ഡലു മറിച്ചിട്ടു. ഈ കമണ്ഡലുവില്‍ നിന്നും കാവേരി പുറത്തേക്കു കുതിച്ചു. അത് ഒരു നദിയായി രൂപപ്പെട്ടു ജനങ്ങള്‍ക്ക് സുകൃതം നല്‍കുകയും ചെയ്തു.
അതേസമയം സ്‌കന്ദപുരാണത്തിലും അഗ്നിപുരാണത്തിലും ഈ കഥയ്ക്കു അല്‍പസ്വല്‍പ വ്യത്യാസങ്ങളുണ്ട്. ചില കഥകളില്‍ കാവേര രാജാവാണെന്നും ലോപമുദ്ര ത്രിമൂര്‍ത്തികളില്‍ വിഷ്ണുവിന്റെ മായയാണെന്നും പറയുന്നു. എന്നാല്‍ എല്ലാത്തിലും ഒന്നുപോലെ കാവേരിയുടെ മഹിമ എടുത്തുപറയുന്നു. ഐശ്വര്യവും സമൃദ്ധിയും നല്‍കുന്ന ദേവതയായി കാവേരി ചിത്രീകരിക്കപ്പെട്ടു. സപ്തനദികളെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ കാവേരിയും അതില്‍ അലംകൃതമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."