വന്യജീവി ശല്യം; റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ എണ്ണം വര്‍ധിപ്പിച്ചു: മന്ത്രി
തൊടുപുഴ: ജനവാസ മേഖലയില്‍ വന്യജീവികളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ എണ്ണം വര്‍ധിപ്പിച്ചതായി വനം മന്ത്രി കെ.രാജു. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തേക്കടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഏഴ് റാപ്പിഡ് ടീമുകളാണുള്ളത്. പെരിയാര്‍ സങ്കേതത്തില്‍ ഉള്‍പ്പെടെയുള്ള ജനവാസ മേഖലയിലാകും ടീമിന്റെ പ്രവര്‍ത്തന മേഖല. ജനവാസ മേഖലയില്‍ ഇറങ്ങിയ ശല്യക്കാരായ വന്യജീവിയെ മയക്കുവെടിവെക്കാനുള്ള തോക്ക്, ടീം അംഗങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം എന്നിവയുള്‍പ്പെടെയാണ് നല്‍കുക.
വനം വന്യജീവി സംരക്ഷണത്തിനായി വനാതിര്‍ത്തിയിലെ ജനവാസ മേഖലയിലെ ജനങ്ങളുമായി സഹകരിച്ച് കൂടുതല്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വന്യ ജീവി ശല്യം രൂക്ഷമായ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി മേഖലകളില്‍ എസ്.എം.എസ് സംവിധാനവും ഡിസ്പ്ലേ ബോര്‍ഡുകളും ഏര്‍പ്പെടുത്തും.
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി വനാതിര്‍ത്തികളില്‍ കിടങ്ങ് നിര്‍മിക്കുന്നതിനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ചടങ്ങില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."