പൈപ്പിലൂടെ ചെളിവെള്ളം; വെള്ളനാട് നിവാസികള്‍ ദുരിതത്തില്‍
നെടുമങ്ങാട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുലൈനിലൂടെ വീടുകളിലെത്തുന്നത് ചെളിവെള്ളമെന്ന് പരാതി.ശുദ്ധജലം ലഭിക്കാതെ വെള്ളനാട് നിവാസികള്‍ ദുരിതത്തിലാണ്.
വെള്ളം പമ്പ് ചെയ്യുന്നതിനു കുളക്കോട് ആറ്റുകാലില്‍ സ്ഥാപിച്ചിരിക്കുന്ന ഫില്‍ട്രേഷന്‍ കിണര്‍ വ്യത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ശുചീകരണം മുടങ്ങിയതോടെ ഫില്‍ട്രേഷന്‍ കിണറിനുള്ളില്‍ ചെളിനിറഞ്ഞു.ഈ ഫില്‍ട്രേഷന്‍ കിണറില്‍ നിന്നുമാണ് കുതിരകുളത്തേക്കും സമീപത്തെ കുളക്കോട്ടെയും പമ്പ് ഹൗസുകളില്‍ ജലമെത്തുന്നത്. ഈ പമ്പ് ഹൗസുകളില്‍ നിന്നാണ് വെള്ളനാട് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ള വിതരണം നടത്തുന്നത്.ഫില്‍ട്രേഷന്‍കിണര്‍ വ്യത്തിയാക്കുന്നതിന് എല്ലാ വര്‍ഷവും കരാര്‍ നടപടികള്‍ നടത്തുമെങ്കിലും പിന്നീട് ഫയലില്‍ ഒതുങ്ങുകയാണ് പതിവ്.
കുതിരകുളം,പുനലാല്‍, കടുവാക്കുഴി, പുതുമംഗലം എന്നിവിടങ്ങളിലും പൈപ്പുലൈനിലൂടെ ചെളിവെള്ളമാണ് എത്തുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഫില്‍ട്രേഷന്‍ കിണറിന് സമീപത്തേക്ക് ജലവിഭവ വകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ ആരെയും കടത്തിവിടാറുമില്ല.അതിനാല്‍ ഇതൊന്നും പുറം ലോകമറിയാറുമില്ല.
പഞ്ചായത്തില്‍ വീടുകളും പൊതുടാപ്പുകളും ഉള്‍പ്പെടെ മൂവായിരത്തോളം കണക്ഷനാണ് ഈ കുടിവെള്ള പദ്ധതിയിലുള്ളത്.പതിനായിരത്തിലധികം പേരാണ് ഈ ജലം കുടിവെള്ളമായി ഉപയോഗിക്കുന്നത്. എന്നിട്ടും ഫില്‍ട്രേഷന്‍ കിണര്‍ ശുചീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.എന്നാല്‍ ഗ്യാലറിയും ഫില്‍ട്രേഷന്‍ കിണറും ശുചീകരിക്കുന്നതിനായി എക്‌സിമേറ്റ് നല്കിയിട്ടുണ്ടെന്ന് ആര്യനാട് വാട്ടര്‍ അതോറിറ്റി അധിക്യതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."