കൗതുക കാഴ്ചയൊരുക്കി ഹെറിറ്റേജ് വാഹന പ്രദര്‍ശനം
കൊച്ചി: കൗതുക കാഴ്ച്ചയൊരുക്കി കൊച്ചിയിലെ ഹെറിറ്റേജ് വാഹന പ്രദര്‍ശനം. പഴയകാലത്ത് നിരത്തുകളിലെ രാജാക്കന്‍മാരായിരുന്നവര്‍ പ്രൗഡി ചോരാതെ പ്രദശനത്തിനെത്തിയപ്പോള്‍ കാണികള്‍ക്കും ഉത്സവക്കാഴ്ച്ചയായി. നിരത്തുകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും കാഴ്ചയിലെ ആഡംബരത്തിനും ഈ അപ്പൂപ്പന്‍മാര്‍ ഒട്ടും പിന്നിലായില്ല.
കൊച്ചിന്‍ വിന്റേജ് ക്ലബിന്റെ നേതൃത്വത്തില്‍ ദര്‍ജാര്‍ ഹാള്‍ ഗ്രൗണ്ടിലായിരുന്നു പ്രദര്‍ശനം. 1919 മുതലുള്ള കാറുകള്‍ പ്രദര്‍ശനത്തിനുണ്ട്. 1919 മോഡല്‍ ഫിയറ്റാണ് കാരണവര്‍. തൊട്ടുപിന്നിലായി 1928 മോഡല്‍ ഫോര്‍ഡുമുണ്ട്. 1951 മോഡല്‍ മഛ്‌ലിസാണ് ബൈക്കുകളുടെ മുത്തച്ഛന്‍. മേഴ്‌സീഡിസ് ബെന്‍സിന്റെ പഴയകാല മോഡലുകളുമുണ്ട്. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ അംബാസിഡറാണ് ഇന്ത്യന്‍ സാന്നിധ്യം.
റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ മോഡല്‍ ബൈക്കുകളും സൈക്കിളില്‍ നിന്ന് ബൈക്കിലേക്കുള്ള പരിണാമകാലത്തെ ഇരുചക്രവാഹനങ്ങളും മേളയുടെ ആകര്‍ഷണമാണ്. സൈക്കിള്‍ നിര്‍മാതാക്കളായ ബി.എസ്.എയുടെ ബൈക്കും മേളയിലുണ്ട്.
ഹോണ്ടയുടെ കുഞ്ഞന്‍ സ്‌കൂട്ടര്‍, സൈക്കിളാണോ ബൈക്കാണോ എന്ന് ആശയക്കുഴപ്പമുണ്ടാക്കുന്ന വാഹനങ്ങളുമുണ്ട്.
70-80 വര്‍ഷം പഴക്കമുള്ളവയാണ് ഭൂരിപക്ഷം വാഹനങ്ങളും. 60 കാറുകളും 50 ബൈക്കുകളുമാണ് പ്രദര്‍ശനത്തിലുള്ളത്. എറണാകുളം ജില്ലയില്‍ നിന്ന് തന്നെയാണ് ഭൂരിഭാഗവും. എല്ലാ വാഹനങ്ങളും ഇപ്പോഴും റണ്ണിങ്ങ് കണ്ടിഷനാണെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കാറുകളുടെ പ്രദര്‍ശനം ഒരുക്കുന്നത്.
രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രദര്‍ശനം. ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."