കശുവണ്ടിയുടെ 'കൊല്ലം ബ്രാന്‍ഡ്' യാഥാര്‍ഥ്യമാക്കണം: വികസന സെമിനാര്‍
കൊല്ലം: കശുവണ്ടി മേഖലയുടെ വികസനത്തിന് കൊല്ലം ബ്രാന്‍ഡ് യാഥാര്‍ഥ്യമാക്കണമെന്ന് വികസന സെമിനാറില്‍ നിര്‍ദേശമുയര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ നൂറു ദിനം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കശുവണ്ടി വികസന കോര്‍പറേഷന്‍, കാപെക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണനല്ലൂര്‍ കോര്‍പറേഷന്‍ ഫാക്ടറിയില്‍ 'കശുവണ്ടി വ്യവസായം ഉണര്‍വിന്റെ കാലം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് കക്ഷിഭേദമെന്യേ ജനപ്രതിനിധികള്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത്.
ഈ മേഖലയില്‍ കൊല്ലത്തെ തൊഴിലാളികളുടെ വൈദഗ്ധ്യത്തിനൊപ്പമെത്താന്‍ മറ്റിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കഴിയില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. യന്ത്രവല്‍കരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉല്‍പാദിപ്പിക്കുന്ന കശുവണ്ടിപോലും നമ്മുടെ തൊഴിലാളികള്‍ ഒരുക്കിയെടുക്കുന്ന ഉല്‍പന്നത്തിനോളം മെച്ചപ്പെട്ടതല്ല. ഇത് പ്രയോജനപ്പെടുത്തി കശുവണ്ടിയുടെ കൊല്ലം ബ്രാന്‍ഡ് വികസിപ്പിക്കാന്‍ കഴിയണം. രാജ്യാന്തരതലത്തില്‍ വിപണനം നടത്തുന്നതിന് ബ്രാന്‍ഡിങ് അനിവാര്യമാണ്. ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡാര്‍ജിലിങ് തേയിലപോലെ കൊല്ലം ബ്രാന്‍ഡ് കശുവണ്ടി വിപണനം ചെയ്യുന്നതിന് വിപുലമായ പദ്ധതി തയാറാക്കണമെന്ന് കശുവണ്ടി വ്യവസായത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
വിപണിയിലെ മത്സരത്തില്‍ നിലനില്‍ക്കുന്നതിന് ഉല്‍പന്നത്തിന്റെ മേന്‍മയനുസരിച്ച് വില നിശ്ചയിക്കേണ്ടതുണ്ടെന്നും കശുവണ്ടി മേഖലയില്‍ കാലാനുസൃതമായ ആധുനികവല്‍കരണം അനിവാര്യമാണെന്നും കെ. സോമപ്രസാദ് എം.പി അഭിപ്രായപ്പെട്ടു.
സി.ഡി.സി കശുവണ്ടിയുടെ വിപണനത്തിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അറിയിച്ചു. ആഭ്യന്തര വിപണന സാധ്യതകള്‍ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള പരിശ്രമങ്ങള്‍ നടത്തുമെന്ന് കാപെക്‌സ് ചെയര്‍മാന്‍ കൊല്ലായില്‍ എസ് സുദേവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."